വേഗം മണിക്കൂറിൽ 155.8 കിലോമീറ്റർ; തീപ്പന്തുകളുമായി പഞ്ചാബിനെ തകർത്ത രാജധാനി എക്‌സ്പ്രസ്..!

March 31, 2024

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് അനായാസം ജയത്തിലേക്ക് ബാറ്റുവീശുന്നു. പഞ്ചാബ് ഇന്നിങ്‌സ് 11 ഓവര്‍ പിന്നിട്ടു. സ്‌കോര്‍ബോര്‍ഡില്‍ വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സ്. ഓപ്പണര്‍മാരായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ധവാനും ബെയര്‍‌സ്റ്റോയും ലഖ്‌നൗ ബോളര്‍മാര്‍ക്കെതിരെ അനായാസം ബൗണ്ടറികള്‍ കണ്ടെത്തുകയാണ്. 12-ാം ഓവര്‍ എറിയാനായി നിയോഗിക്കപ്പെട്ടത് ഐപിഎല്ലിലെ ആദ്യ മത്സരത്തിനിറങ്ങിയ ഡല്‍ഹിക്കാരന്‍ 21-കാരന്‍. മായങ്ക് യാദവ് എന്ന യുവ പേസര്‍ക്ക് ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി കിട്ടാന്‍ ഈ ഓവര്‍ തന്നെ ധാരാളമായിരുന്നു. ( Who is Mayank Yadav IPL 2024 )

ശിഖര്‍ ധവാന് എതിരെ മായങ്കിന്റെ ആദ്യ പന്ത് എത്തിയത് മണിക്കൂറില്‍ 155.8 എന്ന വേഗതയില്‍. 2024 ഐപിഎല്‍ സീസണിലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ പന്തായിരുന്നു അത്. എന്നാല്‍ വേഗം കൊണ്ടു മാത്രം വിറപ്പിക്കുന്നതായിരുന്നില്ല മായങ്കിന്റെ ബോളിങ്. 149 കിലോമീറ്റര്‍ വേഗത്തിലെത്തിയ രണ്ടാം പന്തില്‍ ധവാന്‍ പുള്‍ ഷോട്ടിന് ശ്രമിച്ചെങ്കിലും ഉദ്ദേശിച്ചപോലെ കണക്ട് ചെയ്യാനായില്ല. ഇതോടെ ഒരു റണ്‍ ഓടിയെടുത്ത് ബെയര്‍സ്‌റ്റോയ്ക്ക് സ്ട്രൈക്ക് കൈമാറി. മായങ്കിനെ ശ്രദ്ധാപൂര്‍വം നേരിട്ട ബെയര്‍സ്‌റ്റോ ആദ്യ പന്തില്‍ റണ്ണൊന്നും നേടിയില്ല. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബെയര്‍‌സ്റ്റോയെ സ്‌റ്റോയിനിസിന്റെ കൈകളിലെത്തിച്ച മായങ്ക് ഐപിഎല്‍ കരിയറിലെ തന്റെ കന്നി വിക്കറ്റ് നേട്ടം ആഘോഷമാക്കി.

പിന്നീട് ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ പ്രഭ്‌സിമ്രാനെ 14-ാം ഓവറില്‍ പുറത്താക്കിയ മായങ്ക്, തന്റെ അവസാന ഓവറില്‍ ജിതേഷ് ശര്‍മയെയും പുറത്താക്കി അരങ്ങേറ്റം ഗംഭീരമാക്കി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങിയാണ് മായങ്ക് പഞ്ചാബിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഈ ബോളിങ് പ്രകടനത്തിന് മുന്നിലാണ് പഞ്ചാബിന്റെ ചേസിങ്ങിന്റെ താളം തെറ്റിയത്. പിന്നീട് മത്സരത്തില്‍ ആധിപത്യം കൈക്കലാക്കിയ ലഖ്‌നൗ 21 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ഒരു യുവതാരം അരങ്ങേറുന്നു എന്നതിലുപരി മായങ്കില്‍ നിന്നും വലിയ അത്ഭുതമൊന്നും ലഖ്‌നൗ പ്രതീക്ഷിച്ചുകാണില്ല. എന്നാല്‍ തന്റെ തീപാറും പന്തുകളാല്‍ കൈവിട്ട മത്സരം തിരികെപ്പിടിച്ചതോടെ മായങ്ക് ആരാധകര്‍ പ്രശംസകളാല്‍ മൂടി.

വേഗം കൊണ്ടു ആദ്യ ഐപിഎല്‍ മത്സരത്തില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച മായങ്കിനെ ഇന്ത്യന്‍ അക്തര്‍ എന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്. 161 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറിനെ റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നാണ് വിളിച്ചിരുന്നത്. മായങ്ക് യാദവിനെ രാജ്ധാനി എക്‌സ്പ്രസ് എന്ന് വിളിക്കും. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനാണ് ഇതെന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.

Raed Also : ഇനിയും എത്രകാലം ആ ഒറ്റയാനെ മൈതാനത്ത് കാണാം; ഗോളടിയിൽ ആരായിരിക്കും ഛേത്രിയുടെ പിൻഗാമി..?

2022ലെ ഐപിഎല്‍ താര ലേലത്തിലാണ് മായങ്കിനെ ആദ്യമായി ലഖ്‌നൗ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരിക്കേറ്റതോടെ സീസണ്‍ നഷ്ടമായി. 2023 സീസണിലും കളത്തിലിറങ്ങാനായില്ല. പരിക്കേറ്റ മായങ്കിന് പകരം മറ്റൊരു ആഭ്യന്തര താരമായ അര്‍പിത് ഗലേറിയയെ ലഖ്നൗ ടീമിലെടുക്കുകയായിരുന്നു. ടി20 കരിയറില്‍ പത്ത് മല്‍സരങ്ങളില്‍ നിന്ന് 12 വിക്കറ്റാണ് മായങ്ക് വീഴ്ത്തിയത്. 2022-ല്‍ ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറിയ താരം 17 കളിയില്‍ നിന്ന് വീഴ്ത്തിയത് 34 വിക്കറ്റുകളാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമാണ് മായങ്ക്.

Story highlights : Who is Mayank Yadav IPL 2024