കോളജിൽ പോയിട്ടില്ലെങ്കിലെന്താ; 31 -ാം വയസിൽ ബെൻ ന്യൂട്ടൺ സമ്പാദിക്കുന്നത് 10 കോടി!

April 20, 2024

ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതം നയിക്കുന്നതിനായി മികച്ച ജോലി ലഭിക്കണം. ഇത് ലഭിക്കാനായി നന്നായി പഠിക്കണം, ഒരുപാട് പഠിക്കണം ഇതൊക്കെ നാം എപ്പോഴും കേള്‍ക്കുന്നതാണ്. ലോകോത്തര നിലവാരമുള്ള കമ്പനികളില്‍ ജോലി നേടുന്നതിനായി മികച്ച വിദ്യഭ്യാസം ആവശ്യമാണ് എന്നതാണ് അതിനൊരു കാരണമായി പറയാറുള്ളത്. എന്നാല്‍ എല്ലാ സമയത്തും അത്തരത്തിലൊരു പതിവ് ആവര്‍ത്തിക്കണമെന്നില്ലല്ലോ. അത്തരത്തില്‍ കയ്യില്‍ പേരിനൊരു ഡിഗ്രി പോലുമില്ലാതെ കോടിക്കണക്കിന് രൂപ സ്മ്പാദിക്കുന്ന ഒരു യുവാവിനെ പരിചയപ്പെടാം. ( Ben Newton never went to college now earns 10 crore salary )

കോളജിന്റെ പടിവാതില്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളാണ് യുകെയിലെ ഡോര്‍സെറ്റ് സ്വദേശിയായ ബെന്‍ ന്യൂട്ടണ്‍. നിലവില്‍ ശമ്പളമായി 10 കോടിയോളം രൂപ ബെന്‍ നേടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിലോയിറ്റ് യുകെയുടെ പങ്കാളിയാണ് 31-കാരനായ ബെന്‍ ന്യൂട്ടണ്‍. തന്റെ 18-ാം വയസിലാണ് ബെന്‍ ഡിലോയിറ്റ് യുകെയില്‍ ജോലിയ്ക്കായി എത്തുന്നത്. 13 വര്‍ഷം മുമ്പ് ഡെലോയിറ്റിന്റെ ബ്രൈറ്റ്സ്റ്റാര്‍ട്ട് അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം വഴിയാണ് കമ്പനിയുടെ ഭാഗമായത്. ഒടുവില്‍ 2022 -ല്‍ അദ്ദേഹം കമ്പനിയുടെ പങ്കാളികളില്‍ ഒരാളായി മാറുകയായിരുന്നു.

സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കായുള്ള ഡിലോയിറ്റ് ബ്രൈറ്റ്സ്റ്റാര്‍ട്ട് പ്രോഗ്രാമില്‍ നിന്നും കമ്പനിയുടെ ആദ്യത്തെ പാര്‍ട്ണറായി ഉയര്‍ന്ന ആദ്യ വ്യക്തിയാണ് ബെന്‍ ന്യൂട്ടണ്‍. ബെന്നിന് കീഴില്‍ കമ്പനി അതിന്റെ റിക്രൂട്ട് പൂള്‍ വിപുലീകരിക്കാനുള്ള പദ്ധതി ആരംഭിച്ചെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ ബാഹ്യ ഓഡിറ്റുകളും, അഷ്വറന്‍സ് പ്രൊജക്ടുകളുമാണ് ന്യൂട്ടണ്‍ കൈകര്യം ചെയ്യുന്നത്. നിലവില്‍ അക്കൗണ്ടിന്റെ യോഗ്യതയുള്ള അദ്ദേഹം ഓഡിറ്ററായാണ് ജോലി ചെയ്യുന്നത്.

ഡെലോയിറ്റിന്റെ അപ്രന്റീസ് പ്രോഗ്രാമില്‍ ചേരുന്നതിന് മു്മ്പായി ബെന്നിന് വാര്‍വിക് യൂണിവേഴ്സിറ്റിയില്‍ ഗണിതശാസ്ത്രത്തില്‍ പഠനത്തിനായി അവസരം ലഭിച്ചിരുന്നു. തന്റെ കുടുംബത്തില്‍ നിന്ന് കോളജ് പഠനത്തിനായി അവസരം ലഭിക്കുന്ന ആദ്യ വ്യക്തിയായിരുന്നു ബെന്‍. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. എന്നാല്‍ വേഗത്തിലൊരു ജോലി നേടി പണം സമ്പാദിക്കുകയായിരുന്നു ബെന്‍ ന്യൂട്ടന്റെ ലക്ഷ്യം.

Read Also : ‘ബിരുദം നേടാനായില്ല, പക്ഷെ സ്വപ്ന ജോലി സ്വന്തമാക്കി’; യുവതിയുടെ വാര്‍ഷിക വരുമാനം 58 ലക്ഷം രൂപ!

ഡോര്‍സെറ്റുകാരനായ ബെന്നിന്റെ പിതാവ് 16-ാം വയസില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ച് സൈന്യത്തില്‍ ചേര്‍ന്ന വ്യക്തിയാണ്. അമ്മ ഒരു പബ്ബിലും പിന്നീട് ട്രാവല്‍ ഏജന്റുമായാണ് പ്രവര്‍ത്തിച്ചിരുന്നത്.

Story highlights : Ben Newton never went to college now earns 10 crore salary