ബ്യൂട്ടീഷ്യൻ കോഴ്സിലൂടെ ഹസിമാര ​ഗ്രാമത്തിന്റെ തലവര മാറ്റിയ പെൺകുട്ടി

April 29, 2024

സാമൂഹികമായും സാമ്പത്തികമായും താഴെ തട്ടിലുള്ളവരെ ചൂഷണം ചെയ്യുന്നത് പതിവാണ്. ​ഗ്രാമങ്ങളിൽ തീര്‍ത്തും ദരിദ്രരായ കുടുംബങ്ങളായിരിക്കും അത്തരക്കാരുടെ പ്രധാന ലക്ഷ്യം. നിരവധി മോഹനവാ​ഗ്ധാനങ്ങളുമായി പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളെ ന​ഗരങ്ങളിലേക്ക് കടത്തുന്നത് പതിവാണ്. പശ്ചിമബംഗാളിലെ ഹസിമാര ഗ്രാമത്തില്‍നിന്നുള്ള സുക്ല ദേബ്നാഥ് തന്റെ ചെറുപ്പകാലം മുതൽ ഇത്തരത്തിലൊരു തട്ടിപ്പിന് സാക്ഷിയായിരുന്നു. ഇതോടെ ഗ്രാമത്തിലെ പെണ്‍കുട്ടികളെ സ്വയംപര്യാപ്തരാക്കാന്‍ സുക്ല നയിക്കുന്ന പോരാട്ടം ഇന്നും അവര്‍ തുടരുകയാണ്. ( Sukla Debnath Saved 5000 Tribal Women From Human Trafficking )

തൊഴിലില്ലായ്മയും സാമ്പത്തികപ്രശ്നങ്ങളും കാരണം ജനജീവിതം ദുസ്സഹമായ ഗ്രാമമാണ് പശ്ചിമബംഗാളിലെ ഹസിമാര. തേയില തോട്ടങ്ങളിലെ ജോലികള്‍ ചെയ്താണ് ഗ്രാമവാസികള്‍ പ്രധാനമായും ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വിദ്യാഭ്യാസവും പേരിന് മാത്രമാണുള്ളത്. ഈ നാട്ടിലുള്ളവര്‍ ഗ്രാമത്തിന് പുറത്തേക്ക് പോകുന്നതും വളരെ ചുരുക്കമാണ്. പെണ്‍കുട്ടികളെ പെട്ടെന്ന് വിവാഹം കഴിപ്പിച്ച് അയക്കുന്നതും ഈ നാട്ടില്‍ പതിവാണ്. അല്ലെങ്കിൽ ​ഗ്രാമത്തിലെ തേയിലത്തോട്ടങ്ങളിൽ കൂലിപ്പണിയുമായി ജീവിതം തള്ളി നീക്കാം.

തൊഴിലവസരങ്ങളുമായി ​ഗ്രാമത്തിലെത്തുന്ന ഏജന്റുമാര്‍ മികച്ച ജീവിതനിലവാരവും ശമ്പളവും നൽകാമെന്ന പറഞ്ഞാണ് പെൺകുട്ടികളെ കൊണ്ടുപോയിരുന്നത്. എന്നാൽ ഒരിക്കൽ ഹസിമാര ഗ്രാമം വിട്ട് പുറത്തുപോയ പെൺമക്കളൊന്നും തിരികെവന്നിരുന്നില്ല. സെക്സ് റാക്കറ്റുകളിലും അവയകടത്ത് റാക്കറ്റുകളുടെയുമെവല്ലാം ചൂഷണത്തിനിരയായി അവർ ന​ഗരങ്ങളിൽ ദുരിതം ജീവിതം നയിക്കുകയായിരുന്നു.

2003-ൽ സ്കൂളിൽ പഠിക്കുന്ന സമയത്ത് സുക്ല ദേബ്നാഥിന്റെ കൂട്ടുകാരികൾ പലരും ക്ലാസിൽ വരാതെയായി. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് കൂട്ടുകാരികളെല്ലാം ​ഗ്രാമത്തിന് പുറത്തേക്ക് ജോലിയ്ക്കായി പോയതായി അറിയുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും അവരാരും തിരികെ വരാത്തത് സുക്ലയെ ഭയപ്പെടുത്തി. അവൾ വളരുന്നതോടൊപ്പം ആ ഭയവും വർധിച്ചു. വിവാഹം, അല്ലെങ്കിൽ തേയില തോട്ടത്തിൽ ജോലി ഈ രണ്ട് കാര്യങ്ങളായിരുന്നു സുക്ലയുടെ മുന്നിലും ഉണ്ടായിരുന്നത്.

എന്നാൽ അത്തരത്തിലൊരു കെണിയിൽ വീഴാൻ അവൾ ഒരുക്കമായിരുന്നില്ല. മധുരപലഹാരങ്ങൾ വിൽപന നടത്തുന്ന കടയിൽ നിന്നും അച്ഛന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് നാല് സഹോദരിമാർ അടങ്ങുന്ന സുക്ലയുടെ കുടുംബം മുന്നോട്ടുപോയിരുന്നത്. അതുകൊണ്ടുതന്നെ സ്വന്തം കാര്യങ്ങൾക്കായി കുടുംബത്തെ കഷ്ടപ്പെടുത്താനാകില്ലെന്ന് തീരുമാനിച്ച സുക്ല ചെറിയ ക്ലാസിലെ കുട്ടികൾ ട്യൂഷനെടുത്താണ് പണം കണ്ടെത്തിയത്.

തട്ടിപ്പുകാരുടെ കെണിയിൽ വീഴില്ലെന്ന് ഉറപ്പിച്ച സുക്ല സ്കൂൾ പഠനത്തിന് ശേഷം ബ്യൂട്ടീഷന്‍ കോഴ്സിന് ചേര്‍ന്നു. തട്ടിപ്പുകാരുടെ കെണിയിൽ വീഴില്ലെന്ന് ഉറപ്പിച്ച സുക്ല സ്കൂൾ പഠനത്തിന് ശേഷം ബ്യൂട്ടീഷന്‍ കോഴ്സിന് ചേര്‍ന്നു. തന്റെ 15-ാം വയസിൽ അവളുടെതെന്ന് പറയാനുണ്ടായിരുന്നത് ഒരു സൈക്കിൾ മാത്രമായിരുന്നു. അച്ഛന്റെ സമ്മതത്തോടോ സൈക്കിൾ വിറ്റുകിട്ടിയ 1200 രൂപ ഉപയോ​ഗിച്ചാണ് ഒരു പ്രാദേശിക ബ്യൂട്ടി പാർലറിൽ നിന്ന് ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠിക്കാൻ ആരംഭിക്കുന്നത്. പരിശീലനം നേടിയ ശേഷം ചില വിവാഹ മേക്കപ്പ് പ്രോജക്ടുകൾ ഏറ്റെടുത്തു ചെയ്തു. ഇതിൽ നിന്നും കിട്ടിയ പണം ഉപയോ​ഗിച്ചാണ് അവർ സ്വന്തമായി ഉപകരണങ്ങൾ വാങ്ങിയത്.

ഇതോടെ ചെറിയ തോതിൽ സമ്പാദിച്ചുതുടങ്ങിയ അവർ ​ഗ്രാമത്തിലെ മറ്റു പെൺകുട്ടികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. ജോലിയില്ലാത്ത ദിവസങ്ങളിലെല്ലാം ​ഗ്രാമത്തിലെ വീടുകൾ കയറിയിറങ്ങിയ സുക്ല ദേബ്നാഥ് ഏജന്റുമാരുടെ തട്ടിപ്പിക്കിനെക്കുറിച്ചും സ്വയം പര്യാപ്തി കൈവരിക്കുന്നതിനെക്കുറിച്ചും ബോധവത്കരിച്ചു.

അടുത്ത ഘട്ടമായി താൽപര്യമുള്ള പെൺകുട്ടികൾക്ക് അവരുടെ വീടുകളിൽ പോയി സൗജന്യമായി ബ്യൂട്ടീഷന്‍ കോഴ്സ് പഠിപ്പിച്ചു കൊടുക്കാനും ആരംഭിച്ചു. അങ്ങനെ സുക്ലയുടെ പരിശീലന ക്ലാസുകളി‍‍ൽ പങ്കെടുത്തവർക്ക് വിവിധ സ്ഥലങ്ങളിൽ ജോലി കിട്ടിത്തുടങ്ങി. ഇതോടെ ബ്യൂട്ടീഷ്യൻ പഠിക്കാനായി കൂടുതൽ ആളുകൾ എത്താൻ തുടങ്ങി. തന്റെ ഗ്രാമത്തിലും സമീപപ്രദേശത്തുമുള്ള അയ്യായിരത്തോളം പെണ്‍കുട്ടികള്‍ക്കാണ് സുക്ല ദേബ്നാഥ് ഇതുവരെ പരിശീലനം നല്‍കിയത്.

Read Also : സ്ത്രീകൾ മാത്രമുള്ള ലോകത്തിലെ ഏക അടുക്കള; അസ്മ ഖാന്റെ ‘ഡാർജിലിങ്ങ് എക്‌സ്പ്രസ്’!

പിന്നീട് ​ഗ്രാമത്തിലെത്തുന്ന ഏജന്റുമാർക്ക് മുന്നിൽ ​ഗ്രാമത്തിലുള്ളവർ എതിർപ്പ് പ്രകടിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ ഹസമാരയിലേക്ക് വരുന്ന ഏജന്റുമാർ വളരെ ചുരുക്കമാണ്. വെറുമൊരു ബ്യൂട്ടീഷ്യൻ കോഴ്സിലൂടെ ഒരു ​ഗ്രാമത്തിന്റെ മുഴുവൻ തലവര മാറ്റിയ 35-കാരിയായ കൂടിയായ സുക്ല ദേബ്നാഥ് തന്റെ പോരാട്ടം തുടരുകയാണ്.

Story highlights : Sukla Debnath Saved 5000 Tribal Women From Human Trafficking