അവനേറെ ഇഷ്ടപ്പെട്ട ഫുട്ബോൾ ‘ആ കൈകളിലേക്ക്’ വച്ചുകൊടുത്ത് പിതാവ്; കണ്ടുനിന്നവരുടെ കണ്ണ് നിറച്ച കാഴ്ച
ഫുട്ബോളിനോട് ഏറെ പ്രിയമായിരുന്നു സാരംഗിന്.. എന്നാല്‍ തന്റെ 17-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഈ ഭൂമിയിലില്ലാത്ത സാംരഗിന്റെ ആ കൈകളിലേക്ക് അവനേറെ ഇഷ്ടപ്പെട്ട ഫുട്ബോള്‍ അച്ഛന് ബിനേഷ് വച്ചുകൊടുക്കുമ്പോള്‍ ചുറ്റും കൂടിയവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. അമ്മ രജനിയും സഹോദരന് യശ്വന്തും ആ കൈകള്‍ ചേര്‍ത്ത് പിടിച്ചതോടെ കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ വികാര നിര്‍ഭര നിമിഷങ്ങള്‍ക്കാണ് സാക്ഷിയായത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗിന്റെ കൈകള്‍ മരണാനന്തര അവയവദാനത്തിലൂടെ സ്വീകരിച്ച പറവൂര്‍ ഗോതുരുത്ത് സ്വദേശി ഷിഫിന് ഫ്രാന്‍സിസിനെ ആദ്യമായി കാണാനെത്തിയതായിരുന്നു സാംരംഗിന്റെ കുടുംബം. ( Sarang parents birthday gift to Shifin )
ഒമ്പത് മാസങ്ങള്‍ക്കു മുമ്പ് മരണത്തിന് കീഴടങ്ങിയ മകന്റെ ഓര്‍മകള്‍ക്ക് ജീവനേകുന്ന കൈകള്‍ കാണാനാണ് സാരംഗിന്റെ പിറന്നാള്‍ ദിനത്തില്‍ അവരെത്തിയത്. വരുമ്പോള്‍ ആ കൈകളിലേക്ക് വച്ചുകൊടുക്കാന്‍ അവനേറെ ഇഷ്ടപ്പെട്ട ഫുട്ബോള്‍ കൊണ്ടുവരാനും അവര്‍ മറന്നില്ല. അമൃത ആശുപത്രിയില്‍ ചടങ്ങില്‍ എത്തിയ ഷിഫിന്റെ കൈകളിലൂടെ അവര്‍ വീണ്ടും തങ്ങളുടെ പ്രിയപ്പെട്ട മകനെ തൊട്ടറിഞ്ഞു. അപ്രതീക്ഷമായി വിടപറഞ്ഞ മകന്റെ കൈകളില്‍ വീണ്ടും തൊട്ടു തലോടിയതേിന്റെ സന്തോഷം കുടുംബാംഗങ്ങളുടെ കണ്ണുനീര് തുള്ളികളായി പൊഴിഞ്ഞു.
ദാനമായി കിട്ടിയ സാരംഗിന്റെ കൈകള്‍ കൂപ്പിയാണു ഷിഫിന് കുടുംബത്തിന് നന്ദി അറിയിച്ചത്. ഷിഫിന്, സാരംഗിന്റെ പിറന്നാള്‍ കേക്ക് മുറിച്ച് സാരംഗിന്റെ മാതാപിതാക്കള്‍ക്ക് നല്കി. തനിക്കു പുതുജീവിതം സമ്മാനിച്ച സാരംഗിന്റെ ചിത്രം പിടിച്ചു നില്ക്കുന്ന ഒരു ചിത്രമാണ് ഷിഫിന് അവര്‍ക്ക് സമ്മാനമായി നല്‍കിയത്. അവയവ ദാനത്തിന്റെ മഹത്ത്വം വെളിവാക്കുന്ന ഈ അപൂര്‍വ സംഗമത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യാതിഥിയായിരുന്നു.
2023 മേയ് 17-നാണ് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 16-കാരന് സാരംഗ് വാഹനാപകടത്തില്‍ മരിച്ചത്. മസ്തിഷ്കമരണം സ്ഥിരീകരിച്ച സാരംഗിന്റെ അവയവങ്ങള്‍ ആറ് പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. കൊച്ചി അമൃത ആശുപത്രിയില്‍ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് 16 മണിക്കൂറോളം നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ സാരംഗിന്റെ കൈകള്‍ പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ഷിഫിന് ഫ്രാന്‍സിസിന്റെ ശരീരത്തിലേക്ക് തുന്നിച്ചേര്‍ത്തത്.
പേരാമ്പ്ര അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായ ഷിഫിന് 2020 ഫെബ്രുവരി എട്ടിന് കമ്പനിയില്‍ വെച്ചുണ്ടായ അപകടത്തിലാണ് രണ്ടു കൈകളും നഷ്ടമായത്. ഷിഫിന് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്മെന്റും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് കൈ മാറ്റിവയ്ക്കുന്നതിനുള്ള പണം കണ്ടെത്തിയത്. അമൃത ആശുപത്രിയിലെ 14-ാമത്തെ കൈ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയായിരുന്നു ഇത്.
Story highlights : Sarang parents birthday gift to Shifin