201 മത്സരങ്ങളിൽ ഒരൊറ്റ ജയം മാത്രം; 20 വർഷത്തിനിപ്പുറം മറ്റൊരു ജയം സ്വപ്‌നം കണ്ട് സാൻ മാരിനോ ഫുട്ബാൾ ടീം

March 19, 2024

കായിക മത്സരങ്ങളില്‍ ജയവും തോല്‍വിയുമെല്ലാം സര്‍വസാധാരണമാണ്. ചില ടീമുകള്‍ തുടര്‍ജയങ്ങളിലൂടെ റെക്കോഡ് നേടുകയും ചില കുഞ്ഞന്‍ ടീമുകള്‍ തുടര്‍ച്ചയായി നേരിടുന്ന പരാജയങ്ങളില്‍ നാണക്കേടിന്റെ പടുകുഴിയിലേക്ക് വീഴാറുമുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ജയത്തിനായി കൊതിക്കുന്ന ഒരു ഫുട്ബോള്‍ ടീമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ..? സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ സാന്‍ മാരിനോ ഫുട്ബോള്‍ ടീമിലെ താരങ്ങളും ആരാധകരുമാണ് തുടര്‍ച്ചയായി തോല്‍വികളില്‍ മനം മടുത്ത് ഒരു ജയത്തിനായി രണ്ട് പതിറ്റാണ്ടോളമായി കാത്തിരിക്കുന്നത്. ( San Marino world’s worst national football team )

ഈ യൂറോപ്യന്‍ രാജ്യം 136 മത്സരങ്ങളാണ് ജയമറിയാതെ പൂര്‍ത്തിയാക്കിയത്്. ഇത്തവണയെങ്കിലും തങ്ങളുടെ സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് സാന്‍ മാരിനോയുടെ താരങ്ങളും ആ രാജ്യത്തെ ജനതയും. അതിനൊരു കാരണവുമുണ്ട്. സാന്‍ മാരിനോ പര്യടനത്തിനെത്തിയ കരീബിയന്‍ രാജ്യമായ സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസിനെ തോല്‍പിക്കുന്നതിലൂടെ പുതിയ ചരിത്രം പിറക്കുമെന്നാണ് അവര്‍ ഉറച്ചുവിശ്വസിക്കുന്നത്. മാര്‍ച്ച് 21, 25 തിയ്യതികളിലായി രണ്ട് മത്സരങ്ങളാണ് നടക്കുക. ഫിഫ റാങ്കിങ്ങില്‍ സാന്‍ മാരിനോയെക്കാള്‍ 63 സ്ഥാനം മുന്നിലാണ് സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്.

ഫിഫ റാങ്കിങില്‍ 210-ാം സ്ഥാനത്തുള്ള സാന്‍ മാരിനോ ഏറ്റവും മോശം റെക്കോഡുള്ള ദേശീയ ടീമായിട്ടാണ് അറിയപ്പെടുന്നത്. ആ വിശേഷണത്തിന് അവരുടെ മത്സരഫലങ്ങള്‍ തന്നെയാണ് കാരണം. ഇതുവരെ 201 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 192 ലും തോല്‍വി നേരിട്ട ടീം ഒരു തവണ മാത്രം ജയിച്ചത്. എട്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഗോളടിക്കാനായത് ടീമിന് അടുത്ത മത്സരത്തില്‍ ജയപ്രതീക്ഷ നല്‍കുന്നു. കഴിഞ്ഞ നവംബറില്‍ ഫിന്‍ലന്‍ഡുമായുള്ള മത്സരത്തില്‍ 2-1നും കസാഖിസ്താനുമായി 3-1നും ഒക്ടോബറില്‍ കരുത്തരായ ഡെന്മാര്‍ക്കുമായി 2-1നുമാണ് പരാജയപ്പെട്ടത്. ആദ്യമായാണ് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ നേടുന്നത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004-ല്‍ ലിചന്‍സ്റ്റീനിനെതിരെ ഒരു ഗോളിനായിരുന്നു സാന്‍മാരിനോയുടെ ഏക വിജയം. അന്നത്തെ മത്സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയ ആന്‍ഡി സെല്‍വയാണ് സാന്‍ മാരിനോയുടെ ടോപ് സ്‌കോറര്‍. 73 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ആന്‍ഡി സെല്‍വ ആകെ എട്ട് ഗോളുകളാണ് നേടിയിട്ടുള്ളത്. 2006-ല്‍ ജര്‍മനിയോട് 13-0ത്തിന് തോറ്റതാണ് ടീമിന്റെ ഏറ്റവും മോശം തോല്‍വി.

Read Also : ഫുട്‌ബോള്‍ ടീമില്ലാത്ത അവസാന രാജ്യം, ഇനിയുമെത്ര കാലം..? പേരുദോഷം മാറ്റാനൊരുങ്ങി മാര്‍ഷല്‍ ദ്വീപുകള്‍

91 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ മറ്റിയോ വിറ്റെയോളിയാണ് രാജ്യത്തിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുള്ളത്. 17 വര്‍ഷമാണ് ദേശീയ ടീമിന്റെ ഭാഗമാണ് മറ്റിയോ. 2014ല്‍ എസ്‌റ്റോണിയക്കെതിരെ നേടിയ ഗോള്‍രഹിത സമനില മാത്രമാണ് സന്തോഷത്തിന് വകനല്‍കിയിട്ടുള്ളത്. ദേശീയ കുപ്പായത്തില്‍ ഒരു മത്സരം പോലും ജയിച്ച് കളത്തില്‍ ആഘോഷിക്കാനായിട്ടില്ല. ജനുവരിയില്‍ നിയമിതനായ റോബര്‍ട്ടോ സെവോലി എന്ന പരിശീലകന്റെ കീഴില്‍ സാന്‍മാരിനോ പുതുചരിത്രം കുറിക്കുമോ എന്ന കാത്തിരിപ്പിലാണ് ഓരോ ഫുട്‌ബോള്‍ പ്രേമിയും…

Story highlights : San Marino world’s worst national football team