ബുണ്ടസ് ലീഗയ്ക്ക് പുതിയ അവകാശികൾ; സാബി മാജിക്കിൽ ലെവർകൂസന്റെ സിംഹാസനാരോഹണം

April 15, 2024

ഒരു ദശാബ്ദത്തിലധികമായി ബുണ്ടസ് ലീഗയിലെ ബയേണ്‍ മ്യൂണികിന്റെ അപ്രമാദിത്വത്തിന് അന്ത്യമായിരിക്കുകയാണ്. ജര്‍മന്‍ ഫുട്‌ബോളിന്റെ പുതിയ അവകാശികളായ ബയേര്‍ ലെവര്‍കൂസന്റെ സിംഹാസനാരോഹണത്തിനാണ് ആരാധകര്‍ സാക്ഷിയായത്. സര്‍വമേഖലയിലും ബയേണിന്റെ മേധാവിത്വം പ്രകടമാകുന്ന ജര്‍മന്‍ ലീഗില്‍ പലപ്പോഴും ബൊറുസിയ ഡോര്‍ട്ട്മുണ്ട് മാത്രമാണ് ഒരു മിന്നായം പോലെ വെല്ലുവിളിയുമായി എത്താറുള്ളത്. എന്നാല്‍ ഇത്തവണ ആരാധകരുടെയും വിദഗ്ധരുടെയും കണക്കൂട്ടലുകള്‍ തുടക്കം മുതല്‍ തിരുത്തിക്കുറിച്ച് മുന്നേറുന്ന ബയേര്‍ ലെവര്‍കുസനെയാണ് ഫുട്‌ബോള്‍ ലോകം കണ്ടത്. 120 വര്‍ഷത്തെ ചരിത്രം കയ്യാളുന്ന ലെവര്‍കൂസന്റെ ആദ്യ ജര്‍മന്‍ ലീഗ് കിരീടമാണിത്. കഴിഞ്ഞ സീസണിലെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ ഈ സീസണിലെ കിരീടത്തിലേക്കുള്ള കുതിപ്പിന് പിന്നില്‍ ഒരേയൊരു പേര് മാത്രമാണുള്ളത്, സാബി അലോന്‍സോ.. ( Bayer Leverkusen wins Bundesliga 2024 )

അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് ബയേര്‍ ലെവര്‍കൂസന്റെ കിരീടധാരണം. സ്പാനിഷ് പരിശീലകന്‍ സാബി അലോണ്‍സോയുടെ കീഴില്‍ കളത്തിലിറങ്ങിയ ലെവര്‍കൂസന്‍ തോല്‍വിയറിയാതെയാണ് കിരീടം ഉറപ്പിച്ചത്. 29 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 25 ജയവും നാല് സമനിലയുമായി 79 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബയേണിന് ഇത്രയും മത്സരങ്ങളില്‍ നിന്നും 63 പോയിന്റ് മാത്രമാണുള്ളത്. അതോടൊപ്പം എല്ലാം ടൂര്‍ണമെന്റുകളിലുമായി 43 മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ്. 2011-12 സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ജേതാക്കളായ ശേഷം ലീഗിലെ 11 വര്‍ഷം നീണ്ട ബയേണ്‍ മ്യൂണിക്കിന്റെ ആധിപത്യത്തിന് കൂടിയാണ് അന്ത്യമായത്.

സ്വന്തം മൈതാ വെര്‍ഡെര്‍ ബ്രെമനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ലെവര്‍കൂസന്‍ ചരിത്രം തീര്‍ത്തത്. മത്സരത്തിന്റെ സമഗ്ര മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ലെവര്‍കൂസനെയാണ് കളത്തില്‍ കണ്ടത്. 25-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ വിക്ടര്‍ ബോണിഫേസാണ് ചാമ്പ്യന്‍മാര്‍ക്കായി ആദ്യം വലകുലുക്കിയത്. 60-ാം മിനുട്ടില്‍ ഗ്രനിറ്റ് ഷാക്ക ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തി 68, 83, 90 മിനുട്ടുകളിലായി ഹാട്രിക് നേടിയ ഫ്‌ലോറിയന്‍ വിര്‍ട്ട്‌സ് വിജയം പൂര്‍ത്തിയാക്കി.

സാബി അലോന്‍സോയുടെ പരിശീലക മികവാണ് പേരുകേട്ട വമ്പന്‍ നിരയൊന്നുമില്ലാത്ത ലെവര്‍കുസനെ സുന്ദരമായി ഫുട്‌ബോള്‍ കളിക്കാന്‍ പ്രാപ്തനാക്കിയത്. സാബി അലോന്‍സോ എന്ന സ്പാനിഷ് മിഡ്ഫീല്‍ഡറുടെ കളിയഴകിന് ഫുട്‌ബോള്‍ ലോകം സാക്ഷിയായവരാണ്. ലോകകപ്പിലും യൂറോകപ്പിലുമെല്ലാം സ്പാനിഷ് മധ്യനിരയില്‍ കളിമെനഞ്ഞ ടാക്റ്റിക്കല്‍ ജീനിയസിന്റെ തന്ത്രങ്ങള്‍ ലെവര്‍കുസനിലുടെ ലോകം വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ്.

Read Also : ലെവർകുസനില്‍ വിപ്ലവം തീർത്ത് സാബി അലോന്‍സോ; കാത്തിരിക്കുന്നത് സ്വപനനേട്ടം..!

സാബിയുടെ ശീക്ഷണത്തില്‍ പന്ത് തട്ടുന്ന ടീം ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യമിടുന്നത്. ജര്‍മന്‍ കപ്പില്‍ ഫൈനലിലെത്തിയ സംഘം യൂറോപ്പ ലീഗില്‍ സെമി ഫൈനലിനരികിലാണ്. ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യ പാദത്തില്‍ വെസ്റ്റ്ഹാമിനെതിരെ നേടിയ രണ്ട് ഗോളിന്റെ വിജയം ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. മുന്നോട്ടുള്ള കുതിപ്പില്‍ ഫ്‌ലോറിയന്‍ വിര്‍ട്സ്, ഗ്രനിറ്റ് ഷാക്ക, ബോനിഫെസ്, ഗ്രിമാള്‍ഡോ, ജെറമി ഫ്രിംപോങ് എന്നിവരെല്ലാം സാബിയുടെ ആവനാഴിയിലെ വജ്രായുധങ്ങളാണ്. ഈ മികച്ച താരങ്ങളെയെല്ലാം ഒരു മാലയിലെന്ന പോലെ കോര്‍ത്തിണക്കി ഹാട്രിക് കിരീടം നേടി ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ് സാബി.

Story highlights ; Bayer Leverkusen wins Bundesliga 2024