താളാത്മകമായ ചടുല ചലനങ്ങളുമായി ആടിത്തിമിർക്കാം; ഇന്ന് ലോക നൃത്ത ദിനം

April 29, 2024

ഇന്ന് ഏപ്രില്‍ 29, അന്താരാഷ്ട്ര നൃത്ത ദിനമായി ആചരിക്കുന്നു. വിവിധ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു കലാരൂപമാണല്ലോ നൃത്തം. വിവിധ വേദികളില്‍ നൂറുകണക്കിന് കാഴ്ച്ചക്കാരില്‍ ഒരാളായി നാം ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും നൃത്തം ആസ്വദിച്ചിട്ടുണ്ടാകും. ലോകമെമ്പാടുമുള്ള ആളുകളെ നൃത്തം എന്ന കലാരൂപത്തില്‍ പങ്കാളികളാക്കാനും അത് അഭ്യസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് നൃത്തദിനം ആചരിക്കുന്നത്. 1982ല്‍ യുനെസ്‌കോയുടെ പെര്‍ഫോമിംഗ് ആര്‍ട്സിന്റെ പ്രധാന പങ്കാളിയായ അന്താരാഷ്ട്ര ഡാന്‍സ് കൗണ്‍സില്‍ ആണ് എല്ലാ വര്‍ഷവും ഏപ്രില്‍ 29ന് ലോകനൃത്ത ദിനമായി ആചരിക്കുന്നതിന് തുടക്കമിട്ടത്. ( International Dance Day April 29 )

ലോകത്തിന്റെ ഏത് കോണില്‍ പോയാലും വിവിധ സമൂഹങ്ങള്‍ക്കും സംസ്‌കാരങ്ങളിലും ഇഴചേര്‍ന്നു നി്ല്‍ക്കുന്ന ഒന്നാണ്. വിശിഷ്ടാവസരങ്ങളില്‍ പലപ്പോഴും മതിമറന്ന് നൃത്തം ചെയ്ത് ആഘോഷിക്കാറുണ്ട് നാം. ബാലെ, ഹിപ്പ് ഹോപ്പ്, ജാസ്, ടാംഗോ, നാടോടിനൃത്തം, സല്‍സ, കഥക്, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കുച്ചിപ്പുഡി തുടങ്ങി എത്രയെത്ര നൃത്തരൂപങ്ങളാണ് നമുക്കുള്ളത്. സംഗീതത്തിന്റെ അകമ്പടിയോടു കൂടിയ താളാത്മകമായ ചടുല ചലനങ്ങളില്‍ ആകൃഷ്ടരാകാത്തവരായി ആരും തന്നെയുണ്ടാകില്ല.

Read Also : നൃത്തത്തെ പ്രണയിച്ച പെൺകുട്ടി; കൃത്രിമ കാലുമായി ചുവടുവച്ചത് എണ്ണമില്ലാത്ത വേദികളിൽ!

ആധുനിക ബാലെയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരന്‍ ജീന്‍ ജോര്‍ജസ് നോവറിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നൃത്തദിനമായി ആചരിക്കുന്നത്. നൃത്തത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നൃത്തലോകം അദ്ദേഹത്തിന് നല്‍കിയ ശ്രദ്ധാജ്ഞലിയായി ഈ ദിനം സ്മരിക്കുന്നു. കൂടുതല്‍ ആളുകളെ നൃത്തം എന്ന കലാരൂപത്തില്‍ പങ്കാളികളാകാനും അത് ശാസ്ത്രീയമായി അഭ്യസിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനായി ലോകമെമ്പാടും നിരവധി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

Story highlights : International Dance Day April 29