വെള്ളം അലര്‍ജി, സ്വന്തം വിയർപ്പ് പോലും വില്ലൻ; കുളിക്കാൻ വരെ കഴിയുന്നില്ലെന്ന് 22-കാരി

March 5, 2024

വെള്ളം അലര്‍ജിയാണെന്നും കുളിക്കാന്‍ മടിയാണെന്നും ചിലരെങ്കിലും പറയുന്നത് നാം കേട്ടിട്ടുണ്ട്. തമാശയായി പറയുന്ന ഈ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു അലര്‍ജി രോഗവുമായി ജീവിക്കുന്ന യുവതിയെക്കുറിച്ചാണ് ഇനി പറയുന്നത്. യുഎസിലെ സൗത്ത് കരോലിനയില്‍ നിന്നുള്ള ലോറന്‍ മോണ്ടെഫസ്‌കോ എന്ന യുവതിയാണ് ഈ അത്യപൂര്‍വ്വ രോഗവുമായി ബുദ്ധിമുട്ടുന്നത്. വെള്ളം അലര്‍ജിയായതിനാല്‍ തനിക്ക് കുളിക്കാന്‍ പോലും കഴിയില്ലെന്നാണ് 22-കാരിയായ ലോറന്‍ പറയുന്നത്. ശരീരത്തില്‍ വെള്ളം തൊടുമ്പോള്‍ തന്നെ ശക്തമായ അലര്‍ജി അനുഭവപ്പെടുന്നെന്നും ലോറന്‍ പറയുന്നു. ( Woman diagnosed with Aquagenic Urticaria disease )

ആധുനിക വൈദ്യശാസ്ത്രത്തില്‍ വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ‘അക്വാജെനിക് അര്‍ട്ടികാരിയ’ എന്ന രോഗാവസ്ഥയിലൂടെയാണ് ലോറന്‍ മോണ്ടെഫസ്‌കോ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശരീരത്തില്‍ വെള്ളം തട്ടുമ്പോള്‍ ആ ഭാഗത്തെ തൊലി ചുവന്ന് തടിക്കുയ്കയും ചുണങ്ങ് പോലെ ചൊറിഞ്ഞ് പൊട്ടുകയും ചെയ്യുന്നതാണ് ഇതിന്റെ ലക്ഷണം. കുളിക്കുമ്പോഴോ മറ്റെന്തെങ്കിലും തരത്തിലോ വെള്ളവുമായി സമ്പര്‍ക്കമുണ്ടാകുന്നതോടെ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. ഇത് ഏതാണ്ട് ഒരു മണിക്കൂറോളം നേരം തുടരുമെന്നും ലോറന്‍ പറയുന്നു. ഇതുവരെ 37 പേര്‍ക്ക് മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

വെള്ളവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതോടെ ചര്‍മത്തിന്റെ ഉപരിതലത്തിന് താഴെയായി ശക്തമായ ചൊറിച്ചില്‍ അനുഭവപ്പെടും. ചൊറിയാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെങ്കിലും അത് സഹിക്കാവുന്നതിലും അപ്പുറമാണ്. കൂടുതല്‍ അസ്വസ്ഥത അനുഭവപ്പെടുന്ന സമയത്ത താന്‍ നഖം വച്ച് അമര്‍ത്താറാണെന്നും ഈ സമയം വേദന കാരണം ചൊറിച്ചില്‍ അറിയില്ല. 12-ാം വയസിലാണ് ആദ്യമായി ഈ പ്രശ്‌നം തിരിച്ചറിഞ്ഞതെന്നും ലോറന്‍ കൂട്ടിച്ചേര്‍ത്തു.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഈ വിചിത്രമായ രോഗാവസ്ഥയ്ക്ക് ചികിത്സയില്ല. പരമാവധി വെള്ളവുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന എന്നത് മാത്രമാണ് പരിഹാരം. അതുകൊണ്ടുതന്നെ കുറച്ചു വെള്ളവും തുണിയും ഉപയോഗിച്ച് വേഗത്തില്‍ കുളിച്ചുവെന്ന് വരുത്തുന്നതാണ് തന്റെ രീതിയെന്നും ലോറന്‍ പറയുന്നു. വേദനയും അസ്വസ്ഥയും കാരണം കുളിക്കാതിരിക്കുക എന്നത് തനിക്ക് സ്വീകാര്യമായ കാര്യമല്ലെന്നും ലോറന്‍ കൂട്ടിച്ചേര്‍ത്തു.

Read Also: ശാരീരിക പരിമിതികളെ മികവും ആത്മവിശ്വാസവും കൊണ്ട് കീഴടക്കി; എസ്.എസ്.എൽ.സി പരീക്ഷയെഴുതി ആസിം

സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രശ്നം പങ്കുവച്ചതോടെ ഇതേ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കമ്മ്യൂണിറ്റിയെ കണ്ടെത്താനും യുവതിക്കായി. മറ്റ് രോഗബാധിതരെ കണ്ടെത്താനും മറ്റുള്ളവര്‍ക്കും തന്നെപ്പോലെ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നതും മനസിലായതോടെ ഈ പ്രശ്‌നത്തെ ആത്മവിശ്വാസത്തോടെ ഒന്നിച്ച് നേരിടാനാകുമെന്നും യുവതി പറഞ്ഞു.

Story highlights : Woman diagnosed with Aquagenic Urticaria disease