വേദന ഇല്ലാത്ത അവസ്ഥ ഒരു അനുഗ്രഹമായി തോന്നിയിട്ടുണ്ടോ? എന്നാൽ ഗാബി ജിൻഗ്രാസിന് അങ്ങനെയല്ല..
ഒരു പല്ലുവേദനയോ തലവേദനയോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ വേദന അനുഭവപ്പെടാത്തവർ ഉണ്ടാകുമോ? അത്തരത്തിൽ വേദനകൾ അനുഭവപ്പെട്ടാൽ അതിനെ പഴിച്ചിരിക്കുന്നത് മനുഷ്യസഹജമായ കാര്യമാണ്. ഇങ്ങനെ എന്തെങ്കിലും വേദന അനുഭവപ്പെടുന്നത് ഒരു തരത്തിൽ അനുഗ്രഹമാണെന്ന് പറഞ്ഞാൽ നിങ്ങൾ അതിനോട് യോജിക്കുമോ..? ഒരു പക്ഷെ എന്ത് ചെയ്തിട്ടും വേദന അനുഭവപ്പെടുന്നില്ലെങ്കിൽ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പഴയ പടിയുണ്ടാകില്ലെന്ന് തന്നെ പറയാം. ( Gabby Gingras the girl who feels no pain )
എന്നാൽ ശരീരത്തിൽ വേദന അനുഭവപ്പെടാത്ത അവസ്ഥയെക്കുറിച്ച് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. ഈ നശിച്ച വേദന ഇല്ലായിരുന്നെങ്കിൽ എന്ന് മനസ് കൊണ്ടെങ്കിലും പറഞ്ഞിട്ടുണ്ടാകും. അല്ലേ..? അത്തരത്തിൽ ഒരാൾ ലോകത്ത് ജീവിക്കുന്നുണ്ട്. യു.എസിലെ മിന്നേസോട്ടയിലെ ഗാബി ജിൻഗ്രാസ് എന്ന പെൺകുട്ടിയാണ് വേദനയില്ലാത്ത ലോകത്ത് ജീവിക്കുന്നത്. ഹെറിഡിറ്ററി സെൻസറി ആൻഡ് ഓട്ടോണമിക് ന്യൂറോപ്പതി ടൈപ്-5 എന്ന ജനിതക വൈകല്യവുമായിട്ടാണ് ഗാബി ജനിച്ചത്. വേദന സംവേദനങ്ങൾ തലച്ചോറിലെത്തുന്നത് തടയുന്ന ഒരു അപൂർവ നാഡീ വൈകല്യമാണ്.
ജനനസമയത്ത് അവളുടെ കുഞ്ഞിക്കാലിൽ നഴ്സ് സൂചി കൊണ്ട് കുത്തിയ സമയത്ത് ചോര പൊടിഞ്ഞതല്ലാതെ ഗാബി കരഞ്ഞില്ല. മൂന്ന് വയസായപ്പോൾ ഗാബി കാൽ വഴുതി അടുക്കളയിലും കുളിമുറിയിലും വീണ് നെറ്റി പൊട്ടി രക്തം വാർന്നതല്ലാതെ അന്നും അവൾ കരഞ്ഞില്ല. ഇപ്പോൾ 20 വയസ് പൂർത്തിയായ ഗാബി ബിരുദം പൂർത്തിയാക്കി.
വേദന അനുഭവിക്കുന്നത് ഒരു അനുഗ്രഹമായി തോന്നാമെങ്കിലും ഗാബിക്ക് അതൊരു ശാപമായി മാറുകയായിരുന്നു. ആദ്യത്ത് പല്ല് മുളച്ചപ്പോൾ ഗാബി ജിൻഗ്രാസ് അവളുടെ കൈവിരൽ അറിയാതെ കടിച്ചുമുറിച്ചു. പിന്നീട് നാവ് ബബിൾഗം പോലെ ചവച്ചതോടെ അവളുടെ നാവ് നീര് വന്ന് തടിക്കുകയും ചെയ്തു. ഇതോടെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവൾക്ക് ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു.
Read Also : 18 വയസിൽ 50-കാരിയുടെ മുഖം; അപൂർവ രോഗത്തിന് മുന്നിൽ തോൽക്കാതെ പെൺകുട്ടി!
ശരീരത്തിലുണ്ടാകുന്ന മുറിവുകളിൽ നിന്നും രക്തം പൊടിയുന്നത് അവൾ അറിഞ്ഞിട്ടേയില്ല. കുട്ടിയായിരുന്നപ്പോൾ കണ്ണിൽ ചൊറിയുകയും കുത്തുകയും ചെയ്തതിനാൽ ഇടതു കണ്ണിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടമായി. ഗാബി ജിൻഗ്രാസിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്. നമ്മുടെ ജീവിതത്തിലുടനീളം, വേദന അടക്കമുള്ള വികാരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വേദനയും തോൽവിയും കുത്തുവാക്കുകളും ഒന്നും നേരിടാതെ നമുക്ക് പ്രയാസങ്ങൾ തരണം ചെയ്യാൻ കഴിയില്ല.
Story highlights : Gabby Gingras the girl who feels no pain