പ്രൊമാക്സ് അവാർഡ് 2024; തിളക്കമാർന്ന നേട്ടവുമായി ഫ്ലവേഴ്സും ട്വന്റിഫോറും
ടെലിവിഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന പ്രൊമാക്സ് ഇന്ത്യ പുരസ്കാര തിളക്കത്തിൽ ട്വന്റിഫോറും ഫ്ലവേഴ്സും. രണ്ട് സിൽവർ ആണ് ഇത്തവണ നേട്ടം. ട്വന്റിഫോറിലെ ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ, ഫ്ലവേഴ്സ് ടോപ് സിങ്ങർ എന്നീ പരിപാടികളുടെ പ്രൊമോയ്ക്ക് ആണ് പുരസ്കാരം. 60 സെക്കൻഡിലധികം ദൈർഘ്യമുള്ള പ്രൊമോകളുടെ വിഭാഗത്തിൽ മികച്ച സംവിധാനത്തിനുള്ള സിൽവർ പുരസ്കാരത്തിനാണ്, ഗുഡ് മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയുടെ പ്രൊമോ അർഹമായത്. വിവേക് എ എൻ ആണ് പ്രൊമോ സംവിധാനം ചെയ്തത്. ( Flowers and Twentyfour wins Promax award 2024 )
ടി ഡി ശ്രീനിവാസ് ആണ് ഛായാഗ്രഹണം. സാബു മോഹൻ കലാസംവിധാനവും ദിനേശ് ഭാസകർ എഡിറ്റും നിർവഹിച്ചിരിക്കുന്നു. മ്യൂസിക് നന്ദു കർത്ത, സൗണ്ട് മിക്സിങ് ടിജോ സെബാസ്റ്റ്യൻ, കളറിസ്റ്റ് പ്രിജു എന്നിവരും അണിയറയിലുണ്ട്. ചിൽഡ്രൻസ് പ്രൊമോ വിഭാഗത്തിലാണ് ഫ്ലവേഴ്സിന് നേട്ടം. ജനപ്രിയ റിയാലിറ്റി ഷോ ആയ ഫ്ലവേഴ്സ് ടോപ് സിങ്ങർ പ്രൊമോ സിൽവർ പുരസ്കാരം നേടി. മുകേഷ് എം ആണ് സംവിധാനം.
മിഥുൻ മുരളീധരൻ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ ഗ്രാഫിക്സ് ഒരുക്കിയത് സുജേഷ് എ കെ. ദിനേഷ് ഭാസകർ എഡിറ്റിങ്ങും പ്രിജു ജോസ് കളറിങ്ങും നിർവഹിച്ചിരിക്കുന്നു. അഭീഷയ് യൊവാസിന്റേതാണ് സംഗീതം. കലാസംവിധാനം ബിപിൻ.
ടെലിവിഷൻ രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന പ്രോമാക്സ് വേദിയിൽ ഡിസ്നി സ്റ്റാർ, സീ തുടങ്ങിയ വമ്പൻ മാധ്യമങ്ങളോട് മത്സരിച്ചാണ് ഫ്ലവേഴ്സും ട്വിന്റിഫോറും അഭിമാനനേട്ടങ്ങൾ കേരളത്തിലെത്തിച്ചത്. നേരത്തെ 2016,2017,2022 വർഷങ്ങളിലും ഫ്ലവേഴ്സിന് പ്രൊമാക്സ് മീഡിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
1956 ലാണ് പ്രോമാക്സ് നിലവിൽ വന്നത്. പിന്നീട് 1997 ൽ ബ്രോഡ്കാസ്റ്റ് ഡിസൈൻ അസോസിയേഷൻ (ബിഡിഎ) പ്രോമാക്സുമായി ഒത്തു ചേർന്നാണ് ഇന്ന് കാണുന്ന പ്രോമാക്സ് ബിഡിഎ രൂപം കൊള്ളുന്നത്. നൂറോളം രാജ്യങ്ങളിലെ ദൃശ്യമാധ്യമ കലാകാരന്മാർ അംഗങ്ങളായ അന്താരാഷ്ട്ര സംഘടനയാണ് പ്രോമാക്സ്.
Story highlights : Flowers and Twentyfour wins Promax award 2024