രാജനഗരിയിലേക്ക് കൊച്ചി മെട്രോ; ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ നാളെമുതൽ പ്രവർത്തനം ആരംഭിക്കും

March 5, 2024

കൊച്ചി: ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള 28 കിലോമീറ്റർ ദൈർഘ്യമുള്ള 25 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്ന അർബൻ റെയിൽ ശൃംഖലയുടെ ആദ്യഘട്ടം പൂർത്തീകരിച്ച് കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊൽക്കത്തയിൽ നിന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ പത്ത് മണിക്ക് കൽക്കത്തയിൽ നിന്ന് ഓൺലൈനായി പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യഘട്ടം പൂർത്തിയാക്കുകയാണ്.

ഏറെ നാളായി കാത്തിരുന്ന തൃപ്പൂണിത്തുറ സ്റ്റേഷൻ തുറക്കുന്നത് കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ എത്തിക്കുമെന്നതിൽ സംശയമില്ല. കാരണം,തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം ചില ട്രെയിനുകൾ ഇടയ്ക്കിടെ നിർത്തിയിടുന്നത് കാരണം, മെട്രോയിലേക്ക് പോകാൻ എളുപ്പമാണ്. ഇതോടെ ട്രാഫിക് മൂലം കാലതാമസം നേരിടുന്ന കൊച്ചി നഗരത്തിലേക്കുള്ള റെയിൽവേ യാത്രക്കാർക്ക് ടെർമിനൽ ആരംഭിക്കുന്നത് ഒരു സന്തോഷവാർത്തയാണ്.

Read also: ‘ഇരുമെയ്യാണെങ്കിലും, കാലന്റെ കയറാണീ ടയറുകൾ’; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

ഉദ്ഘാടന ദിവസം, ഭിന്നശേഷിക്കാരായ കുട്ടികളെ ഉൾപ്പെടുത്തി ആദ്യ ട്രെയിൻ രാവിലെ 10 മണിക്ക് ആലുവയിലേക്ക് പുറപ്പെടും. അതിനുശേഷം തൃപ്പൂണിത്തുറ-ആലുവ റൂട്ടിൽ നിരക്കുകൾ അനുസരിച്ചുള്ള സർവീസുകൾ ആരംഭിക്കും. ആലുവയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള ടിക്കറ്റ് നിരക്കായി കൊച്ചി മെട്രോ 75 രൂപ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഉദ്ഘാടന ഓഫറിൻ്റെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രക്കാരിൽ നിന്ന് 60 രൂപ മാത്രമേ ഈടാക്കൂ.

Story highlights- Tripunithura Metro terminal set to open on March 6