ബോൾഡ് ഡിസിഷനുകളുമായി കളം നിറയുന്ന ‘ദി പെര്ഫക്ട് ക്യാപ്റ്റൻ’
ഐപിഎല്ലിന്റെ 17-ാം സീസണിൽ തുടർ ജയങ്ങളുമായി മുന്നേറുകയാണ് രാജസ്ഥാൻ റോയൽസ്. തോൽവിയറിയാതെയുള്ള ഈ കുതിപ്പിൽ സഞ്ജു സാംസൺ എന്ന മലയാളി നായകന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉയർത്തിയ 183 റൺസ് മറികടന്നാണ് സഞ്ജുപ്പട തുടർച്ചയായ നാലാം ജയം സ്വന്തമാക്കിയത്. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന പതിവ് ഇത്തവണയും ആവർത്തിച്ച സഞ്ജു ഇടയ്ക്കൊരു മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും തൊട്ടടുത്ത മത്സരത്തിൽ നിർണായകമായ ഹാഫ് സെഞ്ച്വറിയുമായിട്ടാണ് ടീമിന്റെ നാലാം വിജയത്തിന് ചുക്കാൻ പിടിച്ചത്. 42 പന്തിൽ 69 റൺസാണ് മലയാളി താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. ( Sanju Samson captaincy in Rajasthan Royals )
സ്കോർബോർഡിൽ റൺസ് കൂട്ടിച്ചേർക്കും മുമ്പ് ആദ്യ വിക്കറ്റ് നഷ്ടമായതോടെയാണ് സഞ്ജു സാംസൺ ക്രീസിലെത്തുന്നത്. പിന്നീട് സീസണിൽ ഇതുവരെ ഫോമിൽ എത്താതിരുന്ന ഓപ്പണർ ജോഷ് ബട്ലറെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 148 റൺസാണ് സഞ്ജു കൂട്ടിച്ചേർത്തത്. പതിഞ്ഞ താളത്തിൽ തുടങ്ങി സിംഗിളും ഡബിളുമായി ക്രീസിൽ നിലയുറപ്പിച്ച സഞ്ജു ഇടവേളകളിൽ നേടിയ ബൗണ്ടറികളും ടീം സ്കോറിങ്ങിൽ മുതൽക്കൂട്ടായി. മുഹമ്മദ് സിറാജ് എറിഞ്ഞ 10-ാം ഓവറിലെ മൂന്നാം പന്ത് വായുവിൽ ഉയർന്നുപൊങ്ങി ഒരു അപ്പർ കട്ടിലൂടെ സിക്സറിന് പറത്തിയത് മത്സരത്തിലെ മനോഹരമായ ദൃശ്യങ്ങളിൽ ഒന്നായിരുന്നു. മുൻ ഇന്ത്യൻ വെടിക്കെട്ട് ബാറ്റർ വിരേന്ദർ സെവാഗിന്റെ ഷോട്ടിനോടാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ ഷോട്ടിനെ ഉപമിച്ചത്.
സാഹചര്യങ്ങൾക്ക് അനുസരിച്ച് ടീമിനെ മുന്നോട്ടുനയിക്കുന്ന സഞ്ജുവിനെ നിരവധി താരങ്ങളുടെ അഭിനന്ദനം തേടിയെത്തിയിരുന്നു. സമ്മർദഘട്ടങ്ങളിൽ അനിവാര്യമായ തീരുമാനങ്ങളുമായി സഞ്ജു മത്സരത്തിന്റെ ഗതി മാറ്റുന്നതിനും പലപ്പോഴും നാം സാക്ഷിയായിട്ടുണ്ട്. ഡൽഹിക്കെതിരായ മത്സരത്തിൽ സഞ്ജുവിന്റെ തീരുമാനം ഏറെ കയ്യടി ഏറ്റുവാങ്ങിയിരുന്നു. അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ വേണ്ടത് 17 റൺസ്. ക്രീസിലുള്ളത് മികച്ച ഫോമിലുള്ള ട്രിസ്റ്റൻ സ്റ്റബ്സും അക്ഷർ പട്ടേലും.
പരിചയസമ്പന്നനായ ട്രെന്റ് ബോൾട്ടിനെ സഞ്ജു പന്തേൽപ്പിക്കും എന്നായിരുന്നു കരുതിയത്. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് പന്തെറിയാനെത്തിയത് തല്ലുകൊള്ളിയായ ആവേശ് ഖാൻ. ഡൽഹി അനയാസം ജയിച്ചുകയറുമെന്ന് എല്ലാവരും കരുതി. എന്നാൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ക്യാപ്റ്റൻ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച ആവേശ് റോയൽസിന് 12 റൺസിന്റെ വിജയം സമ്മാനിച്ചു. ബോൾഡ് ഡിസിഷനുകളുമായി കളംനിറയുന്ന സഞ്ജുവിനെ ആധുനിക കാലത്തെ ‘പെർഫെക്ട്’ ക്യാപ്റ്റനാണെന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൻ പറഞ്ഞത്. ഈ വർഷത്തെ ഗംഭീര നായകൻ സഞ്ജുവാണെന്ന് ഓസീസ് താരം സ്റ്റീവ് സ്മിത്ത് കഴിഞ്ഞ ദിവസം ഒരു ടി.വി ഷോക്കിടെ അഭിപ്രായപ്പെട്ടിരുന്നു.
ഈ ബാറ്റിങ് പ്രകടനത്തോടെ ഐ പി എല്ലിൽ 4000 റൺസ് എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. 4000 ക്ലബിലെത്തുന്ന 16-ാം ബാറ്ററാണ് ഈ മലയാളി താരം. 152 ഇന്നിങ്സുകളിൽ നിന്നും മൂന്ന് സെഞ്ച്വറിയും 22 അർധസെഞ്ച്വറിയും സഹിതമാണ് സഞ്ജു നാലായിരം എന്ന അക്കം തൊട്ടത്.
Read Also : ‘ആർആറിന്റെ പിങ്ക് പ്രോമിസ്’ ; സോളാര് വെളിച്ചം 78 വീടുകളിൽ
ഏറ്റവും പുതിയ കണക്ക് പ്രകാരം ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ ആറാമതാണ് സഞ്ജുവിന്റെ സ്ഥാനം. നാല് കളികളിൽ നിന്നായി 178 റൺസാണ് രാജസ്ഥാൻ നായകന്റെ അക്കൗണ്ടിലുള്ളത്. റൺവേട്ടക്കാരിൽ ആർസിബി താരം വിരാട് കോലിയാണ് മുന്നിലുള്ളത്. അഞ്ച് മത്സരങ്ങളിൽ രണ്ട് അർധസെഞ്ചറിയും ഒരു സെഞ്ച്വറിയും സഹിതം 316 റൺസാണ് കോലി അടിച്ചുകൂട്ടിയത്. രാജസ്ഥാനെതിരെ പുറത്താകാതെ നേടിയ 113 റൺസുമായി ഈ സീസണിലെ ആദ്യ സെഞ്ച്വറി കോലി സ്വന്തം പേരിലാക്കിയിരുന്നു.
Story highlights : Sanju Samson captaincy in Rajasthan Royals