ഏഴാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ഇടമായി ഫിൻലൻഡ്‌; നൂറാം സ്ഥാനത്തും ഇന്ത്യ ഇല്ല

March 25, 2024

2024-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് എത്തുമ്പോൾ തുടർച്ചയായി ഏഴാം വർഷവും ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ലിസ്റ്റ് ചെയ്ത 143 രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്താണ്. സാമൂഹിക പിന്തുണ, വരുമാനം, ആരോഗ്യം, സ്വാതന്ത്ര്യം, ഔദാര്യം, അഴിമതിയുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് 140-ലധികം രാജ്യങ്ങളിലെ സന്തോഷത്തിൻ്റെ അളവാണ് ഈ വാർഷിക റിപ്പോർട്ട് വിലയിരുത്തുന്നത്.

മാർച്ച് 20 ന് അന്താരാഷ്ട്ര സന്തോഷ ദിനത്തോടനുബന്ധിച്ചാണ് വർഷം തോറും ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. നോർഡിക് രാജ്യങ്ങൾ ആണ് ഇത്തവണയും ഒന്നാം റാങ്കിംഗിൽ ആധിപത്യം തുടരുന്നത്. ഡെന്മാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നിവ ഫിൻലാൻ്റിന് തൊട്ടുപിന്നാലെയുണ്ട്.

അതേസമയം, അഫ്ഗാനിസ്ഥാൻ ലോകത്തിലെ ഏറ്റവും അസന്തുഷ്ടമായ രാജ്യമെന്ന പദവിയാണ് നേടിയത്. ലെബനൻ, ലെസോത്തോ, സിയറ ലിയോൺ, കോംഗോ എന്നിവയാണ് പട്ടികയുടെ ഏറ്റവും താഴെയുള്ള അഫ്ഗാനിസ്ഥാനിനൊപ്പം ചേരുന്ന സന്തോഷം കുറഞ്ഞ രാജ്യങ്ങൾ.

കഴിഞ്ഞ വർഷവും 126-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇത്തവണയും അതിൽ മാറ്റമില്ല. എന്നാൽ രസകരമെന്നു പറയട്ടെ, ഇന്ത്യയുടെ എല്ലാ അയൽരാജ്യങ്ങളും ഇന്ത്യയെ അപേക്ഷിച്ച് ഉയർന്ന റാങ്കുകളാണ് സർവേയിൽ നേടിയത്. ചൈന 60, നേപ്പാൾ 93, പാകിസ്ഥാൻ 108 , മ്യാൻമർ 118 എന്നിങ്ങനെയാണ് റാങ്കിങ്.

Read also: എട്ട് മാസം പ്രായം, കുഞ്ഞുവാവ മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ..!

അതേസമയം, സംഘർഷങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഇസ്രായേൽ അഞ്ചാം സ്ഥാനത്തെത്തി. ഹമാസുമായുള്ള യുദ്ധം പോലുള്ള വിനാശകരമായ സംഭവങ്ങൾ ഉണ്ടെങ്കിലും റാങ്കിങ്ങിൽ ഒന്നാമതെത്തിയത് സർവേ കഴിഞ്ഞ മൂന്നുവർഷത്തെ ശരാശരി എടുക്കുന്നതുകൊണ്ടാണ്.

Story highlights- world’s happiness index report 2024