പതിവ് തെറ്റിക്കാതെ ഹാർദിക് പാണ്ഡ്യയും; തുടർച്ചയായി 12-ാം സീസണിലും തോറ്റ് തുടങ്ങി ദൈവത്തിന്റെ പോരാളികൾ..!

March 25, 2024

ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ടാണ് തുടങ്ങാറുള്ളത്.. ട്രോളായും വിമര്‍ശനങ്ങളായും ഈ വാക്കുകള്‍ മുംബൈ ഇന്ത്യന്‍സ് ടീമും ആരാധകരും കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒരപാട് കാലമായി. കൃത്യമായി പറഞ്ഞാല്‍ ഒരു പതിറ്റാണ്ടിന്റെ പഴക്കം. 2013-ല്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് അവസാനമായി ക്യാപ്റ്റനായ സീസണ്‍ മുതല്‍ തുടങ്ങിയ ശീലത്തിന് പിന്നീട് 10 വര്‍ഷവും രോഹിത് ശര്‍മക്ക് കീഴില്‍ മാറ്റമുണ്ടായിരുന്നില്ല. ഇത്തവണ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് ആ കിഴ്‌വഴക്കിന് യാതൊരു മാറ്റവും വരുത്തിയില്ല. ( Mumbai Indians lost all opening matches since 2013 )

2008 മുതല്‍ അഞ്ച് വര്‍ഷത്തോളം സച്ചിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചെങ്കിലും മുംബൈക്ക് ഐപിഎല്‍ കിരീടം കിട്ടാക്കനിയായിരുന്നു. 2012-ല്‍ സച്ചിന്‍ നായകസ്ഥാനം ഒഴിഞ്ഞു. പിന്നീട് ഹര്‍ഭജന്‍ സിങ് ചുമതലയേറ്റെടുത്തു. ഒരു സീസണ്‍ മാത്രമായിരുന്നു ആയുസ്. ഭാജി ഒഴിഞ്ഞ വിടവിലേക്ക് മുംബൈയെ നയിക്കാനെത്തിയത് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ റിക്കി പോണ്ടിങ്. പക്ഷെ സീസണ്‍ പകുതി പിന്നിട്ടതോടെ പോണ്ടിങ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് മാറിനിന്നു. അങ്ങനെയാണ് രോഹിത് ശര്‍മ മുംബൈയുടെ അമരക്കാരനായി എത്തുന്നത്. അവിടെ നിന്നാണ് മുംബൈയുടെ ജൈത്രയാത്രയ്ക്ക് തുടക്കമാകുന്നത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടം നേടിയ ടീം എന്ന റെക്കോഡ് ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പങ്കിടുമ്പോഴും മറ്റൊരു കാര്യം മുംബൈ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. തുടര്‍ച്ചയായി 12 ഐപിഎല്‍ സീസണുകളിലും ജയിച്ചു തുടങ്ങാന്‍ മുംബൈക്ക് സാധിച്ചിട്ടി്ല്ല. 2013-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് രണ്ട് റണ്‍സിന് തോറ്റാണ് മുംബൈ ആ ശീലം തുടങ്ങിയത്. 2014-ല്‍ രോഹിത് നായകനായെങ്കിലും കൊല്‍ക്കത്തയോട് 41 റണ്‍സിന് അടിയറവ് പറഞ്ഞു. 2015ലും കൊല്‍ക്കത്ത തന്നെയായിരുന്നു മുംബൈയുടെ പതിവ് തെറ്റിക്കാതെ ജയിച്ചുകയറിയത്.

2016ല്‍ നവാഗതരായ റൈസിംഗ് പൂനെ ജയന്റ്‌സിനോട് ഒമ്പത് വിക്കറ്റിന്റെ തോല്‍വി. 2018-ല്‍ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടായി തോല്‍വി. 2019-ല്‍ ഡല്‍ഹിയോട് 37 റണ്‍സിനും 2020ല്‍ ചെന്നൈയോട് അഞ്ച് വിക്കറ്റിനും തോറ്റു. 2021ല്‍ ആര്‍സിബിയോട് തോറ്റായിരുന്നു മുംബൈ സീസണ്‍ തുടങ്ങിയതെങ്കില്‍ 2022ല്‍ അത് ഡല്‍ഹിയായിരുന്നു. കഴിഞ്ഞ സീസണില്‍ വീണ്ടും ആര്‍സിബിയോട് തോറ്റു. ഇത്തവണ പുതിയ നായകനായ ഹാര്‍ദിക് കീഴിലും തോറ്റതോടെ ശുഭം..

10 വര്‍ഷത്തിനിടെ 5 കിരീടങ്ങള്‍ സമ്മാനിച്ച രോഹിത് ശര്‍മയെ ഒഴിവാക്കിയാണ് പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനായി അവരോധിച്ചത്. ഗുജറാത്തിനെതിരെ ജയമുറപ്പിച്ച സമയത്താണ് അലക്ഷ്യമായ ബാറ്റിങ്ങിലൂടെ മുംബൈ ആറ് റണ്‍സിന്റെ തോല്‍വി വഴങ്ങിയത്. തന്റെ പഴയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റത് ഹാര്‍ദികിനേറ്റ തിരിച്ചടിയാണ്. ഏതായാലും കഴിഞ്ഞ 10 സീസണുകളിലെ പതിവ് ഇത്തവണയും മുംബൈക്ക് തിരുത്തിക്കുറിക്കാനായില്ല.

Read Also : പതിവ് തെറ്റിച്ചില്ല, പുതിയ സീസണിലും തുടക്കം അടിപൊളിയാക്കി സഞ്ജു..!

എന്നാല്‍ തുടര്‍ തോല്‍വികളോടെ തുടങ്ങിയാലും സീസണ്‍ പാതിവഴി പിന്നിടതോടെ ആധിപത്യം തിരിച്ചുപിടിക്കുന്നതാണ് മുംബൈയുടെ പതിവ്. അത്തരത്തില്‍ 2014-15 സീസണില്‍ ആദ്യ നാല് മത്സരങ്ങളില്‍ തോല്‍വിയുടെ പടുകുഴിയിലേക്ക വീണ മുംബൈ ആ വര്‍ഷം കിരീടവുമായിട്ടാണ് മടങ്ങിയത്. കലാശപ്പോരാട്ടത്തില്‍ ധോണിയുടെ ചെന്നൈ സുപ്പര്‍ കിങ്‌സിനെ മലര്‍ത്തിയടിച്ചാണ് രോഹിതും സംഘവും ഈഡന്‍ ഗാര്‍ഡനില്‍ കിരീടം ഉയര്‍ത്തിയത്. തുടര്‍ന്നുള്ള സീസണുകളിലും തോല്‍വിയോടെ തുടങ്ങിയിട്ടും കിരീടം ഷെല്‍ഫിലെത്തിച്ച ചരിത്രം മുംബൈയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഒരോ സീസണിലും തോറ്റുതുടങ്ങുന്ന മുംബൈ ഇന്ത്യന്‍സിനെ കാത്തിരുന്ന ആരാധകരുമുണ്ടായിരുന്നു. പതിവ് തെറ്റിക്കാതെ തുടങ്ങിയ ടീം പുതിയ നായകന് കീഴില്‍ കിരീടം ചൂടുന്ന പതിവ് ആവര്‍ത്തിക്കുമോ..! കാത്തിരുന്ന് കാണാം.

Story highlights : Mumbai Indians lost all opening matches since 2013