ഇതാണ് ഭൂമിയിലെ ഏകാന്തതയുടെ അപാരതീരം- വിദൂരതയിലെ പോയിന്റ് നെമോ
നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമുക്ക് കെട്ടുകഥയാണ്.. ആടുജീവിതം എന്ന നോവലിന്റെ ഹൃദയം ഈ വാക്കുകളാണ്. അതുപോലെ തന്നെയാണ് നമ്മൾക്ക് എത്തിച്ചേരാനാകാത്ത ഇടങ്ങളുടെ നിഗൂഢതയും. അങ്ങനെ ഒരിടമാണ് പോയിൻ്റ് നെമോ. നമ്മുടെ ഗ്രഹത്തിലെ ഏറ്റവും നിഗൂഢവും വിദൂരവുമായ സ്ഥലങ്ങളിൽ ഒന്നാണ് പോയിൻ്റ് നെമോ. അപ്രാപ്യതയുടെ സമുദ്രധ്രുവം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ദക്ഷിണ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഭൂമിയുടെ ഏറ്റവും വിദൂര സ്ഥലമാണ്.
ഒറ്റപ്പെട്ട ഇടങ്ങളെക്കുറിച്ച് എപ്പോഴും കഥകളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, എത്തിച്ചേരാൻ പോലും ആകാത്ത വിധം വിദൂരതയിലുള്ള പോയിൻ്റ് നെമോ പര്യവേഷണം ചെയ്യുക എന്നത് ദുർഘടമാകുന്നു എന്നത് മാത്രമല്ല, നിരവധി കഥകളാൽ സമ്പന്നവുമാണ്. പോയിൻ്റ് നെമോയുടെ ദൂരം അസാധാരണമാണ്. ഈ സ്ഥലത്തിന്റെ ഏറ്റവും അടുത്തുള്ള മനുഷ്യർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളവരാണ് എന്ന് പറയാം. ഈ ഒറ്റപ്പെട്ട അവസ്ഥ അതിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അതിൻ്റെ അഗാധമായ ദൂരവും കാരണമാണ്.
പസഫിക് സമുദ്രത്തിൻ്റെ വിശാലതയാൽ ചുറ്റപ്പെട്ട് കാര്യമായ ഭൂപ്രകൃതി കാണാനില്ലാത്ത ഇടമാണ് പോയിന്റ് നെമോ. പോയിൻ്റ് നെമോയിലേക്ക് എത്തിച്ചേരുക എന്നത് കഠിനമായ ദീർഘദൂര യാത്രയുടെ മാത്രം കാര്യമല്ല. കടലിന്റെ നാടുവിലേക്കുള്ള സാഹസികത നിറഞ്ഞ യാത്ര കൂടിയാണ്. ഭീമാകാരവും ശക്തവുമായ സമുദ്ര പ്രവാഹം ഈ പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. ഇത് കടൽ യാത്രയെ ദുര്ഘടമാക്കി മാറ്റുന്നു. എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനമോ സഹായമോ ഫലത്തിൽ ഇവിടെ അസാധ്യമാണ്. അതുകൊണ്ടുതന്നെ ഏറ്റവും അപകടം പിടിച്ച പര്യവേഷണം എന്നും പോയിന്റ് നെമോയിലേക്കുള്ള യാത്രയെ വിശേഷിപ്പിക്കാം.
ഈ പ്രദേശത്തെ പലപ്പോഴും ദ്വീപ് എന്ന് വിളിക്കാറുണ്ട്, പക്ഷേ ഇത് ഒരു പരമ്പരാഗതമായ ഒരു ഭൂപ്രദേശമല്ല. വെള്ളമല്ലാതെ മറ്റൊന്നും കണ്ടെത്താൻ കഴിയാത്ത സമുദ്രത്തിലെ ഒരു പോയിൻ്റാണിത്. അതിനാൽ ദ്വീപ് എന്ന മനുഷ്യവാസയോഗ്യമായ ഒരു സ്ഥലമായി ഇവിടം കണക്കാക്കാൻ സാധിക്കില്ല.
സാഹസികതയുടെ ആകർഷണീയത ഉണ്ടായിരുന്നിട്ടും, പോയിൻ്റ് നെമോ ഉയർത്തുന്ന വെല്ലുവിളികളും കാര്യമായ പ്രകൃതിദത്തസ്ഥലങ്ങളുടെ അഭാവവും അങ്ങോട്ടേക്കെത്താൻ ശ്രമിക്കുന്നതിൽ നിന്ന് മിക്ക പര്യവേക്ഷകരെയും നിരുത്സാഹപ്പെടുത്തി.
Read also: ഹോട്ട്മെയിലും യാഹുവും അപ്രസക്തമായ വിപ്ലവം; ജി-മെയിലിന് 20 വയസ്
1,450 നോട്ടിക്കൽ മൈൽ അകലെയാണ് ഏറ്റവും അടുത്തുള്ള ജനവാസമുള്ള ഭൂപ്രദേശം, അതിനാൽ ഏറ്റവും ദൃഢനിശ്ചയമുള്ള സാഹസികർക്ക് പോലും ഇത് ഒരു വെല്ലുവിളിയായി മാറുന്നു. ഒറ്റപ്പെടലും കഠിനമായ കാലാവസ്ഥയും വലിയ ദൂരവും ഈ യാത്ര ചെയ്യാൻ ധൈര്യപ്പെടുന്നവർക്ക് കടുത്ത തടസ്സങ്ങൾ സൃഷ്ടിക്കുന്നു. 1992-ൽ സർവേ എഞ്ചിനീയർ ഹ്ർവോജെ ലുക്കാറ്റെല സോഫ്റ്റ്വെയർ ഉപയോഗിച്ച് ലൊക്കേഷൻ കൃത്യമായി മാർക്ക് ചെയ്തെങ്കിലും ഇവിടേക്ക് ആരും പോയിരുന്നില്ല. ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമായ പോയിൻ്റ് നെമോയിലേക്ക് ഒരു പര്യവേഷണം നയിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വ്യക്തിയായി ഒരു ബ്രിട്ടീഷ് പര്യവേക്ഷകൻ മാറിയത് അടുത്തിടെയാണ്. ക്രിസ് ബ്രൗൺ എന്നയാളാണ് ഇവിടെ ആദ്യമായി എത്തിയത്. ബ്രൗൺ തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്ത് യഥാർത്ഥത്തിൽ ഈ സ്ഥലത്ത് എത്തിയെന്ന് സ്ഥിരീകരിച്ചു.
Story highlights- Point Nemo The Most Inaccessible Place