ശാരീരിക പരിമിതികളെ മികവും ആത്മവിശ്വാസവും കൊണ്ട് കീഴടക്കി; എസ്.എസ്.എൽ.സി പരീക്ഷയെഴുതി ആസിം

March 5, 2024

ശാരീരിക പരിമിതികളെ തോല്‍പിച്ച് പഠിക്കാനായി പോരാടിയ കോഴിക്കോട് വെള്ളമണ്ണ സ്വദേശി മുഹമ്മദ് ആസിമിനെ ആരും മറന്നുകാണില്ല. ഇപ്പോള്‍ എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുകയാണ് ഇരുകൈകളുമില്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച ആസിം. നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തുമായിട്ടാണ് ആസിം പത്താം ക്ലാസ് പരീക്ഷയ്ക്ക് എത്തിയത്. ( Physically challenged Asim Velimanna wrote the SSLC exam )

അറബി ഒന്നാംഭാഷയായി തെരഞ്ഞെടുത്ത ആസിം സ്‌ക്രൈബിന്റെ (സഹായി) സഹായത്തോടെയാണ് തിങ്കളാഴ്ച ആദ്യ പരീക്ഷയെഴുതിയത്. പരീക്ഷ എളുപ്പമായതിനാല്‍ തുടക്കം നന്നായെന്നും താന്‍ എസ്.എസ്.എല്‍.സി പാസാകുമെന്നാണ് ആസിമിന്റെ ആത്മവിശ്വാസത്തോടെയുള്ള പ്രതികരണം. പൂര്‍ണപിന്തുണയോടെ കൂടെ നില്‍ക്കുന്ന പിതാവ് സയ്യിദാണ് ആസിമിന്റെ കരുത്ത്. എസ്.എസ്.എല്‍.സിയും പ്ലസ് ടുവും പാസാകാണം, ഉപരി പഠനത്തിനായി വിദേശരാജ്യങ്ങളില്‍ പോകണം എന്നതാണ് ആസിമിന്റെ ആഗ്രഹം. എന്നാല്‍ ഭിന്നശേഷിക്കാരനായ ആസിമിന് മറ്റൊരാളുടെ സഹായം ആവശ്യമാണ്. അതുകൊണ്ടുതന്നെ ജോലി ഒഴിവാക്കിയാണ് പിതാവ് ആസിമിന്റെ കൂടെ സ്‌കൂളിലെത്തുന്നത്.

അധ്യാപകര്‍ക്കും ആസിമിനെക്കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ആസിം സ്‌കൂള്‍ ലീഡറായി എത്തിയതോടെ വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. എല്ലാ പൊതുപരിപാടികളിലും കുട്ടികളുടെ പ്രതിനിധിയായി ആസിം മുന്‍പന്തിയില്‍ തന്നെ ഉണ്ടാകാറുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. മോട്ടിവേഷണല്‍ സ്പീക്കറാകണം, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാകണം, എവറസ്റ്റിന്റെ നെറുകയിലെത്തണം.. അങ്ങനെ ആസിമിന് സ്വപ്‌നങ്ങള്‍ നിരവധിയാണ്..

Read Also : നേരിട്ടുകണ്ടു, സംസാരിച്ചു, പരിമിതികൾ മറന്ന് സഞ്ജുവിനെതിരെ പന്തെറിഞ്ഞ് 11-കാരൻ യാസീൻ..!

അകലെയുള്ള വിദ്യാലയത്തില്‍ പോയി പഠിക്കാന്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ വെല്ലുവിളിയായതോടെ, പഠിച്ചിരുന്ന വെളിമണ്ണ ജി.എം.എല്‍.പി. സ്‌കൂള്‍ യു.പി. സ്‌കൂളായി ഉയര്‍ത്തണമെന്ന് ആവശ്യവുമായി 2014-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കാലുകൊണ്ട് കത്തെഴുതിയതോടെയാണ് ആസിം ശ്രദ്ധേയനാകുന്നത്. ആസിമിന്റെ അഭ്യര്‍ഥന പരിഗണിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യത്തില്‍ സ്‌കൂളിന്റെ തലമുയര്‍ത്തി. കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരേയൊരു കുട്ടിയുടെ അഭ്യര്‍ഥന പരിഗണിച്ച് ഒരു പൊതുവിദ്യാലയത്തിന്റെ തലമുയര്‍ത്തപ്പെട്ടത്. പിന്നീട് ഇതേ വിദ്യാലയത്തെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പിന്നീട് വന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെ ആസിം സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഇതിനായി കഴിഞ്ഞ നാല് വര്‍ഷത്തോളമായി സമരം നടത്തുകയാണ് ആസിം.

Story highlights : Physically challenged Asim Velimanna wrote the SSLC exam