വീഞ്ഞ് പോലെ ആൻഡേഴ്സൺ; ടെസ്റ്റിൽ 700 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളർ..!
പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണ് വീഞ്ഞ്.. അതുപോലെ തന്നെയാണ് ജെയിംസ് ആന്ഡേഴ്സണ് എന്ന ഇംഗ്ലീഷ് പേസ് ബോളര്‍. പ്രായം 41 കടന്നിട്ടും തന്റെ പേസ് കരുത്തുമായി കളംവാഴുകയാണ് ജിമ്മി ആന്ഡേഴ്സണ്. ക്രിക്കറ്റില്‍ താരതമ്യേന ഏറ്റവും കൂടുല്‍ ശാരീരിക ക്ഷമത ആവശ്യമായ ഫാസ്റ്റ് ബോളിങ്ങില്‍ 21 വര്‍ഷമായി പന്തെറിയുന്ന ജിമ്മി ഓരോ റെക്കോഡുകളായി പിഴുതെറിഞ്ഞ് മുന്നേറുകയാണ്. ( James Anderson becomes first pacer to take 700 wickets )
ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജിമ്മി. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് തികച്ചിരിക്കുകയാണ് ആന്ഡേഴ്സണ്. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം. ധര്‍മശാലയില്‍ ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിന്റെ മൂന്നാം ദിനം കുല്‍ദീപ് യാദവിനെ പുറത്താക്കിയാണ് 41-കാരന് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
698 വിക്കറ്റ് വീഴ്ത്തിയാണ് ആന്ഡേഴ്സണ് ധര്‍മശാലയില്‍ എത്തിയത്. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് നേടി 699ല്‍ എത്തിയ ‘സ്വിങ് കിംഗ്’ കുല്‍ദീപ് യാദവിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെയാണ് റെക്കോഡ് നേട്ടത്തിലെത്തിയത്. ടെസ്റ്റില്‍ 700 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളര്‍ കൂടിയാണ് ആന്ഡേഴ്സണ്. സ്പിന്നര്‍മാരായ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും (800 വിക്കറ്റ്), ഓസ്ട്രേലിയയുടെ അന്തരിച്ച ഷെയ്ന് വോണുമാണ് (708 വിക്കറ്റ്) ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.
2003ല്‍ സിംബാബ്വെയ്ക്കെതിരെ ലോര്‍ഡ്സില്‍ അരങ്ങേറിയ ആന്ഡേഴ്സണ് ഇതുവരെ 187 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു താരം 150 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുക എന്നത് തന്നെ അപൂര്‍വമായ കാര്യമാണ്. അപ്പോഴാണ് ഒരു ഫാസ്റ്റ് ബോളര്‍ ഇത്രയും മത്സരങ്ങളില്‍ കളത്തിലിറങ്ങിയത്.. ആന്‍ഡേഴ്സണൊപ്പം കളത്തിലിറങ്ങിയവരും അതിന് ശേഷം അരങ്ങേറ്റം കുറിച്ചവരടക്കം കളി മതിയാക്കിയിട്ട് വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍ ഇപ്പോഴും ആ പേസ് മാന്ത്രിക കൈവിടാതെ ഇംഗ്ലണ്ടിന്റെ മുന്‍നിര ബോളറായി പന്തെറിയുകയാണ് ബേണ്ലിക്കാരാനായി ജിമ്മി.
രണ്ട് പതിറ്റാണ്ടിലധികമായി തുടരുന്ന കരിയറില്‍ 32 തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്നുതവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. 42 റണ്‍സ് വിട്ടുനല്‍കി ഏഴ് വിക്കറ്റെടുത്തതാണ് കരിയറിലെ മികച്ച പ്രകടനം. പല പ്രമുഖ താരങ്ങളും പണം വാരിയെറിയുന്ന ടി-20 ലീഗുകളിലേക്കും ഷോര്‍ട്ട് ഫോര്‍മാറ്റ് ക്രിക്കറ്റിലേക്കും കളം മാറ്റിയപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം തുടര്‍ന്നതാണ് ജിമ്മി ആന്‍ഡേഴ്സന്റെ വിജയം. 2009-ല്‍ ടി-20 ക്രിക്കറ്റിനോട് വിടപറഞ്ഞ ജിമ്മി 2015ന് ശേഷം ഒരു ഏകദിന മത്സരത്തിലും കളത്തിലിറങ്ങിയിട്ടില്ല.
Story highlights : James Anderson becomes first pacer to take 700 wickets