മൂന്നുവർഷത്തിനിടെ അനാവശ്യമായി പോലീസ് ഡിപ്പാർട്മെന്റിലേക്ക് വിളിച്ചത് 2000 തവണ; 56-കാരിയ്ക്ക് തടവുശിക്ഷ

April 23, 2024

പല വഴക്കിനിടയിലും ഇപ്പോൾ പോലീസിനെ വിളിക്കും എന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ടാകും. എന്നാൽ, ആ പറയുന്നതിനപ്പുറം വിളിക്കാനുള്ള ധൈര്യം പലർക്കും ഉണ്ടാകാറില്ല. കാരണം, നിസാര കാര്യങ്ങൾക്ക് ബുദ്ധിമുട്ടിക്കേണ്ട ഇടമല്ല പോലീസ് സ്റ്റേഷൻ എന്ന കാര്യം ആളുകൾക്ക് കൃത്യമായി അറിയാം. എന്നാൽ, നിസാരമായി മൂന്നുവര്ഷത്തിനിടെ 2000 തവണയോളം പോലീസിനെ വിളിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് ഒരു 56 കാരി സ്ത്രീ.

വടക്കൻ ലണ്ടനിലെ ഹാരോയിൽ നിന്നുള്ള 56 കാരിയായ സോണിയ നിക്സൺ 2021 നും 2023 നും ഇടയിൽ എമർജൻസി നമ്പറായ 999 ലേക്ക് 17 വ്യത്യസ്ത മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് 2000 തവണ വിളിച്ചത്. 2023-ൽ മാത്രം 1,194 തവണ ലൈനിലേക്ക് വിളിച്ചു. ആ വർഷം പോലീസ് സേനയിലേക്ക് ആവർത്തിച്ചുള്ള ആദ്യത്തെ മൂന്ന് കോളർമാരിൽ ഒരാളായി ഇതോടെ ഈ സ്ത്രീ മാറി.

കമ്മ്യൂണിക്കേഷൻസ് ആക്ട് 2003ൻ്റെ 668 ലംഘനങ്ങൾക്ക് ജനുവരിയിൽ നിക്‌സണെ അറസ്റ്റ് ചെയ്യുകയും കുറ്റങ്ങൾ ചുമത്തുകയും ചെയ്തു. അറസ്റ്റിനുശേഷവും ഇവർ ഒരു ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു, ഇങ്ങനെ പലതരത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കി ക്രിമിനൽ നാശനഷ്ടത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഒടുവിൽ ഇവർക്ക് ജയിൽ തടവ് വിധിച്ചിരിക്കുകയാണ്. ഇപ്പോൾ 22 ആഴ്ച തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

ഭക്ഷണമെവിടെ എന്നും പെൻഷൻ ഡിപ്പാർട്മെന്റിന്റെ നമ്പർ ഏതാണ് എന്നും, പറഞ്ഞ സാധനം എത്തിക്കാത്തതെന്ത് എന്നുമൊക്കെ ചോദിച്ചാണ് ഇവർ വിളിച്ച് ശല്യം ചെയ്തിരുന്നത്. ഇവരുടെ കോളുകൾ കാരണം, പലർക്കും കൃത്യസമയത്ത് സഹായമെത്തിക്കാൻ പോലും പറ്റിയിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.

Story highlights- Woman called emergency number more than 2000 times