പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ ഓർമയായി
പ്രശസ്ത സംഗീതജ്ഞന് കെ.ജി. ജയന് അന്തരിച്ചു. സംഗീതലോകത്ത് തന്റേതായ രാഗമുദ്ര പതിപ്പിച്ച കലാകാരനാണ് പത്മശ്രീ കെ.ജി ജയന്. സംഗീതം ജീവിതമാക്കിയ കെ.ജി ജയന് ഒരുക്കിയ ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളും പ്രേക്ഷകരുടെ കാതുകളില് ഇന്നും മുഴങ്ങി കേള്ക്കുന്നുണ്ട്. വാര്ധക്യസഹജമായ അസുഖങ്ങളാല് ചികിത്സയില് കഴിയവെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 90 വയസായിരുന്നു. ചലച്ചിത്ര താരം മനോജ് കെ ജയന് മകനാണ്. ( Musician KG Jayan demise )
1934ല് കോട്ടയത്ത് ഗോപാലന് തന്ത്രികളുടേയും നാരായണിയമ്മയുടേയും നാല് മക്കളില് ഏറ്റവും ഇളയ ഇരട്ട സഹോദരങ്ങളായിട്ടാണ് കെ.ജി ജയന്റെയും കെ.ജി വിജയന്റെയും ജനനം. ചെറുപ്രായത്തില് തന്നെ കര്ണാടക സംഗീതം അഭ്യസിച്ച സഹോദരന്മാര് ഒന്പതാം വയസില് കുമാരനല്ലൂര് ദേവീ ക്ഷേത്രത്തില് അരങ്ങേറ്റവും നടത്തി. ആലത്തൂര് ബ്രദേഴ്സ്, ചെമ്പൈ വൈദ്യനാഥ ഭാഗവതര്, എം ബാലമുരളീകൃഷ്ണ പോലുള്ള കര്ണാടക സംഗീതത്തിലെ അതികായരുടെ കീഴില് പരിശീലനം നേടിയവരാണ് കെ.ജി ജയനും, കെ.ജി വിജയനും. ചെമ്പൈയുടെ കീഴില് പരിശീലിക്കുന്ന സമയത്താണ് ഇരുവരും ഗാനങ്ങള് ചിട്ടപ്പെടുത്താനും പാടാനും ആരംഭിച്ചത്.
കെ.ജി ജയനും, കെ.ജി വിജയനും ഒരുമിച്ചായിരുന്നു സംഗീത ലോകത്ത് വിസ്മയം തീര്ത്തിരുന്നത്. എന്നാല് 1988 ല് കെ.ജി വിജയന്റെ വേര്പാടി കെ.ജി ജയനെ മാനസികമായി തളര്ത്തി. ഇതോടെ വിജയന് ഭക്തിഗാനങ്ങളുടെ ചുവടുപിടിച്ചായിരുന്നു മുന്നോട്ടുള്ള സംഗീതയാത്ര. ‘ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’, ‘ഹരിഹരസുതനേ…’ ‘ശ്രീശബരീശാ ദീനദയാലാ…’ ‘ദര്ശനം പുണ്യദര്ശനം…’ എന്നിങ്ങനെ നിരവധി ഭക്തിഗാനങ്ങള് അദ്ദേഹം ചിട്ടപ്പെടുത്തിയതാണ്. മലയാളത്തിന്റെ പ്രിയ ഗായകരായ യേശുദാസിനെയും ജയചന്ദ്രനെയും ആദ്യമായി അയ്യപ്പഗാനം പാടിച്ചതും ഈ സഹോദരന്മാരാണ്.
ഭക്തിഗാനങ്ങള്ക്കു പുറമെ നിരവധി ഹിറ്റ് സിനിമ ഗാനങ്ങളും അദ്ദേഹം തെന്നിന്ത്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. മലയാളത്തില് പത്തൊമ്പതും തമിഴില് നാലും ചിത്രങ്ങള്ക്ക് ഈണം നല്കിയിട്ടുണ്ട്. 1965-ല് പുറത്തിറങ്ങിയ ‘ഭൂമിയിലെ മാലാഖ ‘ എന്ന ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി സംഗീതമൊരുക്കിയത്. 1977-ല് പുറത്തിറങ്ങിയ നിറകുടം എന്ന ചിത്രത്തില് യേശുദാസ് ആലപിച്ച നക്ഷത്രദീപങ്ങള് തിളങ്ങി, ഹൃദയം ദേവാലയം തുടങ്ങിയവ ഇന്നും സംഗീതപ്രേമികളുടെ ഇഷ്ട ഗാനങ്ങളാണ്. എസ് രമേശന് നായര് എഴുതി ജയന് ഈണമിട്ട തരംഗിണിയുടെ മയില്പ്പീലി കാസറ്റിലെ ‘രാധതന് പ്രേമത്തോടാണോ’, ഒരു പിടി അവിലുമായ്, ചന്ദനചര്ച്ചിത, തുടങ്ങിയവ ഇന്നും അനശ്വര ഗാനങ്ങളാണ്.
2019 ല് രാജ്യം പത്മശ്രീ നല്കി കെ.ജി. ജയനെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്ഡ്, ഹരിവരാസനം അവാര്ഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Story highlights : Musician KG Jayan demise