കലണ്ടറിൽ ഫെബ്രുവരി 30 ഉൾപ്പെടുത്തിയ രാജ്യങ്ങൾ; കാരണം അറിയാം..!

March 4, 2024

നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കടന്നു വരുന്ന ദിവസമാണ് ഫെബ്രുവരി 29. ഒരു അധിക ദിവസം കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ ആ വര്‍ഷത്തെ അധിവര്‍ഷം അല്ലെങ്കില്‍ ലീപ് ഇയര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. അത്തരത്തിലൊരു ലീപ് ഇയറായിരുന്നു 2024. എന്നാല്‍ ഫെബ്രുവരിയില്‍ 30 ദിവസം കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ട് സംഭവങ്ങളുണ്ടായിട്ടുണ്ടെന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. ( Two Countries Added February 30 To Their Calendars )

രേഖകള്‍ പ്രകാരം, സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രമായ സ്വീഡന്‍ കലണ്ടര്‍ തയ്യാറാക്കിയപ്പോഴുണ്ടായ ഒരു പിശകിനെ തുടര്‍ന്ന് 1712 ഫെബ്രുവരി 30 എന്ന തീയതി കലണ്ടറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. വിപ്ലവ കലണ്ടര്‍ പിന്തുടരുന്നതിന് വേണ്ടി സോവിയറ്റ് യൂണിയന്‍ 1930, 1931 വര്‍ഷങ്ങളില്‍ ഫെബ്രുവരി 30 കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1700-ല്‍ സ്വീഡന്‍ ജൂലിയന്‍ കലണ്ടറില്‍ നിന്ന് ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറുന്നതിനായി തീരുമാനിച്ചു. അതുകൊണ്ടുതന്നെ ജൂലിയന്‍ കലണ്ടറില്‍ അധിവര്‍ഷമാകേണ്ട 1700 രാജ്യത്ത് അധിവര്‍ഷമായിരുന്നില്ല.
എങ്കിലും 1704, 1708 വര്‍ഷങ്ങള്‍ അബദ്ധത്തില്‍ അധിവര്‍ഷങ്ങളായി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ജൂലിയന്‍ കലണ്ടറില്‍ നിന്ന്, ഗ്രിഗോറിയന്‍ കലണ്ടറിലേക്കുള്ള സ്വീഡന്റെ മാറ്റത്തിന് തിരിച്ചടിയായി. അതോടെ രാജ്യം വീണ്ടും ജൂലിയന്‍ കലണ്ടറിലേക്ക് മടങ്ങുകയായിരുന്നു.

1712-ല്‍ വീണ്ടും ജൂലിയന്‍ കലണ്ടര്‍ പുനസ്ഥാപിക്കുകയും ആ വര്‍ഷം 2 ലീപ്പ് ദിനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തതോടെ ഫെബ്രുവരിയില്‍ 30 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. 1753 -ലാണ് സ്വീഡന്‍ അവസാനമായി ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയത്. ആ വര്‍ഷം 11 ദിവസം കുറവ് വരുത്തി ഫെബ്രുവരി 17-ല്‍ അവസാനിച്ചു. എന്നാല്‍ ഈ കലണ്ടര്‍ മാറ്റത്തില്‍ ആളുകള്‍ തൃപ്തരായിരുന്നില്ല. ഇത് കാരണം തങ്ങളുടെ ജീവിതത്തിലെ 11 ദിവസം നഷ്ടപ്പെട്ടുവെന്നാണ് അവര്‍ വിശ്വസിച്ചത്.

Read Also : തുടക്കം 1000 രൂപ മുതൽ മുടക്കിൽ, ഇന്ന് മാസം 4.5 കോടി വിറ്റുവരവ്; രാമേശ്വരം കഫേയുടെ വിജയരഹസ്യം ഇത്..!

1929 -ല്‍ സോവിയറ്റ് യൂണിയന്‍ വിപ്ലവ കലണ്ടര്‍ കൊണ്ടുവന്നതോടെ 1930-1931 വര്‍ഷങ്ങളില്‍ ഫെബ്രുവരി 30 ദിവസങ്ങളായിരുന്നു. ആഴ്ചയില്‍ അഞ്ച് ദിവസങ്ങളാണ് ഉണ്ടായിരുന്നത്., അതേസമയം എല്ലാ പ്രവൃത്തി മാസവും 30 ദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അവശേഷിക്കുന്ന അഞ്ചോ ആറോ ദിവസങ്ങളെ ‘മാസമില്ലാത്ത’ അവധികള്‍ എന്ന് വിളിക്കുന്നു. ആഴ്ചയിലെ അവധി ദിവസം ഒഴിവാക്കി വ്യാവസായിക കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയായിരുന്നു പുതിയ വിപ്ലവ കലണ്ടറിന്റെ ഉദ്ദേശം. എന്നാല്‍ 1940-ല്‍ ഈ കലണ്ടര്‍ ഉപേക്ഷിച്ചു, കാരണം ഞായറാഴ്ചത്തെ വിശ്രമദിനം പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു.

Story highlights : Two Countries Added February 30 To Their Calendars