കശ്മീരിലെ സദാഫ് മസാലയും വീൽചെയറിലെ ഉടമസ്ഥയും!
പോളിയോ രോഗം സ്ഥിരീകരിക്കുമ്പോൾ സുമർത്തി ഒരു കൗമാരക്കാരിയായിരുന്നു. ഒരു രാത്രി കൊണ്ട് ആ പെൺകുട്ടിയുടെ ജീവിതം മാറിമറിഞ്ഞു. അധികം വൈകാതെ തന്നെ അവൾ കിടപ്പിലായി. സുമർത്തിക്ക് ഇനി ഒരിക്കലും നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. അപ്രതീക്ഷിതമായി മാറിയ ജീവിതം സുമർത്തിയെ വല്ലാതെ അലട്ടി. സ്കൂളിൽ പോകുന്നത് പോലും മതിയാക്കി അവൾ എല്ലാവരിൽ നിന്നും സ്വയം ഒറ്റപ്പെട്ടു. (Rise of Sumarty and Sadaf Masala in Kashmir )
സുമർത്തിയുടെ വീട്ടുകാർ അവളെ ചികിത്സയ്ക്കായി മുംബൈയിലേക്ക് കൊണ്ടുപോയി. അവൾ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയായെങ്കിലും ഒന്നും ഫലം കണ്ടില്ല. നടക്കാൻ സഹായിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത ഷൂസുകൾ അവൾക്ക് നൽകിയെങ്കിലും അവയുടെ അമിത ഭാരം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അവ ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു വഴിയും അവൾക്ക് മുന്നിലുണ്ടായില്ല.
Read also: 18 വയസിൽ 50-കാരിയുടെ മുഖം; അപൂർവ രോഗത്തിന് മുന്നിൽ തോൽക്കാതെ പെൺകുട്ടി!
എന്നാൽ സുമർത്തിയുടെ അചഞ്ചലമായ മനോധൈര്യം അവളുടെ വൈകല്യത്തെ മറികടക്കാൻ സഹായമായി. ചുറ്റുമുള്ള വാർപ്പുമാതൃകകളെ തകർത്ത് പ്രതിസന്ധികളെ മറികടന്ന് അവൾ ഉദിച്ചുയർന്നു.
ആദ്യ സംരംഭം ഒരു ബോട്ടിക്കായിരുന്നു. എട്ട് വർഷത്തോളം വിജയകരമായി ബിസിനസ് മുന്നോട്ട് നയിച്ച ശേഷമാണ് മസാല ഉത്പാദനത്തിലേക്ക് തിരിഞ്ഞത്.
ഇന്ന് ശ്രീനഗറിലെ സദാഫ് മസാല കമ്പനിയുടെ ഒരു പ്രധാനപ്പെട്ട മുറിയിൽ കാണുന്ന ദൃശ്യം ഇതാവും. ഒരു വശത്തായി മുളക് പൊടിക്കുന്നവരെയും മറ്റൊരു കോണിൽ, നഗരത്തിലുടനീളമുള്ള ചില്ലറ വിൽപ്പനശാലകളിലേക്ക് കയറ്റി അയയ്ക്കാൻ തയ്യാറായ ചുവന്ന കശ്മീരി മുളകുപൊടിയുടെ പാക്കറ്റുകൾ ശേഖരിക്കുന്ന ഒരു കൂട്ടം സ്ത്രീകളെയും കാണാം.ഇവരുടെയൊക്കെ മധ്യത്തിലായി 35 വയസ്സുള്ള സുമർത്തി വീൽചെയറിൽ ഇരുന്ന് മേൽനോട്ടം വഹിക്കുന്നതും കാണാം.
ഇന്നവൾ ചുറ്റുമുള്ളവർക്ക് ജീവിക്കുന്ന മാതൃകയാണ്. തൻ്റെ ശക്തിയുടെയും വിജയത്തിന്റെയും പിന്നിൽ പിതാവാണെന്ന് സുമർത്തി നിസംശയം പറയും. ചുറ്റുമുള്ളവരെല്ലാം തൻ്റെ കഴിവുകളെ ചോദ്യം ചെയ്തപ്പോൾ, തങ്ങളുടെ വിദ്യാസമ്പന്നരായ കുട്ടികൾക്ക് പോലും ജോലിയില്ലാത്ത കാലത്ത് ഇവൾ എന്തുചെയ്യും എന്ന ചോദ്യം ഉയർത്തിയപ്പോൾ ചുറ്റുമുള്ള ആരവം അടക്കാനും തൻ്റെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശക്തി നൽകിയത് അച്ഛനാണെന്ന് സുമർത്തിയുടെ വാക്കുകൾ.
Story highlights: Rise of Sumarty and Sadaf Masala in Kashmir