ബാല വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട 15-കാരി; ഇന്ന് 440 ൽ 421 മാർക്ക്, നിർമലയ്ക്ക് ആഗ്രഹം ഐപിഎസ് ഓഫിസറാകാൻ
നിയമപരമായി കുറ്റകരമാണെങ്കിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നുണ്ട്. ലോകത്തിലെ മൂന്നിലൊന്ന് ശൈശവവിവാഹങ്ങളും ഇന്ത്യയിലാണ് നടക്കുന്നതെന്നാണ് യുനിസെഫിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളിലാണ് ശൈശവ വിവാഹനിരക്ക് കൂടുതലായിട്ടുള്ളത്. ഇത്തരത്തില്‍ ബാലവിവാഹം കാരണം നിരവധി പെണ്‍കുട്ടികളാണ് വിദ്യഭ്യാസം ലഭിക്കാതെ വീടുകളില്‍ കഴിഞ്ഞുകൂടുന്നത്. ശക്തമായ നിയമങ്ങളുടെയും ബോധവത്കരണത്തിന്റെയും ഫലമായി ഇന്ത്യയിലെ ശൈശവവിവാഹനിരക്ക് കുറഞ്ഞുവരുന്നതായി കാണപ്പെടുന്നു. അത്തരത്തില്‍ ബാലവിവാഹത്തിന്റെ ഇരയായി വീടിനുള്ളില്‍ ശിഷ്ടകാലം ജീവിക്കേണ്ട ഒരാളായിരുന്നു ആന്ധ്രപ്രേദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ നിന്നുള്ള നിര്‍മല എന്ന പെണ്‍കുട്ടി. ( Nirmala escaped child marriage tops Intermediate exam )
നിര്‍മലയുടെ ഗ്രാമത്തിലും വീട്ടിലും ബാലവിവാഹം പതിവായിരുന്നു. അവളുടെ സഹോദരിമാരെയും നേരത്തെ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. അതുകൊണ്ടു താനും ചെറുപ്രായത്തില്‍ വിവാഹിതയാകേണ്ടി വരും എന്ന് നിര്‍മലയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ തന്റെ വീട്ടുകാരോടും ബാലവിവാഹം എന്ന തിന്മയോടും പോരാടിയ അവള് ഇന്ന് എസ്.എസ്.സി (Secondary School Certificate) പരീക്ഷയില്‍ ഉന്നതമാര്‍ക്ക് നേടിയിരിക്കുകയാണ്. കുര്‍ണൂല്‍ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ് നിര്‍മല പരീക്ഷയില്‍ 440 ല്‍ 421 മാര്‍ക്കാണ് നേടിയത്.
നിര്‍മല പത്താം ക്ലാസ് പൂര്‍ത്തിയായതോടെ അവളുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ പഠനത്തിന് ആവശ്യമായ പണമില്ല, അടുത്തൊന്നും കോളജുകളില്ല തുടങ്ങിയ കാരണങ്ങളാണ് അവളെ പഠിപ്പിക്കാതെ വിവാഹം കഴിപ്പിക്കുന്നതിനായി വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ 89.5% മാര്‍ക്ക് നേടി് പത്താം ക്ലാസ് പാസായ നിര്‍മലയ്ക്ക് തുടര്‍ന്നും പഠിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു. ഇതിനിടയിലെ വിവാഹക്കാര്യം തുടര്‍പഠനത്തിന് തടസമായി എത്തുന്നത്.
ഇതോടെയാണ് അവള് തന്റെ പോരാട്ടം ആരംഭിക്കുന്നത്. തന്നെ വീട്ടുകാര്‍ വിവാഹം കഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും പക്ഷേ തനിക്ക് പഠിക്കണം എന്നും അവള് അഡോണി എംഎല്‍എ വൈ സായിപ്രസാദ് റെഡ്ഡിയെ കണ്ട് പരാതി ബോധിപ്പിച്ചു. ഇതോടെ നിര്‍മലയുടെ കാര്യത്തില്‍ പ്രത്യേക താല്പര്യമെടുത്ത എം.എല്‍.എ ജില്ല കലക്ടര്‍ ജി. സൃജനയോട് സംസാരിച്ചു.
Read Also : ശൈശവ വിവാഹം, 18 വയസില്‍ രണ്ട് മക്കളുടെ അമ്മ, ഒടുവിൽ ഐ.പി.എസ് ഓഫിസറായ തമിഴ് പെൺകൊടി
ഇതോടെ ജില്ല ഭരണകൂടത്തിന്റെ ഇടപെടലുകളെ തുടര്‍ന്ന് നിര്‍മലയെ വിവാഹത്തില്‍ നിന്നും രക്ഷപ്പെടുത്തി. തുടര്‍ന്ന് അവളെ അസ്പാരിയിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെയും അവള് മികച്ച രീതിയിലാണ് പഠനം നടത്തുന്നത്. അതുതന്നെയാണ് വാര്‍ഷിക പരീക്ഷയിലെ ഉന്നത മാര്‍ക്കില്‍ പ്രതിഫലിക്കുന്നതും. ഭാവിയില്‍ തനിക്ക് ഒരു ഐ.പി.എസ് ഓഫിസറാകണമെന്നും ബാലവിവാഹം തുടച്ചുനീക്കണം എന്നുമാണ് നിര്‍മലയുടെ ആഗ്രഹം.
Story highlights : Nirmala escaped child marriage tops Intermediate exam