ഇനിയും എത്രകാലം ആ ഒറ്റയാനെ മൈതാനത്ത് കാണാം; ഗോളടിയിൽ ആരായിരിക്കും ഛേത്രിയുടെ പിൻഗാമി..?
ക്രിക്കറ്റും ഫുട്ബോളും അടക്കമുള്ള കായിക മത്സരങ്ങള് ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാര്. എന്നാല് ക്രിക്കറ്റിന്റെ അത്ര തന്നെ ഫുട്ബോള് ആഘോഷമാക്കുന്നില്ലെങ്കിലും, കാല്പന്തുകളിയെ നെഞ്ചോ്ട് ചേര്ക്കുന്ന ഒരു കൂട്ടം ആരാധകര് നമ്മുടെ ഇന്ത്യയിലുണ്ട്. ഇന്ത്യന് ഫുട്ബോളിന്റെ ഈറ്റില്ലങ്ങളായ കേരളത്തിലും ഗോവയിലും ബംഗാളിലും എല്ലാം അവരെ നമുക്ക് കാണാനാകും. ലോക ഫുട്ബോളില് എടുത്തുപറയാന് തക്ക പേരും പെരുമയൊന്നും ഇന്ത്യന് ഫുട്ബോളിനില്ല. കാല്പന്ത് കളിയിലെ വിശ്വപോരാട്ട വേദിയായി അറിയപ്പെടുന്ന ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുക എന്നത് പോലും അതിമോഹമായി കരുതുന്നവരാണ് പലരും. എന്നാല് ഇന്ത്യന് ഫുട്ബോളില്, ഒരു ജനതയുടെ ആവേശമായി ആ രാജ്യത്തിന്റെ ഫുട്ബോള് വളര്ച്ചയ്ക്ക് കരുത്തായി മാറിയ ഒരു കുറിയ മനുഷ്യനുണ്ട്.. ആരാധകര്ക്കിടിയില് ക്യാപ്റ്റന്, ലീഡര്, ലെജന്ഡ് എന്ന മുന്ന് വാക്കുകളിലാണ് അയാള് അറിയപ്പെടുന്നത്.. പേര് സുനില് ഛേതി.. ( Sunil Chhetri’s future in Indian Football )
ഫുട്ബോള് റെക്കോഡുകള് കൊണ്ട് ലോകോത്തര താരങ്ങള്ക്കൊപ്പമോ തൊട്ടു താഴെയോ ആണ് ഈ ഫുട്ബോള് ഇതിഹാസത്തിന്റെ സ്ഥാനം. രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യന് ഫുട്ബോളില് ആ പേര് നിറഞ്ഞുനില്ക്കുകയാണ്. അതില് തന്നെ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില് ഇന്ത്യന് ഫുട്ബോളിന്റെ വളര്ച്ച സുനില് ഛേത്രി എന്ന അഞ്ചടി ഏഴ് ഇഞ്ചുകാരന്റെ ബൂട്ടുകളെ ആശ്രയിച്ച് തന്നെയായിരുന്നു. മുന്നേറ്റത്തില് കൂട്ടാളികള് മാറി മാറി വന്നിട്ടും ഛേത്രി ഗോളടിച്ചും ഗോളടിപ്പിച്ചും ഇന്ത്യന് ഫുട്ബോളിനെ ഉയരങ്ങളിലേക്ക് നയിച്ചു. തോല്വി മുന്നില്കണ്ട പല മത്സരങ്ങളിലും ഒറ്റയ്ക്ക് പട നയിച്ച് ടീമിനെ വിജയതീരമണച്ചു. ക്യാപ്റ്റന് എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യനായ ലീഡറായിത്തന്നെ അവന് കളിക്കളങ്ങളില് നിറഞ്ഞുനിന്നു.
ഇന്ത്യന് നായകന് സുനില് ഛേത്രിക്ക് ഇപ്പോള് 39 വയസ് പിന്നിട്ടു. ശരാശരി ഒരു ഫുട്ബോള് കളിമൈതാനങ്ങളോട് വിടപറയുന്ന സമയം. എന്നാല് വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വീണ്ടും പറയുമ്പോഴും അദ്ദേഹം ടീമിന് ഒരു ഭാരമായി മാറുന്നില്ലെന്നതാണ് നാം മനസിലാക്കേണ്ടത്. രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയ്ക്കൊടുവിലാണ് ഇന്ത്യന് ഫുട്ബോള് കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില് തന്റെ പേരിനെയും അദ്ദേഹം എഴുതിച്ചേര്ത്തത്.
ഇന്ത്യന് ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്വേട്ടക്കാരനാണ് ഛേത്രി. 150 മത്സരങ്ങളില്നിന്നായി 94 ഗോളുകളാണ് നേടിയത്. ലോകത്ത് നിലവില് പന്തുതട്ടുന്ന താരങ്ങളില് രാജ്യത്തിനായി ഏറ്റവും കൂടുതല് ഗോള് നേടിയവരുടെ പട്ടികയില് മൂന്നാമതാണ് സ്ഥാനം. മുന്നിലുള്ളത് സാക്ഷാല് ലയണല് മെസിയും ക്രിസ്റ്റ്യാനോ റൊണാള്ഡോയും മാത്രം.
ഇന്നലെ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് ലോകകപ്പ് യോഗ്യത മത്സരമുണ്ടായിരുന്നു. യോഗ്യത ഘട്ടത്തിന്റെ മൂന്നാം റൗണ്ട് പ്രതീക്ഷ സജീവമാക്കുന്നതിനായി ജയം അനിവാര്യമായിരുന്നു. പതിവ് പോലെ മത്സരത്തിന്റെ ആദ്യ പകുതിയില് ഛേത്രിയുടെ ഗോളില് മുന്നിട്ടുനിന്ന ഇന്ത്യ, അവസാന മിനുട്ടുകളില് രണ്ട് ഗോള് വഴങ്ങി തോല്വി ഏറ്റുവാങ്ങുകയായിരുന്നു. ഛേത്രിയെ പിന്വലിച്ചതിന് പിന്നാലെയാണ് രണ്ട് ഗോളുകള് വഴങ്ങി സ്വന്തം കാണികള്ക്ക് മുന്നില് ഇന്ത്യന് ടീം തലതാഴ്ത്തി മടങ്ങിയത്. തോല്വിയിലും തലയുയര്ത്തി നിന്നത് സുനില് ഛേത്രി മാത്രമായിരുന്നു. തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ ഛേത്രിക്ക് നിര്ണായക മത്സരത്തില് ഗോളടിക്കാനായി എന്നത് മാത്രമാണ് ആശ്വസിക്കാന് വകയുള്ളത്.
Read Also : ആരാധകരുടെ തലയായി, തലൈവനായ്; ധോണി പടിയിറങ്ങുമ്പോൾ..!
പി.കെ ബാനര്ജിയും സയീദ് അബ്ദുൽ റഹീമും ഐ എം വിജയനും ബൈച്ചുങ് ബൂട്ടിയയും അടക്കമുള്ള ഇതിഹാസങ്ങള് കളംവാണിരുന്ന ഇന്ത്യന് ഫുട്ബോളിന്റെ മടിത്തട്ടിലേക്ക് കടന്നുവന്ന താരമാണ് സുനില് ഛേത്രി. രണ്ട് പതിറ്റാണ്ടിലധികം നീണ്ട കരിയര് പരിസമാപ്തിയുടെ വക്കിലാണ്. എന്നാല് ഇപ്പോഴും നിര്ണായക മത്സരങ്ങളില് ഗോളടിച്ച് ടീമിന്റെ കാവലാളാകാന് 40-ാം വയസിലേക്ക് കടക്കുന്ന അയാള് തന്നെ വേണം എന്നതാണ് ഇന്ത്യന് ഫുട്ബോളിന്റെ അവസ്ഥ. ലാലിയന്സുവാല ചാങ്തെ, ആഷിഖ് കരുണിയന്, സഹല് അബദുസമദ്, ഉദാന്ത സിങ് തുടങ്ങി, ഇന്ത്യന് ടീമില് പ്രതിഭകള് ഒരുപാടുണ്ട്. എന്നാല് സുനില് ഛേത്രിയുടെ പകരക്കാരനെ കണ്ടെത്താന് ഇതുവരെ ഇന്ത്യന് ഫുട്ബോളിനായിട്ടില്ല എന്നതാണ് കഴിഞ്ഞുപോയ സാഫ് കപ്പും ഏഷ്യന് കപ്പുമെല്ലാം കാണിച്ചുതന്നത്. ഇനിയും എത്രകാലം ഛേത്രി ഇന്ത്യയുടെ നീലക്കുപ്പായത്തില് കളത്തിലിറങ്ങുമെന്ന് നിശ്ചയമില്ല. ആരാധകര്ക്ക് മുന്നില് കൈകൂപ്പി നന്ദി അറിയിക്കാന് ഉണ്ടാകുമെന്നറിയില്ല.. എന്നാല് ഒന്നുറപ്പാണ്.. ആ കുറിയ മനുഷ്യന് കളിക്കളത്തിനോട് വിടപറയുന്നതിന് മുമ്പ് അയാള് സൃഷ്ടിച്ച റെക്കോഡുകള് തിരുത്തിയെഴുതാന് ഒരാള്ക്കും കഴയില്ല.
Story highlights : Sunil Chhetri’s future in Indian Football