മൂന്നാം നമ്പർ ഗോൾകീപ്പറില് നിന്നും റയലിന്റെ സൂപ്പർ ഹീറോയിലേക്കുള്ള ദൂരം; ആൻഡ്രിൻ ലുനിൻ ഹാപ്പിയാണ്..!
ലോകത്തിലെ സന്തോഷവാനായ മനുഷ്യന് ഞാനാണ്. കിരീടത്തിലേക്കുള്ള വഴിയില് റയലിനെ സഹായിക്കുന്നതില് അഭിമാനമുണ്ട്. ആരാധരുടെ പിന്തുണയ്ക്ക് നന്ദി. മാഞ്ചസ്റ്റര് സിറ്റിക്കെതിരായ പെനാല്റ്റി ഷൂട്ടൗട്ട് വിജയത്തിന് ശേഷം റയല് മാഡ്രിഡ് ഗോള്കീപ്പര് ആന്ഡ്രിന് ലുനിന് പറഞ്ഞ വാക്കുകളാണ് ഇത്. ഇത്തിഹാദില് മാഞ്ചസ്റ്റര് സിറ്റിയുടെ സമഗ്രാധിപത്യം കണ്ട മത്സരത്തില് ആന്ഡ്രിന് ലുനിന് നടത്തിയ പ്രകടനമാണ് മാഡ്രിഡിന്റെ വിജയത്തില് നിര്ണായകമായത്. മത്സരത്തില് മികച്ച സേവുകളുമായി കളംനിറഞ്ഞ താരം ഷൂട്ടൗട്ടില് രണ്ട് സിറ്റി താരങ്ങളുടെ കിക്ക് തടഞ്ഞിട്ടാണ് റയലിന്റെ ഹീറോയായത്. ( Andriy Lunin about Real Madrid’s win against Manchester City )
2018-ല് മൂന്നാം ഗോള് കീപ്പറായിട്ടാണ് ആന്ഡ്രിന് ലുനിന് റയല് മാഡ്രിഡിലെത്തുന്നത്. പരിചയ സമ്പന്നരായ കെയ്ലര് നവാസും തിബോ കോര്ട്ടോയും ഗോള്വല കാക്കുന്ന റയലില് ലൂനിന് അവസരം ലഭിക്കുക എന്നതും തികച്ചും അസാധ്യമായ കാര്യമായിരുന്നു. ഇതോടെ യുക്രെനിയന് താരത്തെ റയല് ലോണില് വിട്ടു. 2017 മുതല് 2020 വരെയുള്ള സീസണികളില് ലഗാനെസ്, വല്ലാഡോലിഡ്, ഒവിഡോ ടീമുകളിലാണ് ലോണ് അടിസ്ഥാനത്തില് ലൂനിന് ഗോള്വല കാത്തത്.
മൂന്ന് വര്ഷത്തെ ലോണ് കാലയളവിന് ശേഷം റയലില് തിരിച്ചെത്തിയ ലൂനിന് 2021 ലെ കോപ്പ ഡെല് റെ മത്സരത്തില് റയലിനായി അരങ്ങേറ്റം കുറിച്ചു. 2022-ല് അത്ലറ്റികോ മാഡ്രിഡിനെതിരെ ആദ്യ ലീഗ് മത്സരത്തില്് കളത്തിലിറങ്ങി. അതേ സീസണില് ഷാക്തര് ഡൊണെട്സികിനെതിരായ മത്സരത്തിലാണ് ചാമ്പ്യന്സ് ലീഗില് കളത്തിലിറങ്ങി. കിട്ടിയ അവസരങ്ങളെല്ലാം മികച്ച രീതിയില് വിനിയോഗിച്ച ലൂനിന് റയല് പരിശീലകന് കാര്ലോസ് ആ്ഞ്ചലോട്ടിയുടെ വിശ്വാസം കാത്തു.
ഈ സീസണിലും റയലിന്റെ മൂന്നാം ഗോള്കീപ്പറായിട്ടാണ് 25-കാരന് കളിതുടങ്ങിയത്. ഒന്നാം നമ്പര് ഗോള്കീപ്പര് തിബോ കോര്ട്ടോ പരിക്കേറ്റ് പുറത്തയതോടെ ലൂനിന് ഒന്ന് രണ്ട മത്സരങ്ങളില് അവസരം ലഭിച്ചു. പിന്നാലെ ചെല്സിയില് നിന്നും കെപ അരിസബലാഗയെ ലോണില് എത്തിച്ചതോടെ വീണ്ടും ബഞ്ചിലിരിക്കാനായിരുന്നു വിധി. എന്നാല് ഫുട്ബോള് ദൈവം ലൂനിനൊപ്പമായിരുന്നു. ഈ സീസണില് ഗ്രൂപ്പ് ഘട്ടത്തില് ബ്രാഗയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ കെപ്പയ്ക്ക് പരിക്കേറ്റതോടെ റയലിന്റെ ഗോള് വല കാക്കാനുള്ള ദൗത്യം ലൂനിനെ തേടിയെത്തി. മത്സരത്തിന്റെ നാലാം മിനുട്ടില് തന്നെ ബ്രാഗ താരത്തിന്റെ പെനാല്റ്റി രക്ഷപ്പെടുത്തിയ താരം റയലിനെ ഗ്രൂപ്പ് ചാമ്പ്യന്മാരാക്കുന്നതില് നിര്ണായക പങ്കുവഹിച്ചു. ഇതോടെ റയലിന്റെ ആദ്യ ഇലവനില് താരം സ്ഥാനമുറപ്പിച്ചു.
ചാമ്പ്യന്സ് ലീഗ് നോക്കൗട്ടില് ജര്മന് ക്ലബ് ആര്.ബി ലെയ്പ്സിഗിനെതിരായ മത്സരത്തോടെയാണ് ലൂനിന് ശ്രദ്ധനേടുന്നത്. അതുവരെ ലൂനിന്റെ മികവില് സംശയം പ്രകടിപ്പിച്ചിരുന്ന ആരാധകര്ക്കുള്ള മറുപടിയായിരുന്നു അത്. റയല് മാഡ്രിഡിനെ വിറപ്പിച്ച് ലെയ്പ്സിഗിന്റെ ഒമ്പത് ഷോട്ടുകള് സേവ് ചെയ്ത് റെക്കോഡിനൊപ്പമെത്തിയിരുന്നു. മത്സരശേഷം ആഞ്ചലോട്ടിയും താരത്തിന്റെ മികവിനെ അഭിനന്ദിച്ചിരുന്നു. ഇന്നലെ നടന്ന സിറ്റിക്കെതിരായ മത്സരത്തില് എട്ട് സേവുകളാണ് ലൂനിന് നടത്തിയത്. പെനാല്റ്റി ഷൂട്ടൗട്ടില് ബെര്ണാഡോ സില്വ, മാറ്റിയോ കൊവാസിച്ച് എന്നിവരുടെ പെനാല്റ്റികളും രക്ഷപ്പെടുത്തിയതോടെ റയല് രാജകീയമായി ചാമ്പ്യന്സ് ലീഗിന്റെ സെമി ഫൈനലിലേക്ക് മാര്ച്ച് ചെയ്തു.
റയലിന്റെ മൈതാനത്ത് നടന്ന ആദ്യ പാദം ഇരു ടീമുകളും മൂന്ന് ഗോളുകള് വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. ഇത്തിഹാദില് നടന്ന രണ്ടാം പാദത്തില് സിറ്റിയുടെ സമ്പൂര്ണ ആധിപത്യമായിരുന്നു കണ്ടത്. തുടക്കം മുതല് ആക്രമിച്ചു കളിച്ച സിറ്റിയ്ക്ക് മുന്നില് പ്രതിരോധക്കോട്ട കെട്ടിയാണ് റയല് മറുപടി നല്കിയത്. കിട്ടുന്ന അവസരത്തില് അതിവേഗ കൗണ്ടറുകളിലൂടെ എതിര്പാളയത്തില് പന്തെത്തിക്കുക എന്നതായിരുന്നു റയലിന്റെ തന്ത്രം. മത്സരത്തിന്റെ 12-ാം മിനുട്ടില് ഒരു പ്രത്യാക്രമണത്തില് റോഡ്രിഗോയിലൂടെ ലീഡെടുത്ത റയല് പ്രതിരോധത്തിലേക്ക് വലിയുന്നതാണ് കണ്ടത്. കൃത്യമായി പറഞ്ഞാല് സിറ്റിയുടെ ആക്രമണ ഫുട്ബോളിന് മുന്നില് ഉള്വലിയുക എന്നതല്ലാതെ റയലിന് മറ്റൊരു വഴിയുണ്ടായിരുന്നില്ല.
ടീമിലെ 11 താരങ്ങളും ഒത്തുചേര്ന്ന് ഗോള് പോസ്റ്റിന് മുന്നില് കോട്ട കെട്ടിയതോടെ സിറ്റി താരങ്ങള്ക്ക് ലക്ഷ്യം കാണാനായില്ല. ഇടക്കിടെ പ്രതിരോധം കടന്ന് ഗോളിന് അടുത്ത് എത്തിയെങ്കിലും ആന്ഡ്രിന് ലൂനിനെ മറികടക്കാനായിരുന്നില്ല. ഒടുവില് 76-ാം മിനുട്ടിലാണ് റയലിന്റെ പത്മവ്യൂഹം തകര്ത്ത സിറ്റി സമനില കണ്ടെത്തിയത്. ഇടതു വിങ്ങില് ഗ്രീലിഷിനെ പിന്വലിച്ച് ഡോകുവിനെ കളത്തിലിറക്കിയതാണ് സിറ്റിയ്ക്ക് പ്രതിക്ഷ നല്കിയത്. വേഗമാര്ന്ന നീക്കങ്ങളുമായി കാര്വജാലിനെ കുഴക്കിയ ഡോകു നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് കെവിന് ഡിബ്രുയിന് ലക്ഷ്യം കണ്ടത്. പിന്നാലെ പ്രതിരോധം വിട്ട് റയലും ആക്രമണത്തിനിറങ്ങിയെങ്കിലും നിശ്ചിത സമയത്തും അധിക സമയത്തും ഗോള് മാത്രം പിറന്നില്ല. ഇതോടെയാണ് പെനാല്റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
Story highlights : Andriy Lunin about Real Madrid’s win against Manchester City