ഹോട്ട്‌മെയിലും യാഹുവും അപ്രസക്തമായ വിപ്ലവം; ജി-മെയിലിന് 20 വയസ്

April 1, 2024

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഗൂഗിള്‍ അക്കൗണ്ട് ഇല്ലാത്ത ആളുകള്‍ വളരെ കുറവായിരിക്കും. അതിനൊപ്പം ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ജി-മെയില്‍. സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമായതോടെ പലര്‍ക്കും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഒന്നിലധികം ജിമെയില്‍ അക്കൗണ്ടുകളും ഉണ്ടാകും. സാങ്കേതിക ലോകത്ത് വിപ്ലവം തീര്‍ത്ത ജി-മെയില്‍ സംവിധാനത്തിന് ഇന്ന് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. 2004 ഏപ്രില്‍ ഒന്നിനാണ് ഗൂഗിള്‍ തങ്ങളുടെ ഇ-മെയില്‍ സര്‍വീസായ ജി-മെയിലിന് തുടക്കമിട്ടത്. ലോകവ്യാപകമായി 180 കോടി ഉപയോക്താക്കളാണ് ഇന്ന് ജിമെയില്‍ ഉപയോഗിക്കുന്നത്. ലോകത്തെ ഇമെയില്‍ ഉപയോക്താക്കളില്‍ 27 ശതമാനം പേരും ജി-മെയിലിനെയാണ് ഇന്ന് ആശ്രയിക്കുന്നത്. ( 20 years of Gmail )

20 വര്‍ഷം മുമ്പ്, മറ്റ് ഇമെയില്‍ ഇന്‍ബോക്സുകളുടെ സ്റ്റോറേജ് സ്പേസ് കേവലം രണ്ടോ നാലോ മെഗാബൈറ്റില്‍ ഒതുങ്ങിയിരുന്ന സമയത്താണ് 2004 ഏപ്രില്‍ ഒന്നിന് ഒരു ജിബി സ്റ്റോറേജുമായി ഗൂഗിള്‍ ജിമെയിലിന് തുടക്കമിട്ടത്. അന്നേ ദിവസം ഗൂഗിളിന്റെ തൊഴിലിനായുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഗൂഗിളിന്റെ ഇന്നത്തെ സി ഇ ഒ സുന്ദര്‍ പിച്ചൈ പോലും അതൊരു ഏപ്രില്‍ ഫൂളാക്കലാണെന്നാണ് കരുതിയത്.

ഗൂഗിളിന്റെ ഡെവലപ്പറായിരുന്ന 26-കാരന്‍ പോള്‍ ബുഹെറ്റ് ആണ് ജിമെയിലിന് രൂപം നല്‍കിയത്. ഗൂഗിളിന്റെ പല ഉല്‍പന്നങ്ങളും സേവനങ്ങളും ഏകോപിച്ചുകൊണ്ടായിരുന്നു ജിമെയിലിന്റെ നിര്‍മിതി. ആദ്യം 100 എം ബി സ്റ്റോറേജ് സ്പേസ് ആണ് പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീടത് ഒരു ജിബിയാക്കി മാറ്റുകയായിരുന്നു.

ഗൂഗിളിന്റെ ജീവനക്കാര്‍ക്കിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചശേഷമാണ് 2004ല്‍ പൊതുജനങ്ങള്‍ക്കായി ജിമെയില്‍ അവതരിപ്പിച്ചത്. പുതിയ ഫീച്ചറുകളുമായി ജിമെയിലിനെ ഗൂഗിള്‍ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള നിരവധി ഫീച്ചറുകള്‍ ഇന്ന് ജിമെയിലിനുണ്ട്. മെയിലുകള്‍ എഴുതുന്നത് അനായാസമാക്കാനുള്ള ഹെല്‍പ് മീ റൈറ്റ്, സ്മാര്‍ട്ട് കംപോസ്, സ്മാര്‍ട്ട് റിപ്ലേ, ടാബ്ഡ് ഇന്‍ബോക്സ്, സമ്മറി കാര്‍ഡ്സ്, മറുപടി അയക്കാന്‍ മറക്കാതിരിക്കാന്‍ നഡ്ജിങ് തുടങ്ങി ഫീച്ചറുകളുടെ കളിയാണ് ജിമെയിലില്‍.

Read Also : ഇതായിരുന്നു ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബസ് റൂട്ട്- ലണ്ടനിൽ നിന്നും കൊൽക്കത്തയിലേക്ക് !

പിന്നീട് സൗജന്യ സ്റ്റോറേജ് സ്പേസ് 15 ജി ബി ആക്കി വര്‍ധിപ്പിച്ചു. കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ളവര്‍ക്ക് അത് വാങ്ങാനുള്ള സൗകര്യവുമുണ്ട്. 50 മെഗാബൈറ്റ് സൈസുള്ള ഇമെയിലുകള്‍ വരെ ഉപയോക്താക്കള്‍ക്ക് സ്വീകരിക്കാനും 25 മെഗാബൈറ്റ് വരെയുള്ളവ അയയ്ക്കാനും കഴിയും.

Story highlights : Twenty years of Gmail