നൃത്തത്തെ പ്രണയിച്ച പെൺകുട്ടി; കൃത്രിമ കാലുമായി ചുവടുവച്ചത് എണ്ണമില്ലാത്ത വേദികളിൽ!

April 6, 2024

ആദ്യ പ്രണയം നൃത്തത്തിനോടെന്ന് പ്രഖ്യാപിച്ച പെൺകുട്ടി, എന്നാൽ പതിനാറാം വയസ്സിലുണ്ടായ അപകടത്തിൽ കാൽ മുറിച്ച് മാറ്റേണ്ടി വരുന്നു. ഇന്ന് രാജ്യം മുഴുവൻ അറിയപ്പെടുന്ന നർത്തകി, അഭിനേത്രി. പറഞ്ഞയാൾ നമുക്കൊക്കെ സുപരിചിതയാണ്, സുധാ ചന്ദ്രൻ, അല്ലെങ്കിൽ നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന സുധാ മാം. ഒരു തലമുറയ്ക്ക് മുഴുവൻ പ്രചോദനമായി മാറിയ സുധാ ചന്ദ്രന്റെ കഥയാണിത്. (Sudha Chandran’s Journey of Dancing through the Hurdles)

പഠനത്തിനും, നൃത്തത്തിനുമപ്പുറം കുഞ്ഞ് സുധയ്ക്ക് മറ്റൊരു ലോകമുണ്ടായിരുന്നില്ല. മൂന്നാം വയസ്സിൽ നൃത്തം ചെയ്യാൻ തുടങ്ങിയ അവർ എട്ടാം വയസിലാണ് ആദ്യ സ്റ്റേജ് പെർഫോമൻസ് ചെയ്യുന്നത്. 16 വയസ് ആകുമ്പോഴേക്കും ഏകദേശം 75 സ്റ്റേജ് പ്രകടനങ്ങളിലൂടെ നൃത്ത ലോകത്തെ വളർന്നു വരുന്ന പ്രതിഭയായി മാറുകയായിരുന്നു സുധ. പക്ഷെ, ആരെയും തകർത്ത് കളയുന്ന ഒരു അപകടമായിരുന്നു അവരെ കാത്തിരുന്നത്.

പതിനാറാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് സുധയുടെ ജീവിതം തന്നെ മാറ്റി മറിച്ച വാഹനാപകടം ഉണ്ടാകുന്നത്. ആക്സിഡന്റിൽ സുധയുടെ വലതുകാലിന് ഗുരുതരമായ ഒടിവുകളും പരിക്കുകളും ഉണ്ടായി. ചികിത്സ പിഴവ് മൂലം കാൽ ഇൻഫെക്ടഡ് ആയി. അണുബാധ പടരാതിരിക്കാൻ വലത് കാൽ മുട്ടിന് താഴെ വെച്ച് മുറിച്ചു മാറ്റുകയല്ലാതെ വേറൊരു വഴിയുണ്ടായിരുന്നില്ല.

മറ്റൊന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. അവരാകെ തകർന്നു പോയിരുന്നു. നൃത്തലോകത്ത് ഇനിയും തനിക്ക് നേടിയെടുക്കണം എന്ന് കരുതിയ സുധയുടെ ഒരുകൂട്ടം സ്വപ്നങ്ങളെ കൂടെയാണ് ആ അപകടം തകർത്തത് കളഞ്ഞത്.

Read also: അപകടത്തിൽ കാൽ നഷ്ടപ്പെട്ടു; ശേഷം ഇന്ത്യയുടെ ആദ്യ വനിത ബ്ലേഡ് റണ്ണർ!

പക്ഷേ, പിന്മാറാൻ സുധ തയ്യാറായിരുന്നില്ല. Jaipur foot എന്ന കൃത്രിമ കാലുകളുടെ സഹായത്തോടെ അവർ വീണ്ടും പിച്ച വെക്കാൻ തുടങ്ങി. ഏകദേശം 4 മാസമെടുത്ത് നന്നായി നടക്കാൻ പഠിച്ച ശേഷം സ്വപ്നങ്ങൾക്ക് പിന്നാലെ അടങ്ങാത്ത കൊതിയോടെ യാത്ര തുടർന്നു. പക്ഷെ അവർക്ക് വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു.

ഓരോ ചുവടും ആദ്യം മുതൽ പഠിക്കേണ്ടി വന്നു. പലപ്പോഴും കാലിൽ നിന്ന് രക്തം വരുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അവർ വിട്ടുകൊടുത്തില്ല. ഇന്ന് ഒരുപക്ഷെ, ഒരു കാലില്ലാതെയാണ് അവർ നൃത്തം ചെയ്യുന്നതെന്ന് മനസിലാക്കിയെടുക്കാൻ പോലും കാണികൾ ബുദ്ധിമുട്ടിയേക്കാം.

ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയും അഭിനേത്രിയുമാണ് സുധാ ചന്ദ്രൻ. രാജ്യത്തിനകത്തും പുറത്തും നിരവധി പരിപാടികൾ അവർ അവതരിപ്പിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, മലയാളം, തെലുഗു, ഗുജറാത്തി, കന്നഡ തുടങ്ങി വിവിധ ഭാഷകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. പല റിയാലിറ്റി ഷോകളുടെയും ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗവുമാണ് സുധ. ഒരുപക്ഷെ മലയാളിയായിരുന്നിട്ട് പോലും സുധയെ നമ്മൾ പലരും കണ്ടു മുട്ടിയത് അവിടെ വെച്ചായിരിക്കും.

സുധയുടെ ജീവിതം ആസ്പദമാക്കി നിർമിച്ച ‘മയൂരി’ എന്ന ചിത്രം ഒരു ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. അവരുടെ ആദ്യ ചിത്രവും അതായിരുന്നു. കഥയുടെ ഏറ്റവും മനോഹരമായ ഭാഗമിതാണ്, ഇന്ന് കുട്ടികൾ പാഠപുസ്തകത്തിൽ പഠിച്ച് വളരുന്ന കഥകളുടെ കൂട്ടത്തിൽ സുധയുടെ അതിജീവനത്തിന്റെ കഥയുമുണ്ട്. അങ്ങനെ, കാലങ്ങളോളം ഒരു പ്രചോദനമായി ഇനിയും ഈ കഥ സഞ്ചരിക്കും.

മുറിച്ചു മാറ്റപ്പെട്ട കാലിന് സ്വപ്നങ്ങൾ ജീവിക്കുന്നതിൽ നിന്നും തന്നെ തടയാൻ കഴിയില്ലെന്ന് ലോകത്തെ മുഴുവൻ അറിയിക്കാൻ അവർ തയ്യാറായിരുന്നു. സമാനസാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് പ്രചോദനമാണ് സുധയുടെ ഈ കഥ. യാത്ര മദ്ധ്യേ പലയിടങ്ങളിലും പല വേഷങ്ങളും മാറി അണിഞ്ഞെങ്കിലും, എല്ലാത്തിനും മുകളിലായി നൃത്തത്തോടുള്ള അടങ്ങാത്ത ആവേശവും ഇന്നും സുധയുടെ ഉള്ളിലുണ്ട്.

Story highlights: Sudha Chandran’s Journey of Dancing through the Hurdles