64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്, ഗോകുൽ എങ്ങനെ ഹക്കീമായി..? – വീഡിയോ

April 2, 2024

ആടുജീവിതം സിനിമ മലയാളത്തിന് ലോകസിനിമയില്‍ വലിയ സ്ഥാനം നേടിക്കൊടുക്കുമെന്ന് ഉറപ്പാണ്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനങ്ങള്‍ കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുമ്പോള്‍ മറ്റു രണ്ട് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തവരും കയ്യടി നേടുകയാണ്. ഇബ്രാഹിം ഖാദിരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിമ്മി ജീന്‍ ലൂയിസും പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങള്‍ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് ഹക്കീം എന്ന കഥാപാത്രത്തെ പ്രക്ഷകരിലേക്ക് എത്തിച്ച പുതുമുഖ നടനായ കെ ആര്‍ ഗോകുലും ആണത്. ( KR Gokul transformation for Hakim in Aadujeevitham )

ഇപ്പോള്‍ ഹക്കീമിനെ അവതരിപ്പിച്ചതിന് പിന്നിലുള്ള പ്രയത്‌നത്തെക്കുറിച്ച് പറയുകയാണ് കെ ആര്‍ ഗോകുല്‍. തന്റെ ആദ്യ സിനിമയുടെ അനുഭവവും സിനിമയില്‍ താന്‍ ഏറ്റെടുത്ത വില്ലുവിളികളുമെല്ലാം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഗോകുല്‍ പറയുന്നത്. ഗോകുലിന്റെ ബോഡി ട്രാന്‍സ്ഫോമേഷനും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആടുജീവിതം എന്ന ഭംഗിയുള്ള യാത്രയില്‍ പങ്കുചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ചിത്രത്തിലെ ഹക്കീമിനെ പോലെ തന്നെ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമായി സിനിമയിലെത്തിയ വ്യക്തയാണ് താനെന്നും ഗോകുല്‍ പറയുന്നു.

ഒരു സ്വപ്‌നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് താന്‍ ആടുജീവിതത്തിന്റെ ഭാഗമായത്. 2017 ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഗോകുലിനെ സംവിധായകന്‍ ബ്ലെസി കണ്ടെത്തുന്നത്. കൊച്ചിയില്‍ വച്ച് നടത്തിയ ഓഡിഷനിലാണ് ഈ നടന്‍ ബ്ലെസിയെ അത്ഭുതപ്പെടുത്തിയ പ്രകടനുമായി സിനിമയുടെ ഭാഗമാകുന്നത്. മരുഭൂമിയില്‍ അകപ്പെട്ടതിനു ശേഷമുള്ള ഹക്കീമിനെ വിശ്വസനീയമാക്കാനായി 20 കിലോ ശരീരഭാരമാണ് ഗോകുല്‍ കുറച്ചത്.

‘ഞാനുമായി ഏറെ സാമ്യമുള്ള കഥാപാത്രമാണ് ഹക്കീം. ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ കഷ്ടപ്പാട് പിടിച്ച ഒരു പരിപാടി ആയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയിലേക്ക് ശരീരഭാരം എത്തിച്ചു. ഹക്കിം അനുഭവിച്ച കഷ്ടപ്പാടുകളുടെ ഒരു പത്ത് ശതമാനമെങ്കിലും ഞാന്‍ അനുഭവിച്ചിട്ടില്ലെങ്കില്‍ എനിക്ക് എങ്ങനെയാണ് അവനെ അവതരിപ്പിക്കാന്‍ പറ്റുക എന്ന തോന്നല്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു’ – ഗോകുല്‍ പറയുന്നു. സാന്‍ഡ്‌സ്റ്റോം ചിത്രീകരിച്ച സമയത്ത് നേരിട്ട വെല്ലുവിളികളെ കുറിച്ചും ഗോകുല്‍ വിവരിച്ചു. അണിയറപ്രവര്‍ത്തകരെല്ലാം എല്ലാവിധ ഒരുക്കങ്ങളുമായി എത്തിയപ്പോള്‍ ഞാനും രാജുവേട്ടനും ജിമ്മി സാറും മുഖം മറയ്ക്കാതെയാണ് നിന്നതെന്നാണ് ഗോകുല്‍ പറയുന്നത്.

Read Also : മഹാബലിപുരത്തെ മനോഹരമായ പഞ്ചരഥങ്ങൾ; പൗരാണിക ശില്പവിദ്യയുടെ മായിക ലോകം

ചിത്രം ഇതിനോടകം 50 കോടി പിന്നിട്ടു. ഏറ്റവും വേഗത്തില്‍ 50 കോടി പിന്നിടുന്ന ചിത്രങ്ങളില്‍ ഇപ്പോള്‍ ആടുജീവിതത്തിന്റെ സ്ഥാനം മുന്നിലാണ്. ബ്ലെസി സംവിധാനത്തിലൊരുങ്ങിയ ചിത്രം 82 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

Story highlights : KR Gokul transformation for Hakim in Aadujeevitham