പതിവ് തെറ്റിച്ചില്ല, പുതിയ സീസണിലും തുടക്കം അടിപൊളിയാക്കി സഞ്ജു..!

March 24, 2024

ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന പതിവിന് ഇത്തവണയും രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മുടക്കം വരുത്തിയില്ല. 17-ാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനത്തോടെ കളംനിറഞ്ഞിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. വണ്‍ ഡൗണായി ക്രീസിലെത്തിയ താരം 52 പന്തില്‍ ആറ് സിക്‌സറുകളും മൂന്നും ഫോറുകളുടെയും അകമ്പടിയോടെ 82 റണ്‍സാണ് അടിച്ചെടുത്തത്. 33 പന്തുകളിലാണ് സഞ്ജു അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിയത്. ( Sanju Samson hit fifty against LSG )

2020 മുതല്‍ക്ക് തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് ആദ്യ മത്സരത്തില്‍ സഞ്ജു തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നത്. 2020-ല്‍ ചെന്നൈക്കെതിരെ 32 പന്തുകളില്‍ 74 റണ്‍സായിരുന്നു താരം നേടിയത്. 2021-ല്‍ പഞ്ചാബ് കിങ്സിനെതിരെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത 29-കാരന്‍, 63 പന്തുകളില്‍ 119 റണ്‍സായിരുന്നു അന്ന് താരം അടിച്ച് കൂട്ടിയത്. 2022, 2023 സീസണുകളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആയിരുന്നു സഞ്ജു സാംസണ്‍ ആദ്യ മത്സരം കളിച്ചത്. 2022-ല്‍ 27 പന്തുകളില്‍ 55 റണ്‍സും കളിഞ്ഞ സീസണില്‍ 32 പന്തുകളില്‍ 55 റണ്‍സുമായിരുന്നു സഞ്ജു അടിച്ചെടുത്തത്.

ജൂണില്‍ ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടമുറപ്പിക്കാന്‍ സഞ്ജുവിനുള്ള അവസാന പിടിവള്ളിയാണ് ഇ്ത്തവണത്തെ ഐപിഎല്‍. അതുകൊണ്ടുതന്നെ കയ്‌മെയ് മറന്ന പോരാടാന്‍ തന്നെയാകും സഞ്ജു ഇത്തവണ ഇറങ്ങുന്നത്. എന്നാല്‍ സമീപവര്‍ഷങ്ങളിലെ പോലെ ആദ്യ മത്സരങ്ങളില്‍ മികവ് കാട്ടുകയും പിന്നീട് നിറംമങ്ങുകയും ചെയ്യുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചാല്‍ അത് താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകും എന്നുറപ്പാണ്. യുവതാരങ്ങളായ ജിതേഷ് ശര്‍മയും ധ്രുവ് ജുറെലും കൂടാതെ ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുമാണ് സഞ്ജുവിനൊപ്പം ടീമില്‍ ഇടംപിടിക്കാന്‍ മത്സരിക്കുന്നത്.

Read Also : അവസാന ഓവറിൽ ഹർഷലിനെ തല്ലിത്തകർത്ത് 21-കാരൻ പയ്യൻ; ആരാണ് അഭിഷേക് പൊറൽ..?

സഞ്ജുവിന്റെ ബാറ്റിങ് കരുത്തില്‍ മികച്ച ടോട്ടലാണ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. 29 പന്തില്‍ 43 റണ്‍സ് നേടിയ റിയാന്‍ പരാഗിന്റെ ബാറ്റിങ്ങും റണ്‍സുയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

Story highlights : Sanju Samson hit fifty against LSG