ശൈശവ വിവാഹം, 18 വയസില്‍ രണ്ട് മക്കളുടെ അമ്മ, ഒടുവിൽ ഐ.പി.എസ് ഓഫിസറായ തമിഴ് പെൺകൊടി
നന്നായി പഠിച്ച് ജോലി നേടണമെന്നായിരുന്നു കുട്ടിക്കാലത്ത് അവളുടെ ആഗ്രഹം. എന്നാല്‍ 14-ാം വയസില്‍ സ്കൂളില്‍ പഠിക്കുന്ന പ്രായത്തില്‍ വിവാഹം കഴിയുന്നതോടെ തന്റെ സ്വപ്നങ്ങളെല്ലാം ഒരു പകല്‍കിനാവ് മാത്രമായി ഒതുങ്ങുകയാണെന്ന് അവള് മനസിലാക്കുന്നു. 18-ാം വയസില്‍ രണ്ട് കുട്ടികളുടെ അമ്മ കൂടിയായതോടെ തന്റെ സ്വപ്നങ്ങള്‍ കൈവിട്ടുപോകുകയാണെന്ന യാഥാര്‍ഥ്യം അവരെ ഏറെ സങ്കടപ്പെടുത്തി. എന്നാല്‍ വിട്ടുകൊടുക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. തളര്‍ച്ചകള്‍ക്കിടയിലും നിശ്ചയദാര്‍ഢ്യവും കീഴടങ്ങാത്ത മനോവീര്യവുമായി തന്റെ സ്വപ്നം നേടിയെടുത്ത പ്രതിഭയാണ് തമിഴ്നാട്ടുകാരിയായ ഐ.പി.എസുകാരിയായ എന്‍. അംബിക. ഒരുപാട് വെല്ലുവിളികള്‍ തരണം മറികടന്ന് നേടിയ വിജയം വനിതകള്‍ക്ക് പ്രചോദനമാകുന്നതാണ്. ( Inspirational Journey of N Ambika IPS )
ശൈശവ വിവാഹത്തിന്റെ ഇരയായിരുന്നു അംബിക എന്ന തമിഴ് പെണ്‍കൊടി. 14-ാം വയസില്‍ ഒരു പൊലീസ് കോണ്സ്റ്റബിളുമായിട്ടാണ് അവരുടെ വിവാഹം നടത്തുന്നത്. ചെറുപ്രായത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് മാറിയ അംബികയുടെ മനസില്‍ ഉന്നത നിലവാരമുള്ള ഒരു ജോലി നേടണം എന്ന സ്വപ്നം അണയാത്ത തീപ്പൊരിയായി മനസിലുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു റിപ്പബ്ലിക് ദിന പരേഡാണ് അംബികയുടെ സ്വപ്നത്തിന് വീണ്ടും പുതുജീവന്‍ നല്‍കിയത്. റിപ്പബ്ലിക് ദിന പരേഡില്‍ തന്റെ ഭര്‍ത്താവ് ഐ.പി.എസ് ഓഫിസര്‍ക്ക് സല്യൂട്ട് നല്‍കുന്നത് കണ്ടതോടെ അവളുടെ ഉള്ളിലെ ആഗ്രഹം ഉണര്‍ന്നു. പതിയെ പഠനം പുനരാരംഭിക്കണമെന്ന് ചിന്ത അവരുടെ മനസില്‍ വേരുറച്ചു. ഒരു ഐ.പി.എസ് ഓഫിസര്‍ ആകുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.
പാതിവഴിയില്‍ ഉപേക്ഷിച്ച പഠനവും രണ്ട് മക്കളുടെ അമ്മയുമായിരുന്ന അംബിക തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. തന്റെ ആഗ്രഹം തുറന്നുപറഞ്ഞതോടെ ഭര്‍ത്താവും അംബികയ്ക്ക് പിന്തുണ നല്കി. ഐപിഎസ് ഓഫസറാകുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അംബികയ്ക്ക് ആദ്യം പത്താം ക്ലാസ് കടമ്പ കടക്കണമായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്ന് വിദൂര വിദ്യഭ്യാസ പദ്ധതി പ്രകാരം പത്താം ക്ലാസും 12-ാം ക്ലാസും അംബിക പാസായി. പിന്നീട് ബിരുദ പഠനവും പൂര്‍ത്തിയാക്കി. തന്റെ ഔദ്യോഗിക ചുമതലകള്‍ക്കൊപ്പം മക്കളെ സംരക്ഷിക്കുന്നതടക്കം വീടിന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ച് ഭര്‍ത്താവും അംബികയുടെ കൂടെനിന്നു. അവരുടെ പരസ്പര പിന്തുണയും ധാരണയും അംബികയുടെ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
എന്നാല്‍ സ്വപ്നം കണ്ടതുപോലെ സിവില്‍ സര്‍വീസ് പരീക്ഷ എന്ന കടമ്പ കടക്കുന്നത് അത്ര എളുപ്പമല്ലെന്ന് അംബിക മനസിലാക്കി. മൂന്ന തവണ പരീക്ഷയെഴുതിയപ്പോഴും പരാജയമായിരുന്നു ഫലം. ഇതോടെ വീട്ടിലേക്ക് മടങ്ങിവരാന്‍ ഭര്‍ത്താവ് ഉപദേശം നല്കി. എന്നാല്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങിയാല്‍ ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ബോധ്യമുണ്ടായിരുന്ന അവസാനമായ ഒരു തവണ കൂടെ പരീക്ഷ എഴുതാന്‍ തീരുമാനിച്ചു.
Read Also : ഡിജിപിയായ അച്ഛനെ സല്യൂട്ട് ചെയ്ത് ഐപിഎസ് ഓഫീസർ പദവി സ്വീകരിച്ച് മകൾ- ഹൃദ്യ വിഡിയോ
ഒടുവില്‍ 2008-ല്‍ ഐപിഎസ് ഓഫിസറാകുക എന്ന തന്റെ സ്വപ്നം അവള് സഫലമാക്കി. തിളക്കമാര്‍ന്ന വിജയത്തോടെ സ്വപ്ന കരിയറായ ഐ.പി.എസ് തന്നെ അംബികയ്ക്ക് ലഭിച്ചു. മഹാരാഷ്ട്ര കേഡറില്‍ പോസ്റ്റിങ് ലഭിച്ച അംബിക ഇപ്പോള്‍ മുംബൈയിലെ ഡെപ്യൂട്ടി പൊലസ് കമ്മീഷണറായി സേവനം അനുഷ്ഠിക്കുകയാണ്.
Story highlights : Inspirational Journey of N Ambika IPS