ഇൻസൾട്ടുകൾ ഇൻവെസ്റ്റ്‌മെന്റാക്കി മാറ്റിയവൻ; ഇത് റിയാൻ പരാഗ് 2.0

April 2, 2024

ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയുമധികം ട്രോളുകളും വിമര്‍ശനവും ഏറ്റുവാങ്ങിയ മറ്റൊരു താരമില്ലെന്ന് തന്നെ പറയാം.. വന്നവനും നിന്നവരും പോയവരുമെല്ലാം തിരഞ്ഞുപിടിച്ച് പരിഹസിച്ച താരം. എന്നോ എപ്പഴോ സംഭവിച്ച ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സിനോടുള്ള നന്ദിയോ, അതോ ജയിച്ചാല്‍ ഡാന്‍സ് കളിക്കാന്‍ മാത്രമോ..? എന്തിനേറെ പറയണം.. അസം രാഷ്ട്രീയത്തിലെ കിരീടം വയ്ക്കാത്ത രാജാവായ അമ്മാവന്റെ പൊളിറ്റിക്കല്‍ കോട്ടയില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സീറ്റ് വാങ്ങിച്ച, റോയല്‍സിലെ വമ്പന്‍ താരങ്ങള്‍ക്ക് കണ്ണുതട്ടാതിരിക്കാന്‍ കൊണ്ടുവന്ന കണ്ണേറ് പ്രതിമ എന്നുവരെ പലരും അവനെ പുച്ഛിച്ചു തള്ളി. തനിക്കെതിരായ പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കുമെതിരെ താരം രംഗത്തുവന്നിരുന്നു. ( Riyan Parag bating perfomance IPL 2024 )

ആഭ്യന്തര ക്രിക്കറ്റില്‍ അസമിനായി തകര്‍ത്തടിച്ചിരുന്ന താരം ഐപിഎല്‍ വേദിയില്‍ വലിയ പരാജയമായിരുന്നു. ആ സമയത്തെല്ലാം താരത്തിന്റ കഴിവില്‍ വിശ്വാസമര്‍പ്പിച്ച് ഓരോ സീസണിലും അവസരം നല്‍കിയാണ് രാജസ്ഥാന്‍ മാനേജ്മെന്റ് ചേര്‍ത്ത് പിടിച്ചത്. 2024 സീസണിലും രാജസ്ഥാന്‍ സ്‌ക്വാഡില്‍ ഇടംപിടിച്ച യുവതാരം തന്റെ പ്രതിഭയെ അങ്ങേയറ്റം കളിയാക്കി ചിരിച്ചവര്‍ക്കുള്ള മറുപടിയാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നല്‍കുന്നത്. കളിച്ച മൂന്ന മത്സരത്തില്‍ രണ്ടിലും അര്‍ധസെഞ്ച്വറി, ഓറഞ്ച് ക്യപ് റേസില്‍ മുന്നില്‍.. അതേ പറഞ്ഞുവരുന്നത് രാജസ്ഥാന്‍ റോയല്‍സിലെ ആ വികൃതി പയ്യനെക്കുറച്ചാണ്.. പേര് റിയാന്‍ പരാഗ്.

രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍നിര ബാറ്റര്‍മാരായ ജെയ്‌സ്വാളും ബട്‌ലറും സഞ്ജുവുമെല്ലാം ചെറിയ സ്‌കോറുകളില്‍ പുറത്തായ സമയത്ത് നാലാം നമ്പറില്‍ ക്രീസിലെത്തി ടീമിന്റെ രക്ഷകനാകുകയാണ് പരാഗ്. ടീമിന് ഒരു ഭാരമായി മാറുമെന്ന് തോന്നിപ്പിച്ച താരത്തില്‍ നിന്നും ഒഴിച്ചുകൂടാനാകാത്ത താരമായി മാറിയ പരിവര്‍ത്തനം. അതിനാണ് ഈ സീസണ്‍ സാക്ഷിയാകുന്നത്. കളത്തിലിറങ്ങിയ മൂന്ന മത്സരങ്ങളിലായി പരാഗിന്റെ ബാറ്റില്‍ നിന്നും പിറന്നത് 181 റണ്‍സ്.

ഈ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരായ ആദ്യ മത്സരത്തില്‍ 22-കാരന്‍ നേടിയത് 29 പന്തില്‍ 43 റണ്‍സ്. സ്‌കോര്‍ബോര്‍ഡില്‍ 50 റണ്‍സ് തികയുന്നതിന് മുമ്പുതന്നെ റോയല്‍സ് ഓപ്പണര്‍മാരായ ജെയ്‌സ്വാളും ബട്‌ലറും മടങ്ങി. ഇതോടെ നാലാമനായി ക്രീസിലെത്തിയ പരാഗ് ക്യാപ്റ്റന്‍ സഞ്ജുവിനൊപ്പം 93 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്. ഡല്‍ഹിക്കെതിരായ രണ്ടാം മത്സരത്തിലാണ് പരാഗിന്റെ വിശ്വരൂപം കണ്ടത്. മുന്‍നിര ബാറ്റര്‍മാരെല്ലാം വേഗത്തില്‍ കൂടാരം കയറിയതോടെ രക്ഷകനായി അവതരിച്ച പരാഗ് 45 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സ് താരതമ്യേന ചെറിയ സ്‌കോറില്‍ നിന്നും 185 എന്ന മികച്ച സ്‌കോറിലെത്തിച്ചു.

മുംബൈക്ക് എതിരായ മൂന്നാം മത്സരത്തിലും വംഖഡെയില്‍ രാജസ്ഥാന്റെ രക്ഷകനായി പരാഗ് എത്തി. ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായ പിച്ചില്‍ മുംബൈ ബോളര്‍മാരെ അനായാസം നേരിട്ട താരം സ്‌കോര്‍ ഉയര്‍ത്തി. കഴിഞ്ഞ മത്സരങ്ങളിലേതിന് സമാനമായി ജോഷ് ബട്ലറും ജെയ്‌സ്വാളും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് വിമര്‍ശകരുടെ വായടിപ്പിക്കുന്ന പ്രകടനുമായി പരാഗിന് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത്. തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള രാജസ്ഥാന് മുന്നോട്ടുള്ള കുതിപ്പില്‍ പരാഗിന്റെ ബാറ്റിങ്ങും നിര്‍ണായകമാണ്.

Read Also : വേഗം മണിക്കൂറിൽ 155.8 കിലോമീറ്റർ; തീപ്പന്തുകളുമായി പഞ്ചാബിനെ തകർത്ത രാജധാനി എക്‌സ്പ്രസ്..!

ഡല്‍ഹിക്കെതിരായ മത്സരത്തിലെ റിയാന്‍ പരാഗിന്റെ മികച്ച ബാറ്റിങ് പ്രകടനത്തെ അഭിനന്ദിച്ച് സൂര്യകുമാര്‍ പറഞ്ഞ വാക്കുകള്‍ വലിയ ശ്ര്ദ്ധനേടിയിരുന്നു. ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിയ പരാഗിനെ കുറിച്ചായിരുന്നു സൂര്യ വാചാലനായത്. ചെറിയ പരിക്കോടെ അവിടെയെത്തിയ താരം തികഞ്ഞ ശ്രദ്ധയോടെയും അച്ചടക്കത്തോടെയുമാണ് പരിശീലനം നടത്തിയത്. പൂര്‍ണമായും പരിവര്‍ത്തനത്തിന് വിധേയനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയ അവനാണ് ‘റിയാന്‍ പരാഗ് 2.0’. സൂര്യകുമാറിന്റെ വാക്കുകള്‍ പോലെ കഴിഞ്ഞ സീസണില്‍ നിന്നും
നിരവധി മാറ്റങ്ങളുമായി കളത്തിലറിങ്ങിയ അവനെ പരാഗ് 2.0 എന്നല്ലാതെ മറ്റെന്ത് പേരിട്ട് വിളിക്കും.

Story highlights : Riyan Parag bating perfomance IPL 2024