കെന്നഡി ജോൺ വിക്ടർ ഏങ്ങനെ ‘ചിയാൻ വിക്രം’ ആയി..?

April 17, 2024

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയും ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും കൊണ്ട് സിനിമ ലോകത്തെ ഞെട്ടിക്കുന്ന താരം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എത്ര റിസ്‌ക്കെടുക്കാനും തയ്യാറായ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായി വളരെ ആവേശത്തോടെയാണ് കാത്തിരിക്കാറുള്ളത്. തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം ചിയാന്‍ വിക്രം 58-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ( Why Vikram is called Chiyaan Vikram )

കെന്നടി ജോണ്‍ വിക്ടര്‍ എന്ന യുവാവ് സിനിമയില്‍ എത്തിയപ്പോള്‍ അത് വിക്രം ആയി. എന്നാല്‍ ഇയാള്‍ എങ്ങനെ ‘ചിയാന്‍ വിക്രം’ എന്ന പേരിലേക്ക് മാറി. പലപ്പോഴും പലരും ആധികാരികമായി ‘ചിയാന്‍’ വിക്രം എന്ന് വിളിക്കുമ്പോഴും ഈ പേരിലേക്ക് എങ്ങനെയാണ് എത്തിയത് എങ്ങനെയെന്ന് അറിയാത്തവര്‍ ഇന്നും ഉണ്ടായേക്കാം.

1997-ല്‍ നവാഗത സംവിധായകന്‍ ബാല ‘സേതു’ എന്ന ചിത്രത്തില്‍ വിക്രമിന് ഒരു വേഷം നല്‍കി. സേതു എന്ന ഗുണ്ടയുടെ വേഷമായിരുന്നു അത്. ‘ചിയാന്‍’ എന്നും വിളിച്ചിരുന്ന ആ കഥാപാത്രത്തിനായി വിക്രം വലിയ രീതിയിലുള്ള ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയനായിരുന്നു. തല മൊട്ടയടിച്ച് 21 കിലോയും കുറച്ച് പൂര്‍ണമായും കഥാപാത്രത്തെ ഉള്‍ക്കൊണ്ടു അദ്ദേഹം. 1997 ഏപ്രിലില്‍ ഷൂട്ടിങ്ങ് ആരംഭിച്ചെങ്കിലും ചില പ്രശ്നങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി.

എന്നാല്‍ ചിത്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച വിക്രം, സിനിമ പുറത്തിറങ്ങുന്നത് വരെ ചിയാന്റെ ഈ ലുക്കില്‍ തന്നെ തുടര്‍ന്നു. ഈ കാലയളവില്‍ മറ്റ് ചിത്രങ്ങള്‍ സ്വീകരിക്കുകയും ചെയ്തില്ല. ആ ദിനങ്ങള്‍ തന്റെ കരിയറിലെ ഏറ്റവും മോശം സമയമായിരുന്നു എന്ന് വിക്രം പറഞ്ഞിരുന്നു.

Read Also : ‘ഒരു കപ്പ് കാപ്പിയും ഒരു ആപ്പിളുമായി 28 കിലോ കുറച്ച നടൻ’; ആടുജീവിതത്തിനായുള്ള പ്രചോദനത്തെക്കുറിച്ച് ഗോകുൽ

ഒടുവില്‍ നീണ്ടനാളത്തെ കാത്തിരുപ്പിനൊടുവില്‍ 1999-ല്‍ സേതു റിലീസായി. ഒരു നൂണ്‍ ഷോയായി തീയേറ്ററുകളിലെത്തിയ ചിത്രം പിന്നീട് ചരിത്രം സൃഷ്ടിച്ചു. ഒപ്പം ‘ചിയാന്‍’ എന്ന കഥാപാത്രവും വലിയ രീതിയില്‍ കയ്യടി നേടി. അതോടെയാണ് വിക്രം ചിയാന്‍ വിക്രമായി അറിയപ്പെടാന്‍ തുടങ്ങിയത്. സേതുവിലൂടെ തമിഴ്‌നാടിന്റെ സംസ്ഥാന അവാര്‍ഡ്, ദേശിയ ചലച്ചിത്ര പുരസ്‌കാരം എന്നിവ വിക്രമിനെ തേടിയെത്തി.

Story highlights : Why Vikram is called Chiyaan Vikram