അടിച്ചു മോനേ! 50 കോടി ക്ലബ്ബിൽ ഇനി ‘ഗുരുവായൂരമ്പല നടയിൽ’; 1000 കോടി ക്ലബ്ബിൽ മലയാള സിനിമ

May 21, 2024

മലയാള സിനിമയിൽ കളക്ഷൻ ചരിത്രം വീണ്ടും തിരുത്തിക്കുറിച്ച് ‘ഗുരുവായൂരമ്പല നടയിൽ’ . റിലീസ് ചെയ്‌ത്‌ അഞ്ചാം ദിനത്തിൽ ഈ പൃഥ്വിരാജ്, ബേസിൽ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു കഴിഞ്ഞു . അതിനൊപ്പം മലയാള സിനിമയും കളക്ഷനിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. 2024ൽ റിലീസ് ചെയ്‌ത മലയാള സിനിമകൾ ലോകമെമ്പാടു നിന്നും 1000 കോടി കളക്ഷനും ഇതിനോടൊപ്പം പിന്നിട്ടു.

മെയ് 16ന് ലോകമെമ്പാടും റിലീസ് ചെയ്‌ത ‘ഗുരുവായൂരമ്പല നടയിൽ’ അഞ്ച് ദിവസം കൊണ്ട് 50.2 കോടി രൂപയാണ് കളക്ഷൻ നേടിയത്. കേരളത്തിൽ നിന്ന് 21.8 കോടി രൂപ കളക്റ്റ് ചെയ്തപ്പോൾ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ നിന്ന് 4.2 കോടി രൂപ ചിത്രം നേടി. വിദേശ രാജ്യങ്ങളിൽ നിന്ന് 24.2 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്.

നേരത്തെ പൃഥ്വിരാജിൻ്റെ തന്നെ ‘ആടുജീവിതം’ ആണ് 4 ദിവസം കൊണ്ട് 50 കോടി കളക്ഷൻ പിന്നിട്ട് റെക്കോർഡ് സൃഷ്ടിച്ചത്. അതിനു തൊട്ടു പിന്നിലായി ‘ഗുരുവായൂരമ്പല നടയിലും’ സ്ഥാനം പിടിച്ചു കഴിഞ്ഞു. എന്നാൽ ഓവർസീസ് മാർക്കറ്റിൽ പലയിടത്തും ‘ആടുജീവിത’ത്തേക്കാൾ വരവേൽപ്പ് ഈ ഫാമിലി കോമഡി എന്റർടെയിനർക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്.

‘ജയ ജയ ജയ ജയ’ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്‌ത ഗുരുവായൂരമ്പല നടയിലി’ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ് ‘ഗുരുവായൂരമ്പല നടയിൽ’ നിർമ്മിച്ചിരിക്കുന്നത്.

Read also: അന്ധയായതിനാൽ ചവറ്റുകുട്ടയിൽ ഉപേക്ഷിക്കപ്പെട്ടു; ഇന്ന് മഹാരാഷ്ട്ര സെക്രട്ടേറിയേറ്റിൽ സ്വപ്നജോലി

ഛായാഗ്രഹണം – നീരജ് രവി, എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം- അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി.

Story highlights- guruvayoor ambalanatayil movie has entered the 50 crore club