‘സ്ലീപ്പിംഗ് ബെഡിൽ ഒഴുകി ഒഴുകി..’- കാട്ടരുവിയിലൂടെ ഒഴുകി നടക്കുന്ന ആളുകൾ- വിഡിയോ

പുഴയ്ക്കും വിശാലമായ ജലസ്രോതസിനും മുകളിലൂടെ ഇങ്ങനെ ഒഴുകി ഒഴുകി നടക്കണം. അതൊരു സ്വപ്നമാണ് എല്ലാവർക്കും.. ചിലപ്പോൾ ഉറങ്ങാൻ സ്വന്തം ബെഡിൽ കിടക്കുമ്പോഴും, ഉറക്കത്തിനിടയിലുമൊക്കെ അങ്ങനെ ഭാരമില്ലാതെ ഒഴുകുകയാണ് എന്ന തോന്നലും ഉണ്ടാകുന്നവരുണ്ട്. എന്നാൽ, വെള്ളത്തിന് മുകളിൽ ഇങ്ങനെ യഥാർത്ഥത്തിൽ ഒഴുകി നടക്കാൻ ഇത്തിരി പ്രയാസമല്ലേ? പക്ഷെ അതും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ഒരു വിഡിയോ.
കേൾക്കുമ്പോൾ മനസിന് തന്നെ ഒരു കുളിര് തോന്നും. കാരണം, അത്രയധികം ചൂടാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി അനുഭവിക്കുന്നത്. ഒരു റഷ്യൻ ട്രാവലർ പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ‘ലോകം മുഴുവൻ കാത്തിരിക്കട്ടെ’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു ആഴംകുറഞ്ഞ അരുവിയിൽ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന തരത്തിലുള്ള സ്ലീപ്പിംഗ് ബെഡിൽ കിടന്ന് ഒഴുകുകയാണ് ഏതാനും ആളുകൾ. കാടിന് നടുവിൽ ഉള്ള അരുവിയുടെ ശബ്ദവും കിളികളുടെ ശബ്ദവുമൊക്കെ കേട്ട് വളരെ ശാന്തമായാണ് ഈ സംഘം ഒഴുകുന്നത്. നിങ്ങൾ ഇതിന് മുൻപ് ട്രോപ്പിക്കൽ ഫോറസ്റ്റിലൂടെ ഇങ്ങനെ ഒഴുകി പോയിട്ടുണ്ടോ എന്ന് വിഡിയോയിൽ ചോദിക്കുന്നു.
ഓസ്ട്രേലിയയിലെ ഡെയിൻട്രീ നാഷണൽ പാർക്കിലൂടെയാണ് ആളുകൾ ഇങ്ങനെ ഒഴുകുന്നത്. ഹൃദ്യമായ ഈ കാഴ്ച ആളുകളുടെ മനസ് കുളിർപ്പിച്ചെന്നു നിസംശയം പറയാം.
Story highlights- people floating in sleeping bed through stream