പത്താം ക്ലാസിൽ പഠനം നിർത്തി, കുടുംബം നോക്കാൻ തിയേറ്ററിൽ സ്നാക്സ് വിറ്റു; ഇന്ന് 5000 കോടി മൂല്യമുള്ള കമ്പനി ഉടമ
ഒന്നുമില്ലായ്മയിൽ നിന്ന് കോടീശ്വരന്മാരായി മാറിയവരുടെ നിരവധി കഥകൾ നമുക്കറിയാം. ധീരതയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതിബദ്ധതയുടെയും മാതൃകകളായിരിക്കും ഒരോരുത്തരുടെ അനുഭവങ്ങൾ. കൃത്യമായ മുന്നൊരുക്കമില്ലാതെ അല്ലെങ്കിൽ തന്റെ അഭിരുചിക്ക് അനുസരിച്ചുള്ള മേഖല തെരഞ്ഞെടുക്കുന്നതിൽ വരുന്ന പിഴവ് എന്നിങ്ങനെയാണ് പലരെയും പിന്നോട്ടടിക്കുന്നത്. അത്തരക്കാർക്ക് മാതൃകയാണ് ബാലാജി വേഫേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകൻ ചന്ദുഭായ് വിരാനിയുടെ കഥ. തുച്ഛമായ വരുമാനത്തിന് തിയേറ്റുകളിൽ സ്നാക്കുകൾ വിറ്റുനടന്ന അദ്ദേഹം ഇന്ന് 4,000 കോടി മൂല്യമുള്ള കമ്പനി ഉടമയാണ്. ( Success story of chandubhai virani Balaji wafers )
ഒരു ഗുജറാത്തി കർഷക കുടുംബത്തിലായിരുന്നു ചന്ദുഭായ് വിരാനിയുടെ ജനനം. കുടുംബത്തിന്റെ മോശമായ സാമ്പത്തിക ഭദ്രത കാരണം ചന്ദുഭായിക്ക് പത്താം ക്ലാസിന് ശേഷം പഠനം നിർത്തേണ്ടതായി വന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി ചന്ദുഭായ് വിരാനിയും സഹോദരന്മാരായ മേഘ്ജിഭായിയും ഭിഖുഭായിയും ജോലി തേടി രാജ്കോട്ടിലെത്തി. തുടക്കം മുതൽ സംരഭകമോഹിയായിരുന്ന ചന്ദുഭായ് പല തരത്തിലുള്ള ബിസിനസുകളും നടത്തി നോക്കിയെങ്കിലും പരാജയപ്പെട്ടു. കാർഷിക ഉൽപന്നങ്ങളും, ഉപകരണങ്ങളും വിൽക്കുന്ന ആദ്യ സംരംഭം രണ്ട് വർഷത്തിനകം തന്നെ പൂട്ടി. സംരംഭം നഷ്ടത്തിലായതോടെ കടമുറിയുടെ വാടക വരെ നൽകാൻ കഴിയാതെയാണ് ആദ്യം ശ്രമം ഉപേക്ഷിക്കുന്നത്.
ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട ചന്ദുഭായ് തിയേറ്ററിൽ കാന്റീനിൽ ജോലിക്കാരനായി കയറി. സിനിമാ ഇരിപ്പിടങ്ങൾ നന്നാക്കൽ, പോസ്റ്ററുകൾ ഒട്ടിക്കൽ, തിയേറ്ററിൽ പ്രതിമാസം 1000 രൂപയ്ക്ക് ലഘുഭക്ഷണം വിൽക്കൽ തുടങ്ങി എന്നിങ്ങനെയായിരുന്നു ജോലികൾ. അവരുടെ വിശ്വസ്തതയെയും നിശ്ചയദാർഢ്യത്തിലും മതിപ്പുതോന്നിയതോട അവർക്ക് കാൻ്റീൻ നടത്താനുള്ള അവസരം ലഭിച്ചു.
അതിനിടയിലും സംരഭകമോഹത്തെ കൂടെ കൊണ്ടുനടന്നു. അങ്ങനെയാണ് വീണ്ടും സ്വന്തം ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുന്നത്. ഇത്തവണ ഉരുക്കിഴങ്ങിൽ നിന്നുള്ള ചിപ്സ് വിപണിയിലെത്തിക്കുകയായിരുന്നു ചന്ദുഭായ്. ഇവരുടെ ചിപ്സിന് വിപണിയിൽ വലിയ സ്വീകര്യത ലഭിച്ചതോടെയാണ് ബിസിനസ് കൂടുതൽ വിപുലീകരിക്കാൻ തീരുമാനിക്കുന്നത്.
തുടർന്ന് ചന്ദുഭായ് ഒരു ബാങ്കിൽ നിന്ന് 1.5 ലക്ഷം രൂപ വായ്പയെടുത്തു, 1982 ൽ തൻ്റെ ഉരുളക്കിഴങ്ങ് വേഫർ ബിസിനസിനായി ആദ്യത്തെ ഫാക്ടറി ആരംഭിച്ചു. ചന്ദുഭായിയുടെ ചിപ്സ് വിപണി കീഴടക്കുന്നതായിരുന്നു പിന്നീടുള്ള കാഴ്ച. തുടർന്നു പത്ത് വർഷങ്ങൾക്കു ശേഷം സഹോദരങ്ങളുടെ പങ്കാളിത്തത്തോടെ 1992-ൽ ബാലാജി വേഫേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. പ്രതിദിനം 6.5 ദശലക്ഷം കിലോഗ്രാം ഉരുളക്കിഴങ്ങ് ചിപ്സും 10 ദശലക്ഷം കിലോഗ്രാം നാംകീനും ഉത്പാദിപ്പിക്കാൻ കഴിയുന്നതായിരുന്നു ഈ ഫാക്ടറി.
Read Also : ജീവനക്കാരിയിൽ നിന്നും സൊമാറ്റോ സഹസ്ഥാപകയിലേക്ക്; ആകൃതി ചോപ്രയുടെ ഓഹരി മൂല്യം 149 കോടി
വൈവിധ്യമാർന്ന ഉൽപന്നങ്ങളും ശക്തമായ വിതരണ ശൃംഖലയുമുള്ള ബാലാജി വേഫേഴ്സ് ഇന്ന് ഇന്ത്യയിലെ മുൻനിര ലഘുഭക്ഷണ നിർമാതാക്കളിൽ ഒന്നാണ്. സ്ഥിരോത്സാഹവും കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഏത് വെല്ലുവിളികളെയും അതിജീവിച്ച് മികച്ച വിജയം നേടാനാകുമെന്ന് ചന്ദുഭായ് വിരാനിയുടെ ജീവിതം നൽകുന്ന പാഠം.
Story highlights : Success story of chandubhai virani Balaji wafers