ആവശ്യമായി സ്ഥലമില്ല, യുവതിയുടെ കൂൺ കൃഷി ബെഡ്‌റൂമിൽ; പ്രതിദിനം നേടുന്നത് 2000 രൂപ

March 26, 2024

പരിമിതമായ സ്ഥല സൗകര്യങ്ങളില്‍ ബിസിനസ് തുടങ്ങുന്ന നിരവധിയാളുകളുണ്ട്. വലിയ തുക നിക്ഷേപിച്ച് ബിസിനസ് ആരംഭിക്കുക എന്ന പലര്‍ക്കും അപ്രാപ്യമായ കാര്യമാണ്. അതുകൊണ്ടാണ് പലരും സ്വന്തം വീടുകളിലും മറ്റു ചെറിയ സ്ഥലങ്ങളിലുമെല്ലാം സംരഭങ്ങള്‍ ആരംഭിക്കുന്നത്. അത്തരത്തില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിച്ച ലാഭം കൈവരിക്കുന്ന അനേകം പേരെ നമുക്ക് കാണാനാകും. അത്തരം സംരംഭകർക്ക് ആവശ്യമായ വിഭവങ്ങൾ നൽകാനും ഗവൺമെൻ്റും വളരെയധികം പരിശ്രമങ്ങൾ നടത്തുന്നുണ്ട്. വീടുകളില്‍ സംരംഭങ്ങള്‍ ആരംഭിച്ച് നേട്ടം കൊയ്യുന്നതില്‍ മു്ന്നില്‍ സ്ത്രീകള്‍ തന്നെയാണ്. അത്തരത്തില്‍ സ്വന്തം വീട്ടിലെ ചെറുകിട സംരംഭത്തില്‍ നിന്ന് മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കിയ ഒരാളാണ് ബിഹാറിലെ മതിഹാനിയില്‍ നിന്നുള്ള നിഷ എന്ന യുവതി. ( Woman cultivated mushroom in bedroom )

സ്ഥലപരിമിതി കാരണം സ്വന്തം വീട്ടിലെ മുറിയില്‍ കൂണ്‍ വളര്‍ത്തി അതില്‍ നിന്നും ലാഭമുണ്ടാക്കിയിരിക്കുകയാണ് ഈ യുവതി. സര്‍ക്കാരില്‍ നിന്നും ലഭിച്ച സൗജന്യ വിത്തുകളും പോളിത്തീന്‍ ബാഗുകളും കെമിക്കലുകളുമാണ് അവളെ കൂണ്‍ കൃഷിയില്‍ സഹായിച്ചത്. അത് കൂടാതെ അഗ്രികള്‍ച്ചറല്‍ സയന്‍സ് സെന്ററില്‍ നിന്നും എങ്ങനെ നന്നായി കൂണ്‍ വളര്‍ത്തിയെടുക്കാം എന്നതില്‍ പരിശീലനം നേടിയിരുന്നു. അഞ്ച് ദിവസത്തെ ക്ലാസില്‍ നിന്ന് ലഭിച്ച അറിവുകളും കൃഷിയില്‍ സഹായകരമായി.

സ്വന്തമായി ഭൂമിയോ മറ്റ് കെട്ടിടമോ ഇല്ലാത്തതിനാല്‍ അവള്‍ക്ക് വീടിനകത്ത് തന്നെ കൂണ്‍ കൃഷി ചെയ്യേണ്ടി വന്നു. അതും വീട്ടിലെ തന്റെ ബെഡ്‌റൂമിലാണ് അവള്‍ കൂണ്‍ വളര്‍ത്തിയത്. വീട്ടിലെ ബെഡ്‌റൂമില്‍ കൂണ്‍ വളര്‍ത്താന്‍ കെമിക്കലുകള്‍ തന്നെ സഹായിച്ചു എന്നാണ് ഒരു അഭിമുഖത്തിനിടെ നിഷ വ്യക്തമാക്കിയത്.

ഇലകളിലും മറ്റു വസ്തുക്കളിലും ബാവിസ്റ്റിന്‍ കുമിള്‍ നാശിനി എന്ന രാസവസ്തു ചേര്‍ത്ത ശേഷം 12 മണിക്കൂര്‍ വെച്ചു. പിന്നീടാണ് ഉത്പാദനപ്രക്രിയ ആരംഭിക്കുന്നത്. പോളീത്തീന്‍ ബാഗുകളിലാണ് വിത്തുകള്‍ നടുന്നത്. പിന്നീട് ചെറിയ കയറുകളില്‍ മുറിയില്‍ കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത്. മുറിയിലെ താപനില ക്രമീകരിക്കുന്നതിനായി വായുസഞ്ചാരം ഉറപ്പിക്കുകയും ഫാന്‍ ഘടിപ്പിക്കുകയും ചെയ്യുന്നു.

Read Also : ശാരീരിക പരിമിതി ഒരു തടസമായില്ല; 62-ാം വയസിൽ വേമ്പനാട് കായൽ നീന്തിക്കടന്ന് ഭിന്നശേഷിക്കാരി

ഗ്രാമത്തിലാണെങ്കില്‍ കിലോയ്ക്ക് 200 രൂപ നിരക്കില്‍ കൂണ്‍ വാങ്ങാന്‍ ആളുകളുണ്ട്. ദിവസവും താന്‍ 2000 രൂപ വരെ ഇതിലൂടെ നേടുന്നുണ്ടെന്നാണ് എന്നും നിഷ പറയുന്നത്.

Story highlights ; Woman cultivated mushroom in bedroom