അന്ധയായതിനാൽ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ടു; ഇന്ന് മഹാരാഷ്ട്ര സെക്രട്ടേറിയേറ്റിൽ സ്വപ്നജോലി

May 20, 2024

ഇരുപത്തിയഞ്ച് വർഷം മുമ്പ് മഹാരാഷ്ട്രയിലെ ജൽഗാവ് റെയിൽവേ സ്‌റ്റേഷനിൽ കാഴ്ച വൈകല്യമുള്ള ഒരു പെൺകുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു. ആരാണ് ആ കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നത് അജ്ഞാതമായിരുന്നു. അതുകൊണ്ടുതന്നെ ആ കുഞ്ഞിനെ പോലീസ് ഉദ്യോഗസ്ഥർ ഒരു റിമാൻഡ് ഹോമിലേക്ക് കൊണ്ടുപോയി. അതിന് ശേഷം അമരാവതിയിലെ പരത്വാഡയിലെ ബധിരരും അന്ധരുമായവർക്കായി മെച്ചപ്പെട്ട സജ്ജീകരണങ്ങളുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

എന്നാൽ ഇന്ന് ആ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് എന്നതല്ല മാലാ പപാൽക്കർ എന്ന യുവതിയുടെ വ്യക്തിത്വം. മാലാ പപാൽക്കർ മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ പാസായി, മുംബൈയിലെ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ ക്ലാസ് ത്രീ ജീവനക്കാരിയായി കരിയർ ആരംഭിക്കാൻ ഒരുങ്ങുകയാണ്.

വിജയമാണ് ഏറ്റവും നല്ല പ്രതികാരമെന്ന് അവർ പറയുന്നു, തെളിയിക്കുന്നു. കഴിഞ്ഞ 25 വർഷമായി തൻ്റെ ജീവിതത്തിലെ എല്ലാ ദിവസവും മാലാ പപാൽക്കർ അത് തെളിയിക്കുന്നു. അമരാവതിയിലെ പരത്വാഡയിലെ അന്ധരുടെയും ബധിരരുടെയും ഭവനത്തിൽ സാമൂഹിക പ്രവർത്തകനായ ശങ്കർ ബാബ പപാൽക്കറുടെ സംരക്ഷണയിലാണ് അവർ വളർന്നത്.

Read also: 76-ാം വയസിൽ സ്വന്തം റെക്കോർഡ് തകർത്ത് മാരത്തൺ ഓട്ടം- സ്റ്റാറായി മുത്തശ്ശി

ജന്മനാ അന്ധയായ മാലയുടെ കഠിനാധ്വാനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും തെളിവാണ് എംപിഎസ്‌സി പരീക്ഷയിലെ വിജയം. അമരാവതിയിലെ സർക്കാർ നിയന്ത്രണത്തിലുള്ള വിദർഭ മഹാവിദ്യാലയത്തിൽ നിന്ന് 2018-ൽ ബിഎ ബിരുദം പൂർത്തിയാക്കി തൻ്റെ വിദ്യാഭ്യാസം മാല തുടർന്നു.

Story highlights- Blind Maharashtra Woman Clears MPSC Exam