വീടിനുള്ളിൽ അതിക്രമിച്ച് കയറി കുരങ്ങന്മാർ; ‘അലെക്സ’യുടെ സഹായത്താൽ എല്ലാവരെയും രക്ഷിച്ച് പതിമൂന്നുകാരി
സമയോചിതമായി പ്രവർത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അങ്ങനെ അത് എല്ലാവര്ക്കും സാധിച്ചെന്നുവരില്ല. ചെറുപ്രായത്തിൽ തന്നെ ബുദ്ധിപരമായി ചിന്തിച്ച് പ്രവർത്തിക്കാനും അതിനനുസരിച്ച് സാഹചര്യങ്ങളെ മാറ്റാനും സാധിക്കുന്നവർ ഇപ്പോഴും വേറിട്ടുനിൽക്കാറുണ്ട്. അങ്ങനെ ഒരു പതിമൂന്നുകാരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്.
ആമസോണിൻ്റെ വെർച്വൽ വോയ്സ് അസിസ്റ്റൻ്റ് അലക്സാ ഉപയോഗിച്ച് കുരങ്ങിൻ്റെ ആക്രമണത്തിൽ നിന്ന് സ്വയവും 15 മാസം പ്രായമുള്ള വീട്ടിലെ കുഞ്ഞിനേയും രക്ഷിച്ച് ഉത്തർപ്രദേശിലെ ബസ്തിയിൽ നിന്നുള്ള നികിത എന്ന 13 വയസ്സുകാരി മനസ്സിൻ്റെ കയ്യടിനേടുകയാണ്.
മറ്റ് കുടുംബാംഗങ്ങൾ മറ്റുമുറികളിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. നികിതയും സഹോദരപുത്രി വാമികയും കളിക്കുന്നതിനിടെയാണ് കുരങ്ങന്മാർ എത്തിയത്. അഞ്ചോ ആറോ കുരങ്ങൻമാർ വീടിനുള്ളിൽ പ്രവേശിച്ച് അടുക്കളയിൽ സാധനങ്ങൾ നശിപ്പിക്കാൻ തുടങ്ങി. പാത്രങ്ങളും ഭക്ഷണസാധനങ്ങളും എറിഞ്ഞുടച്ചു. ഒരു കുരങ്ങൻ പലതവണ തങ്ങളെ ആക്രമിക്കാൻ സമീപിച്ചതോടെ ഇവർ ഭയന്നു.
Read also: ‘ഇനിയൊരു നജീബ് ഉണ്ടാകരുതെന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിക്കുന്നു’; ആടുജീവിതത്തെക്കുറിച്ച് നവ്യ നായർ
ഭയത്തിന്റെ വേളയിലും നികിത, ഫ്രിഡ്ജിനുമുകളിൽ അലക്സ ഉണ്ടെന്നത് ഓർമിച്ചു. ഒരു നായ കുരയ്ക്കുന്ന ശബ്ദം പ്ലേ ചെയ്യാൻ നികിത ഒട്ടും വൈകാതെ അലക്സയോട് ആവശ്യപ്പെട്ടു. വോയ്സ് കമാൻഡ് ലഭിച്ചപ്പോൾ, അലക്സ ഉച്ചത്തിൽ കുരയ്ക്കുന്ന ശബ്ദം പുറപ്പെടുവിച്ചു, കുരങ്ങുകൾ ബാൽക്കണിയിലൂടെ ടെറസിലേക്ക് ഭയന്നോടി. എന്തായാലും ടെക്നോളജിയുടെ സഹായത്തോടെ ജീവന് തുണയായ നികിതയുടെ സമയോചിത പ്രവൃത്തിക്ക് കയ്യടി ഉയരുകയാണ്.
Story highlights- teenager uses Alexa to save herself