പ്രകൃതിയുടെ തനത് ലൈറ്റ് ഷോ- കാണാൻ അനുയോജ്യമായ സ്ഥലങ്ങൾ

April 19, 2024

ഒരിക്കലെങ്കിലും എല്ലാ സഞ്ചാരപ്രിയരും കാണാൻ ആഗ്രഹിക്കുന്ന കാഴ്ചയാണ് ധ്രുവദീപ്തി. പ്രകൃതി ഒരുക്കുന്ന ലൈറ്റ് ഷോ എന്നാണ് ധ്രുവദീപ്തി അഥവാ നോർത്തേൺ ലൈറ്റ് വിശേഷിക്കപ്പെടുന്നത്. സൂര്യനിൽ നിന്ന് ചാർജ്ജ് ചെയ്യപ്പെട്ട കണികകൾ ഭൂമിയുടെ കാന്തികവലയത്തിൽ ഭൗമാന്തരീക്ഷത്തിലെ വാതക തന്മാത്രകളുമായി കൂട്ടിയിടിച്ചാണ് ധ്രുവദീപ്തി ഉണ്ടാകുന്നത്. കൂട്ടിയിടിക്കുശേഷം, പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളുടെ മനോഹരമായ പ്രകാശം ആകാശത്ത് ഉടനീളം കാണാൻ സാധിക്കും.

ഭൂമിയുടെ ഉത്തരധ്രുവത്തിനടുത്ത് ഈ ലൈറ്റുകളെ അറോറ ബോറാലിസ് അഥവാ പ്രശസ്തമായ നോർത്തേൺ ലൈറ്റുകൾ എന്ന് വിശേഷിപ്പിക്കുന്നു. ദക്ഷിണധ്രുവത്തിൽ, ഇതേ പ്രക്രിയയെ അറോറ ഓസ്ട്രലിസ് അഥവാ സതേൺ ലൈറ്റുകൾ എന്നും വിളിക്കുന്നു. എന്നാൽ, സൗത്ത് പോളിൽ ഈ പ്രകാശ കാഴ്ച അത്ര സജീവമല്ല. ലോക പ്രസിദ്ധമായ ഈ അത്ഭുത കാഴ്ച കാണാൻ ഒട്ടേറെ ആളുകൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും എത്താറുണ്ട്. പൊതുവെ അലാസ്കയിലാണ് ഈ കാഴ്ച കാണാൻ ആളുകൾ കൂടുതൽ. എന്നാൽ മിനിറ്റുകളോ മണിക്കൂറുകളോ നീണ്ടു നിൽക്കുന്ന ധ്രുവദീപ്തി കാണാൻ ഭൂമിയിൽ ഒട്ടനേകം സ്ഥലങ്ങളുണ്ട്.

55ന് മുകളിൽ മാഗ്‌നറ്റിക് ലാറ്റിറ്റൂഡും കുറഞ്ഞ പ്രകാശ മലിനീകരണവും ഉള്ള എവിടെയും ഈ കാഴ്ച കാണാൻ സാധിക്കും. മാർച്ച്, സെപ്റ്റംബർ മാസങ്ങളിൽ കാന്തികവലയം കൂടുതൽ സൗരകണങ്ങളെ അന്തരീക്ഷവുമായി സംവദിക്കാൻ അനുവദിക്കും. അതുകൊണ്ട് തന്നെ ഈ സമയത്താണ് ധ്രുവ ദീപ്തി കാണാൻ പറ്റിയ സമയം. അന്റാർട്ടിക്കയിൽ ഏത് രാത്രിയിലും അറോറകൾ കാണാൻ സാധിക്കും.

എന്തുകൊണ്ടും കാഴ്ചകൾക്ക് സമ്പന്നമായ ഐസ് ലാൻഡ് ധ്രുവദീപ്തി കാണാനും അനുയോജ്യമാണ്. എന്നാൽ, കാലാവസ്ഥ എപ്പോഴും അനുവദിക്കാത്തതിനാലാണ് ഇവിടേക്ക് ധ്രുവ ദീപ്തി കാണാൻ ആളുകൾ എത്താറില്ലാത്തത്. ഓഗസ്റ്റിലോ ഏപ്രിലിലോ ആണ് ഐസ് ലാൻഡിൽ ധ്രുവ ദീപ്തി കാണാൻ സാധിക്കുക.

കാനഡയിലെ ഗ്രേറ്റ് സ്ലേവ് തടാകത്തിന്റെ തീരത്തുള്ള യെല്ലോനൈഫ്
സ്വന്തമായി അറോറ വില്ലേജും നോർത്തേൺ ലൈറ്റ്സ് ടൂറിസത്തിനായുള്ള പ്രത്യേക പ്രവർത്തനങ്ങളും ഉള്ള സ്ഥലമാണ്. ഏറ്റവും സുരക്ഷിതമായി പ്രകാശ കാഴ്ച കാണാൻ ഇവിടെയാണ് അനുയോജ്യം. ഓഗസ്റ്റ് പകുതി മുതൽ ഏപ്രിൽ അവസാനം വരെ ധ്രുവ ദീപ്തി ഇവിടെ സജീവമായിരിക്കും.

Read also: മലയാളത്തിന്റെ ഹിറ്റ് ജോഡി; വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു

വടക്കൻ നോർവേയിലെ ഏറ്റവും വലിയ നഗര പ്രദേശമാണ് ട്രോംസോ. അവിടെ നിന്നും 12 മൈൽ അകലെയുള്ള എർസ്ജോർഡ്ബോട്ട്ൻ ഗ്രാമത്തിൽ നിന്ന് മനോഹരമായ അറോറകൾ ആസ്വദിക്കാം. സെപ്റ്റംബർ പകുതി മുതൽ മാർച്ച് അവസാനം വരെ ഇവിടെ നോർത്തേൺ ലൈറ്റുകൾ കാണാം.

Story highlights- northern light show visible places