പ്രതീക്ഷയുടെ കണിക്കൊന്ന തിളക്കവുമായി വീണ്ടുമൊരു വിഷു

April 14, 2024

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി മലയാളികള്‍ക്ക് ഇന്ന് വിഷു. ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമാണ് വിഷുക്കാലം. കാര്‍ഷിക സംസ്‌കാരവുമായി കൂടി ബന്ധമുള്ള ആഘോഷമാണ് വിഷു. മേടമാസത്തിലെ വിഷുപ്പുലരിയില്‍ കണ്ടുണരുന്ന കണി ആ വര്‍ഷം മുഴുവന്‍ ജീവിതത്തില്‍ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം. നിറദീപക്കാഴ്ചയില്‍ കണ്ണനെ കണികണ്ടുണര്‍ന്നും, വിഷക്കൈനീട്ടം നല്‍കിയും, പടക്കം പൊട്ടിച്ചും ലോകമെങ്ങുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. ( Vishu special 2024 )

വിഷു ആഘോഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് വിഷുക്കണി. വരാനിരിക്കുന്ന വര്‍ഷത്തില്‍ നമ്മുടെ ജീവിതത്തിലെ സമ്പല്‍സമൃദ്ധമായ ഐശ്വര്യങ്ങളെയും, സൗഭാഗ്യങ്ങളെയും ആണ് കണി കാണലിന്റെ സങ്കല്പം. സ്‌നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്റെ ഐശ്വര്യവും സമ്മാനിച്ച് മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം.

അതിനാല്‍ തന്നെ വിഷുക്കണി ഒരുക്കുന്നത് പച്ചക്കറികള്‍, ഫലമൂലാദികള്‍, പുതുവസ്ത്രം എന്നിവ കൊണ്ടാണ് ഇവയെല്ലാം തന്നെ സമ്പദ് സമൃദ്ധിയാണ് അടയാളപ്പെടുത്തുന്നത്. പരമ്പരാഗത രീതി അനുസരിച്ച് ഓട്ടുരുളിയില്‍ ഉണക്കലരിയും, കണിവെള്ളരിയും, കൊന്നപ്പൂവും, വെറ്റിലയും, നാളികേരവും, സ്വര്‍ണ്ണമാല, വാല്‍ക്കണ്ണാടി, സിന്ദൂരച്ചെപ്പ്, ഗ്രന്ഥം ചക്ക, മാങ്ങ, തുടങ്ങിയ പഴങ്ങളും കൃഷ്ണവിഗ്രഹവും ആണ് കണിയില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്.

Read Also : ശൈശവ വിവാഹം, 18 വയസില്‍ രണ്ട് മക്കളുടെ അമ്മ, ഒടുവിൽ ഐ.പി.എസ് ഓഫിസറായ തമിഴ് പെൺകൊടി

ഇന്ന് പുലര്‍ച്ചെ നിലവിളക്ക് തെളിയിച്ചാണ് കണികണ്ടുണരുന്നത് തുടര്‍ന്ന് കുടുംബത്തിലെ മുതിര്‍ന്നവര്‍ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടവും നല്‍കും. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നിലനില്‍ക്കുന്നു എന്നാണ് മലയാളികളുടെ മറ്റൊരു വിശ്വാസം. കേരളീയരുടെ കാര്‍ഷികോത്സവം എന്നും വിഷു അറിയപ്പെടുന്നു. പഴയ വിശ്വാസമനുസരിച്ച് കാര്‍ഷിക സമൂഹമായ കേരളത്തിന്റെ ഭൂപ്രകൃതിയിലാകെ മാറ്റത്തിന്റെ കാലമാണിത്. വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്ന കാലം. വിഷുക്കാലത്ത് എങ്ങും ഉത്സവ പ്രതീതിയാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ഉത്സവം.

Story highlights : Vishu special 2024