സുമതിയ്ക്ക് സംഭവിച്ച ചതി- സുമതി വളവിന്റെ കഥ

March 21, 2024

സ്വസ്ഥമായി യാത്ര ചെയ്യുന്നതിനിടയിൽ പെട്ടെന്ന് ചുറ്റും അലർച്ചകൾ. വാഹനങ്ങളുടെ എഞ്ചിനുകളും ലൈറ്റുകളും തനിയെ ഓഫാകുന്നു. ബൈക്ക് യാത്രക്കാർ ബൈക്കില്‍ നിന്നും തനിയെ എടുത്തെറിയപ്പെടും. ടയറുകളുടെ കാറ്റ് പോകും. പെട്ടെന്ന്, മിന്നൽ പോലെ ഒരു സ്ത്രീരൂപം വഴിയരികിൽ! ഈ കാഴ്ചയും കഥകളും മലയാളികളെ പേടിപ്പിക്കാൻ തുടങ്ങിയിട്ട് എഴുപതിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. തിരുവനന്തപുരത്തുനിന്നും പാങ്ങോട് ദേശത്തേക്ക് പോകുമ്പോൾ ഒരു കൊടുംവളവുണ്ട്. അതാണ് സുമതി വളവ്. ഗർഭിണിയായ സുമതിയെ കാമുകനായ രത്‌നാകരനും കൂട്ടുകാരനും ചേർന്ന് ചതിച്ച് കൊലപ്പെടുത്തിയ ഇടം. ഈ യഥാർത്ഥ സംഭവത്തിന്റെ ചുവടുപിടിച്ച് നിരവധി കെട്ടുകഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ ഒരു ദുരൂഹത ഈ പ്രദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടാത്തവർ ചുരുക്കമാണ്. സാഹസികത ഇഷ്ട്ടമുള്ളവർക്ക് ബക്കറ്റ് ലിസ്റ്റിലേക്ക് ചേർക്കാവുന്ന ഒരിടം. എങ്കിലും ഈ റോഡിലേക്ക് കാഴ്ചകൾ തേടി പോകുമ്പോൾ അതിനേക്കാൾ ഭീകരമായ ഒരു കഥയാണ് കൊലചെയ്യപ്പെട്ട സുമതി ബാക്കിയാക്കിയത് എന്ന സത്യം അറിയണം.

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന മലയോര ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് പ്രസിദ്ധമായ സുമതി വളവ്. പാലോട് നിന്നും കല്ലറയ്ക്ക് പോകുമ്പോൾ റിസർവ് ഫോറസ്റ്റിന്റെ ഭാഗമാണ് പിന്നീടങ്ങോട്ട്. മുന്നോട്ട് പോകുംതോറും കാടിന്റെ ഭാവം മാറുന്നു. ഒരു കൊടുംവളവിലേക്ക് എത്തുമ്പോൾ അവിടെ നമ്മുടെ കണ്ണുടക്കും. ഇതാണ് സുമതി വളവ്. വളവിലെ കഥയിലുള്ള സുമതിയെന്ന സുന്ദരി അത്ര സാമ്പത്തികമായി മെച്ചമല്ലാത്ത കുടുംബത്തിൽ ആയിരുന്നു. അതുകൊണ്ട് അവൾ താണുമുതലാളിയുടെ വീട്ടിലെ വേലക്കാരിയായിരുന്നു. ചെറുപ്പക്കാരിയായ സുമതി ജോലിക്കിടയിലും പഠിക്കാൻ സമയംകണ്ടെത്തി. ഇതിനിടയിൽ താണു മുതലാളിയുടെ മകനായ രത്നാകരനുമായി സുമതി പ്രണയത്തിലായി.


ഈ പ്രണയം സുമതിയുടെ ജീവിതത്തെ വലിയൊരു ദുരന്തത്തിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. ആ അടുപ്പം വളർന്നു. വിവാഹം ചെയ്യാമെന്ന രത്നാകരന്റെ ഉറപ്പിന്റെ പേരിൽ സുമതി ഗർഭിണിയായി. എന്നാൽ, ഗർഭിണിയാണെന്നറിഞ്ഞതോടെ രത്നാകരന്റെ ഭാവം മാറി. വിവാഹം കഴിക്കണമെന്ന സുമതിയുടെ നിർബന്ധം കൂടിയായപ്പോൾ ചതിയ്ക്കാനുള്ള ഒരുക്കത്തിലായി അയാൾ. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനാണ് സുമതിയുടെ കുപ്രസിദ്ധമായ ആ അരുംകൊല നടക്കുന്നത്.

1953 ജനുവരി 27 ചൊവ്വാഴ്ച രാത്രി പത്തുമണി. ഉത്സവം കാണിക്കാമെന്ന് പറഞ്ഞ് സുമതിയെയും കൂട്ടി രത്നാകരൻ അംബാസഡർ കാറിൽ യാത്ര ആരംഭിച്ചു. ഒപ്പം സുഹൃത്ത് രവീന്ദ്രനും ഉണ്ടായിരുന്നു. വഴികളെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന സുമതിയെ പറ്റിക്കാൻ എളുപ്പമായിരുന്നു. എളുപ്പവഴി എന്നുപറഞ്ഞ് രത്നാകരനും സുഹൃത്തും സുമതിയെ ഉൾക്കാട്ടിലേക്ക് നടത്തി. എന്നാൽ, അല്പദൂരം നടന്നപ്പോൾ സുമതിക്ക് ചതി മനസിലായി. അലറി വിളിച്ച് അവൾ ഓടി. ഉൾക്കാട്ടിൽ ആരാണ് അത് കേൾക്കാനുള്ളത്? കാട്ടുവള്ളികൾ കൊണ്ട് അവളുടെ കയ്യുകൾ കൂട്ടിക്കെട്ടി കാട്ടിലൂടെ വലിച്ചിഴച്ച് അവർ നടന്നു. പക്ഷെ, രത്നാകരനും സുഹൃത്തിനും ഒരു അബദ്ധം പറ്റി. കാടെന്ന് ധരിച്ച് അവർ ആ എസ് വളവിന്റെ റോഡിലേക്ക് തന്നെയാണ് തിരികെയെത്തിയത്. അവിടെവെച്ച് സുമതിയുടെ കഴുത്തിൽ അയാൾ കത്തിയിറക്കി. ഒരിക്കലും ശല്യമാകില്ല എന്ന് കെഞ്ചിയിട്ടും സുമതിയെ ക്രൂരമായി അവർ കൊലപ്പെടുത്തി. ആ ക്രൂരതയ്ക്ക് ശേഷം വളവിലെ ഏതോ മരത്തിൽ സുമതിയുടെ ശരീരം ചാരിവെച്ചിട്ട് ഇരുവരും രക്ഷപ്പെട്ടു. ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ആദിവാസികളായ കാണിക്കാർ സുമതിയുടെ ശരീരം കണ്ടെത്തിയത്.

അന്നത്തെ കൊലപാതകങ്ങളുടെ പതിവ് പോലെ പ്രതികൾ രക്ഷപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം. ആറുമാസങ്ങൾക്ക് ശേഷം രത്നാകരനും രവീന്ദ്രനും പോലീസ് പിടിയിലായി. 15 വർഷങ്ങൾക്ക് ശേഷം ഇരുവരും ജയിൽ മോചിതരാകുകയും വലിയ കാലതാമസമില്ലാതെ മരിക്കുകയും ചെയ്തു. കഥയിലെ നായികയും വില്ലന്മാരുമെല്ലാം ഓർമ്മകളിലേക്ക് മറഞ്ഞെങ്കിലും കഥകൾക്കും കാഴ്ചകൾക്കും ഇന്നും കുറവില്ല. വെള്ളവസ്ത്രം ധരിച്ചൊരു സ്ത്രീരൂപം റോഡരുകില്‍ ഉലാത്തുന്നതു കണ്ടുവെന്ന് പലരും പറയാറുണ്ട്. പലപ്പോഴും റോഡിനു സമീപമുള്ള പൊന്തക്കാട്ടില്‍ നിന്നോ കാടുമൂടിയ ഗര്‍ത്തത്തില്‍ നിന്നോ ഭീകരശബ്ദങ്ങള്‍ ഉയരുന്നതായും പറയപ്പെടുന്നു.

Read also: 201 മത്സരങ്ങളിൽ ഒരൊറ്റ ജയം മാത്രം; 20 വർഷത്തിനിപ്പുറം മറ്റൊരു ജയം സ്വപ്‌നം കണ്ട് സാൻ മാരിനോ ഫുട്ബാൾ ടീം

കഥകള്‍ കാട്ടുതീ പോലെ പരന്നതോടെ ഒരുകാലത്ത് പട്ടാപ്പകല്‍ പോലും ഇത് വഴി കടന്ന് പോകാന്‍ ആളുകള്‍ മടിച്ചു. 70 വര്ഷം കഴിഞ്ഞിട്ടും ഈ റോഡിന്റെ ഭീകരത മാറിയിട്ടില്ല. കേരളത്തിന് പുറത്തുനിന്നും ആളുകൾ ഇവിടം കാണാൻ എത്തുന്നു. അസാധാരണമായ സംഭവങ്ങൾ അനുഭവിച്ചതായി അവകാശപ്പെടുന്നു. അതുപോലെ തന്നെ അല്പംകൂടി വിരുതുള്ള ചില നാട്ടുകാർ സാരിയുടുത്ത് ആളുകളെ ഈ വളവിൽ ഭയപ്പെടുത്തിയ അനുഭവങ്ങളുമുണ്ട്. അങ്ങനെയുള്ള ആൾപ്രേതങ്ങൾ പോലീസ് കസ്റ്റഡിയിലാകുകയും ചെയ്തിട്ടുണ്ട്. എന്തായാലും ഈ കൊടുംവളവ് തേടിയെത്തുന്നവരുടെ എണ്ണത്തിൽ ഇന്നും കുറവില്ല എന്നതാണ് ശ്രദ്ധേയം.

Story highlights- sumathi valavu story