കാന്‍ഡിഡേറ്റ്സ് ചെസ് കിരീടം ചൂടി ഇന്ത്യൻ താരം ഡി ഗുകേഷ്; ലോക ചാമ്പ്യൻഷിപ്പിൽ ഡിംഗ് ലിറനെ നേരിടും
ഫിഡെ കാന്‍ഡിഡേറ്റ്സ് ചെസ് കിരീടം ചൂടി ഇന്ത്യന്‍ താരം ദൊമ്മരാജു ഗുകേഷ്. 14-ാം റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം സ്വന്തമാക്കിയത്. ടൊറന്റോയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പോയിന്റുമായി ഒറ്റയ്ക്ക് മുന്നിലെത്തിയാണ് ഗുകേഷ് അഭിമാനനേട്ടം കൈപ്പിടിയിലാക്കിയത്. ( D Gukesh becomes youngest champion in Candidates chess )
ടൂര്‍ണമെന്റ് ജയത്തോടെ ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യതയും നേടി. കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 17 കാരനായ ഗുകേഷ് മാറി. 2014ല്‍ ഇതിഹാസതാരം വിശ്വനാഥന് ആനന്ദിന് ശേഷം കാന്‍ഡിഡേറ്റസ് ടൂര്‍ണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഗുകേഷ്. മാഗ്നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോള് ഇരുവര്‍ക്കും 22 വയസായിരുന്നു. 12-ാം വയസില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം നേടുന്ന പ്രായംകുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയ ഗുകേഷ് കഴിഞ്ഞ വര്‍ഷം ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.
ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാന്‍ഡിഡേറ്റ്സ്. 2024 ലെ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും. ലോക ചാമ്പ്യന്‍ഷിപ്പിന്റെ തീയതിയും വേദിയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
Read Also : ബുണ്ടസ് ലീഗയ്ക്ക് പുതിയ അവകാശികൾ; സാബി മാജിക്കിൽ ലെവർകൂസന്റെ സിംഹാസനാരോഹണം
റഷ്യയുടെ യാന്‍ നെപ്പോമ്നിഷിയും ടോപ് സീഡായ അമേരിക്കയുടെ ഫാബിയോ കരുവാനയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചത് ഗുകേഷിന് എളുപ്പമായി. രണ്ടുപേരില്‍ ആരെങ്കിലും ജയിച്ചിരുന്നെങ്കില്‍ വിജയിയെ നിര്‍ണയിക്കാന്‍ ടൈ ബ്രേക്കര്‍ ആവശ്യമായി വരുമായിരുന്നു. കാന്‍ഡിഡേറ്റ്സ് ചാമ്പ്യന്‍ഷിപ്പ് ജേതാവിന് 48 ലക്ഷത്തോളം രൂപ സമ്മാനം ലഭിക്കും. രണ്ടാം സ്ഥാനക്കാരന് 28.6 ലക്ഷം രൂപയും മൂന്നാമന് 21.5 ലക്ഷം രൂപയുമാണ് ലഭിക്കുക.
Story highlights : D Gukesh becomes youngest champion in Candidates chess