കണ്ടം ക്രിക്കറ്റ് കളിച്ചാലും കാര്യമുണ്ട്; സ്ട്രീറ്റ് ക്രിക്കറ്റ് ടീം ബാംഗ്ലൂർ സ്ട്രൈക്കേഴ്സിലേക്ക് ഹരീഷിന്റെ സൂപ്പർ എൻട്രി

നമ്മുടെ നാട്ടിൻ പുറങ്ങളിൽ കൊച്ചു മൈതാനങ്ങളിൽ ക്രിക്കറ്റും ഫുട്ബോളും കളിച്ചു നടക്കുന്ന നിരവധി കുട്ടകളുണ്ട്. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി, ബാഗ് വീടിനകത്തേക്ക് എറിഞ്ഞ് കളിമൈതാനങ്ങൾ ലക്ഷ്യമാക്കി ഓടുന്ന കുട്ടിക്കൂട്ടങ്ങൾ.. എം.ആർ.എഫ് എന്ന് എഴുതിയ ഓലമടൽ ബാറ്റുകൊണ്ട് ബൗണ്ടറി പറത്തുന്ന കണ്ടം കളിയിലെ താരങ്ങൾ.. ഇപ്പോൾ പുത്തൻ വില്ലോ ബാറ്റുകളും മികച്ച നിലവാരമുള്ള ടെന്നീസ് ബോളുകളും കളംപിടിച്ചെങ്കിലും ഇവരുടെ ആവേശത്തിന് തെല്ലും കുറവില്ല. ഇങ്ങനെ കളിച്ചു നടക്കുന്ന കുട്ടികൾ ഒരിക്കലെങ്കിലും ഈ ചോദ്യം കേട്ടിട്ടുണ്ടാകും.. ‘നീ ഇങ്ങനെ കണ്ടം ക്രിക്കറ്റ് കളിച്ചു നടന്നിട്ട് എന്ത് നേടാനാണെന്ന്..?’ ( Kerala player Harish in Bangalore strikers ISPL 2024 )
എന്നാൽ ഈ കണ്ടം ക്രിക്കറ്റിനെ അങ്ങനെ പുച്ഛിച്ചു തള്ളേണ്ട കാര്യമില്ല.. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും കപിൽ ദേവും ഗവാസ്കറും സച്ചിനും ധോണിയും ഒക്കെയായി മാറുന്ന കണ്ടങ്ങൾ എന്ന് നാട്ടുഭാഷയിൽ വിളിയ്ക്കുന്ന കൊച്ചുമൈതാനങ്ങളിൽ നിന്നാണ് ഓരോ ഇതിഹാസങ്ങളും പിറവിയെടുക്കുന്നത്. ഇവിടെ നിന്നും തുടങ്ങുന്ന കുഞ്ഞുസ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ് പിന്നീട് ഭാവിയിൽ കളിയിലെ കേമനെയും ക്രിക്കറ്റ് ദൈവങ്ങളെയും സൃഷ്ടിക്കുന്നത്.
അത്തരത്തിൽ നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഒരുപാട് ചോദ്യങ്ങൾ നേരിട്ട് കണ്ടം കളിയിൽ സ്വപ്നതുല്ല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ് കോട്ടയം കാണക്കാരി സ്വദേശി ഹരീഷ്കുമാർ. നാട്ടിൻപുറങ്ങളിലെ കൊച്ചു കളിക്കളങ്ങളിൽ ബാറ്റുവീശി തുടങ്ങിയ ഹരീഷ് രാജ്യത്ത് ആദ്യമായി നടക്കുന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിലെ ടീമുകളിലൊന്നിൽ ഇടം പിടിച്ചിരിക്കുകയാണ്. ഫെബ്രുവരി 25-ന് മുംബൈയിൽ നടന്ന ആദ്യ ഐ.എസ്.പി.എൽ താരലേലത്തിൽ, ബോളിവുഡ് നടൻ ഹൃത്വിക് റോഷൻ്റെ ഉടമസ്ഥതയിലുള്ള ബാംഗ്ലൂർ സ്‌ട്രൈക്കേഴ്‌സാണ് ഹരീഷിനെ സ്വന്തമാക്കിയത്. മൂന്ന് ലക്ഷം രൂപയാണ് ഹരീഷിനായി ബാംഗ്ലൂർ മുടക്കിയത്.
കുട്ടിക്കാലം മുതൽ ക്രിക്കറ്റിനെയും ഫുട്ബോളിനെയും ജീവശ്വാസമായി കൊണ്ടുനടന്നിരുന്ന ഒരാളാണ് ഹരീഷ്. ഒഴിവുസമയങ്ങളിലെല്ലാം നാട്ടിൻപുറത്തെ പാടത്തേക്ക് കളിക്കാൻ പോകുന്ന സമയത്തെല്ലാം അമ്മയിൽ നിന്നും വഴക്ക് കേട്ടിട്ടുണ്ട്. എങ്കിലും ആ കളിമൈതാനങ്ങളിൽ കളിച്ചുവളർന്ന ഹരീഷ് ഇന്ന് സ്വപ്നതുല്യമായ നേട്ടം കൈപ്പിടിയിലാക്കി. ആ സമയത്ത് മകനെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ നേട്ടം അമ്മയ്ക്കും സന്തോഷം നൽകുന്നതാണ്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് ഹരീഷ്. 15-ാം വയസ്സിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ ഹരീഷ്, കാണക്കാരി കേന്ദ്രീകരിച്ചുള്ള ഈഗിൾസ് ക്രിക്കറ്റ് ക്ലബ്ബിലുടെയാണ് പ്രൊഫഷണൽ ടെന്നീസ് ബോൾ ക്രിക്കറ്റിലേക്ക് ചുവടുവയ്ക്കുന്നത്. ബെംഗളൂരുവിലും മുംബൈയിലുമായി നടന്ന ട്രയൽസിൽ നിന്നാണ് ഐ.എസ്.പി.എൽ താരലേലത്തിനുള്ള 350 പേരുടെ പട്ടികയിൽ ഇടംപിടിച്ചത്.
ഹരീഷ് മികച്ച ഫുട്ബോൾ താരം കൂടിയാണ്. കോട്ടയം ബസേലിയസിൽ ബിരുദ വിദ്യാർഥിയായിരുന്നപ്പോൾ കോളജ് ഫുട്ബോൾ ടീമിലും അംഗമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഒരു മത്സരത്തിനിടെ പരിക്കേറ്റതോടെ ഹരീഷിന് ഫുട്ബോൾ പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെയാണ് ഹരീഷ് പൂർണമായും ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചത്.
Read Also : ആമിറിനെ നേരിൽകണ്ട് സച്ചിൻ; ഭിന്നശേഷി ക്രിക്കറ്റർക്ക് ഇതിഹാസത്തിന്റെ സ്നേഹസമ്മാനം!
മാർച്ച് ആറ് മുതൽ 15 വരെ താനെയിലെ ദാദാജി കൊണ്ടദേവ് സ്റ്റേഡിയത്തിലാണ് രാജ്യത്തെ ഗ്രാമീണ മേഖലയിലെ ക്രിക്കറ്റ് പ്രതിഭകൾക്കായുളള ആദ്യ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് നടക്കുക. മാജി മുംബൈ, ചെന്നൈ സിംഗം, ബാംഗ്ലൂർ സ്ട്രൈക്കേഴ്സ്, ഫാൽക്കൺ റൈസേഴ്‌സ് ഹൈദരാബാദ്, ടൈഗേഴ്‌സ് ഓഫ് കൊൽക്കത്ത, ശ്രീനഗർ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 10 ഓവർ വീതമുള്ള മത്സരങ്ങളായിരിക്കും നടക്കുക.
Story highlights : Kerala player Harish in Bangalore strikers ISPL 2024