അപകടവും പരിഹാസങ്ങളും തളർത്തിയില്ല; ഉൾക്കരുത്തുകൊണ്ട് മോഡലായി യുവതി
സ്വന്തം ജീവിതംകൊണ്ട് അനേകര്‍ക്ക് പ്രചോദനമേകുന്നവരുണ്ട്. ജീവിതത്തിലെ വെല്ലുവിളികളെ ഉള്‍ക്കരുത്തുകൊണ്ട് തോല്പിച്ച അപൂര്‍വം ചിലര്‍. അക്കൂട്ടത്തില്‍ ഉള്ളതാണ് ജ്യൂ സ്നെല്‍ എന്ന യുവതിയും. ഒരു മോഡലായ ജ്യൂ സ്നെല്‍ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും വെല്ലുവിളികളും ചെറുതല്ല. പക്ഷെ അവയെ എല്ലാം അതീജിവിച്ച അവര്‍ ഇന്ന് കൈയടി നേടുന്ന മോഡലായി മാറിയിരിക്കുകയാണ്.
2015-ലാണ് വിധി ഈ പെണ്‍കരുത്തിന് മേലെ കരിനീഴല്‍ വീഴ്ത്തിയത്. ഒരു അപകടത്തില്‍ ജ്യൂ സ്നെല്ലിന്റെ ഇടതുകൈയുടെ പകുതി നഷ്ടമായി. എന്നാല്‍ ആ ദുരന്തം ഒരു മോഡലാകണമെന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകാന്‍ അവള് ആഗ്രഹിച്ചില്ല. അതുകൊണ്ടുതന്നെ അവസരങ്ങള്‍ക്കായി പരിശ്രമിച്ചു, കാത്തുനിന്നു.
ഒരിക്കല്‍ ഒരു ഫാഷന്‍ വീക്കിനു വേണ്ടിയുള്ള കാസ്റ്റിങ്ങില്‍ പങ്കെടുക്കാന്‍ ജ്യൂ സ്നെല്‍ എത്തി. രാജ്യാന്തര തലത്തില്‍ നടക്കുന്ന ഷോ ആയിരുന്നു അത്. എന്നാല്‍ കൈയുടെ അവസ്ഥ കണ്ട് മാനേജര്‍ മാറി നില്ക്കാന് ജ്യൂ സ്നെല്ലിനോട് ആവശ്യപ്പെട്ടു. നിരവധിപ്പേര്‍ ഉണ്ടായിരുന്ന അവിടെ നിന്നും ജ്യൂ സ്നെല്ലിന്റെ കൈ പിടിച്ചുയര്‍ത്തി ഒരാള്‍ വൈകല്യമുള്ളവരെ ഞങ്ങള്‍ക്ക് ആവശ്യമില്ല എന്ന് ഉച്ചത്തില്‍ പറഞ്ഞു.
Read also: ശാരീരിക പരിമിതികളെ മികവും ആത്മവിശ്വാസവും കൊണ്ട് കീഴടക്കി; എസ്.എസ്.എൽ.സി പരീക്ഷയെഴുതി ആസിം
ഒരുപക്ഷെ ആരുടേയും ഹൃദയം തകര്‍ന്നുപോയേക്കാവുന്ന നിമിഷം. പക്ഷെ അത്തരം ദുരനുഭവങ്ങളെയെല്ലാം മനക്കരുത്തുകൊണ്ട് ജ്യൂ സ്നെല്‍ അതിജീവിക്കുകയാണ്. ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സ്വയം ഒളിച്ചോടുന്നവര്‍ക്ക് മുന്പില് വേറിട്ട മാതൃകയാവുകയാണ് ഈ പെണ്‍കരുത്ത്.
Story highlights- Inspiratioanal Story of disabled model Jue snell