ഇത് ദുബായ് ജോസിനും മേലെ! ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ പ്രേക്ഷകരിൽ ചിരി നിറച്ച് അടിച്ചു കയറി റിയാസ് ഖാൻ

May 31, 2024

റിയാസ് ഖാൻ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. 20 വർഷം മുമ്പ് ‘ജലോത്സവം’ എന്ന ദിലീപ് – സിബി മലയിൽ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിൽ റിയാസ് അവതരിപ്പിച്ച ദുബായ് ജോസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗുകൾ വീണ്ടും ഹിറ്റായിരിക്കുകയാണ്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായ ദുബായ് ജോസിന്‍റെ ‘അടിച്ചു കേറിവാ’ എന്ന ഡയലോഗാണ് ഇപ്പോള്‍ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ തിയേറ്ററുകളിലും റിയാസ് ഖാൻ വേറിട്ട വേഷപ്പകർച്ചയിലൂടെ നിറയുകയാണ്.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ രസകരമായൊരു വേഷത്തിലെത്തി ഞെട്ടിച്ചിരിക്കുകയാണ് റിയാസ് ഖാൻ. ചിത്രത്തിലെ വില്ലന്‍റെ സുഹൃത്തായ പീറ്റർ എന്ന കഥാപാത്രമായി ഇതുവരെ കാണാത്ത ലുക്കിലും ഗെറ്റപ്പിലുമാണ് റിയാസ് ഖാൻ ചിത്രത്തിൽ എത്തിയിരക്കുന്നത്. ദുബായ് ജോസ് വൈറലായിരിക്കുന്ന സമയത്ത് തന്നെ ഇത്തരത്തിലൊരു വേഷം എത്തിയത് ഏവരും ആഘോഷമാക്കിയിരിക്കുകയാണ്. തിയേറ്ററുകളിൽ വൻ കരഘോഷത്തോടെയാണ് റിയാസ് ഖാൻ വരുന്ന രംഗങ്ങളിൽ പ്രേക്ഷകർ ആ കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത് ദുബായ് ജോസിനും മേലേ’ എന്നൊക്കെയാണ് പ്രേക്ഷക പ്രതികരണങ്ങൾ.

Read also: കേരളത്തിൽ ഇന്ന് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

റാഫിയുടെ തിരക്കഥയിൽ നാദിര്‍ഷ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ എത്തിയിരിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ഒരു സർപ്രൈസ് ഹിറ്റടിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. പ്രണയവും ആക്ഷനും നർമ്മ രംഗങ്ങളും ത്രില്ലിംഗ് നിമിഷങ്ങളും ഒക്കെയായി എല്ലാം ഒത്തുചേർന്നൊരു ചിത്രമെന്നാണ് പ്രേക്ഷകരേവരും ചിത്രത്തെ വാഴ്ത്തിയിരിക്കുന്നത്. മുബിൻ റാഫിയും ദേവിക സഞ്ജയും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

Story highlights- riyaz khan’s impressive character in once upon a time kochi movie