അന്ധനായി ജനനം; ഇന്ന് ഏവരെയും അമ്പരപ്പിക്കുന്ന ബ്ലൈൻഡ് ഫോട്ടോഗ്രാഫർ!
പല തരത്തിലുള്ള വൈകല്യങ്ങളാൽ ജന്മം കൊണ്ട് എന്നാൽ ജീവിതം കൊണ്ട് അവയെ തോൽപ്പിച്ച് ലോകത്തിന് മുന്നിൽ അത്ഭുതമായി മാറിയ നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ദൈനംദിന ജീവിതം കഠിനമാക്കുന്ന അതെ പരിമിതികളെ തന്നെ തങ്ങളുടെ ശക്തിയാക്കി മാറ്റിയവരുടെ കഥകളും വിരളമല്ല. അത്തരമൊരു കഥയാണ് മുംബൈ സ്വദേശിയായ ഭവേഷിനും പറയാനുള്ളത്. (First Blind Photographer to Shoot a Commercial Campaign)
തങ്ങളുടെ കണ്ണിലൂടെ കാണുന്ന കാഴ്ചകൾ അതിമനോഹരമായ ഓർമയായി പകർത്തുന്നവരാണ് ഫോട്ടോഗ്രാഫർമാർ. എന്നാൽ ഒരു ഫോട്ടോഗ്രാഫറാകാൻ കാഴ്ചശക്തി അനിവാര്യമല്ലെന്ന് തെളിയിക്കുകയാണ് ഭവേഷ് എന്ന അതുല്യപ്രതിഭ.
ജന്മനാ അന്ധനായ ഭവേഷിന് ചെയ്യാൻ ഏറ്റവും ഇഷ്ടമുള്ള കാര്യം ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നതാണ്. ഭവേഷ് പകർത്തിയ ചിത്രങ്ങൾ കണ്ട് മറ്റുള്ളവർ അതിശയം പ്രകടിപ്പിക്കുമ്പോൾ താൻ തെരഞ്ഞെടുത്ത വഴി ശരിയായിരുന്നു എന്ന് അദ്ദേഹം വീണ്ടും മനസ്സിൽ ഉറപ്പിക്കും.
ഭവേഷിനെ വിഷ്വൽ ആർട്ട് ലോകത്തേക്ക് കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ അമ്മാവനാണ്. അമ്മാവനൊപ്പം പലപ്പോഴും ആർട്ട് ഗാലറികൾ സന്ദർശിക്കുമ്പോൾ പെയിൻ്റിംഗുകളെ പറ്റി അദ്ദേഹം ഭവേഷിന് വിവരിച്ച് കൊടുക്കും.
പിന്നീട്, കോളേജിന്റെ ഒന്നാം വർഷം കാഴ്ചയില്ലാത്തവർക്ക് ഫോട്ടോഗ്രാഫി പാഠങ്ങൾ നൽകുന്ന സംഘടനയായ ബ്ലൈൻഡ് വിത്ത് ക്യാമറയുടെ സ്ഥാപകനായ പ്രൊഫസർ പാർഥോ ഭൗമിക് ആണ് ഭാവേഷിനെ ബ്ലൈൻഡ് ഫോട്ടോഗ്രാഫി പരിചയപ്പെടുത്തിയത്. പുതിയ എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഭവേഷ് ഒരു മാസത്തെ കോഴ്സിന് ചേർന്നു.
ഫോട്ടോഗ്രാഫി ഒരാളുടെ കാഴ്ച കഴിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, ഇന്ദ്രിയങ്ങൾ, ശ്രവണ ശക്തി, വസ്തുവുമായുള്ള വൈകാരിക ബന്ധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ബ്ലൈൻഡ് ഫോട്ടോഗ്രാഫി .
ഒരു വ്യക്തിയുടെ ചിത്രം പകർത്തേണ്ടി വരുമ്പോൾ ആദ്യം ഭവേഷ് അവരുടെ തോളിൽ കൈ വെയ്ക്കും. ഇതിലൂടെ അവരുടെ ഉയരം നിർണ്ണയിക്കാൻ സാധിക്കും. പിന്നീട്, അല്പം ദൂരെയായി നിന്ന് അവരോട് സംസാരിക്കും. അതുവഴി ദൂരം മനസിലാക്കും. ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാവും ഭവേഷ് ഒരു ഷോട്ട് സൃഷ്ടിക്കുക.
സോഫ്റ്റ്വെയർ എഞ്ചിനീയറായ ഭവേഷ് പട്ടേലിന് ഫോട്ടോഗ്രാഫി ഒരു ഹോബി മാത്രമല്ല. ലക്സിന് വേണ്ടി നടി കത്രീന കൈഫിനൊപ്പം ഭവേഷ് പകർത്തിയ പരസ്യ ക്യാംപെയ്ൻ ഏറെ ശ്രദ്ധയും പ്രശംസയും നേടിയിരുന്നു. ഒരിക്കലും സാധിക്കില്ല എന്ന് വിധിയും ലോകവും ഒരുപോലെ പറഞ്ഞ കാര്യം ഇച്ഛാശക്തിയോടെ ചെയ്ത് കാണിച്ച ഭവേഷിനെ പോലെയുള്ളവർ യഥാർത്ഥത്തിൽ മികച്ച മാതൃകകൾ എന്നതിലുപരി ജീവിത പാഠങ്ങളാണ്.
Story highlights: First Blind Photographer to Shoot a Commercial Campaign