ഭവാനിസാഗർ ഡാം വറ്റിവരണ്ടു; ദൃശ്യമായത് 750 വർഷം പഴക്കമുള്ള ക്ഷേത്രം
കടുത്ത വേനൽ ഇന്ത്യയിൽ ഭീകരമായ പരിസ്ഥിതി ആഘാതങ്ങളാണ് ഏൽപ്പിച്ചിരിക്കുന്നത്. വരൾച്ചയിൽ എന്നാൽ ചില പുതിയ കാര്യങ്ങളും ഉണ്ടാകുന്നുണ്ട്. ഇപ്പോഴിതാ, ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ഡാം റിസർവോയർ പ്രദേശത്തെ 600 വർഷം പഴക്കമുള്ള ഡാണയ്ക്കൻ കോട്ട, മാധവരായ പെരുമാൾ, സോമേശ്വരർ, മംഗളാംബികൈ ക്ഷേത്രങ്ങൾ അണക്കെട്ടിലെ വെള്ളം കുറഞ്ഞതിനെ തുടർന്ന് ദൃശ്യമായി. ഇപ്പോൾ 750 വർഷം പഴക്കമുള്ള മാധവരായ പെരുമാൾ ക്ഷേത്രമാണ് ദൃശ്യമായിരിക്കുന്നത്.
ഈ ക്ഷേത്രങ്ങൾ അണക്കെട്ട് നിർമ്മിക്കുന്നതിന് മുമ്പ് പ്രദേശത്ത് താമസിച്ചിരുന്ന ആളുകൾ നിത്യേന സന്ദർശിച്ചിരുന്ന ആരാധനാലയങ്ങളായിരുന്നു. അണക്കെട്ട് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ റിസർവോയർ പരിസരത്ത് താമസിക്കുന്ന ഗ്രാമീണർ ഭവാനിസാഗർ മേഖലയിൽ താമസമാക്കി. അവർ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹങ്ങൾ കൊണ്ടുവന്ന് ഭവാനിസാഗറിലെ കിസ്ഭവാനി ചാനലിൻ്റെ തീരത്ത് ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠിച്ചു.
1955-ൽ അണക്കെട്ടിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ പൂർണമായും കല്ലിൽ നിർമിച്ച ക്ഷേത്രങ്ങളും മണ്ഡപങ്ങളും അണക്കെട്ടിലെ വെള്ളത്തിൽ മുങ്ങി. കാലക്രമേണ അത് ശിഥിലമാകാൻ തുടങ്ങി. അണക്കെട്ടിലെ ജലനിരപ്പ് 105 അടിയിൽ നിന്നും 50 അടിക്ക് താഴെ താഴുമ്പോൾ, ദണയ്ക്കൻകോട്ടൈ മാധവരായ പെരുമാൾ ക്ഷേത്രം, സോമേശ്വരർ, മംഗളാമ്പികൈ ക്ഷേത്രങ്ങൾ എന്നിവ പുറത്ത് കാണാം.
2018 ൽ, ജലനിരപ്പ് താഴ്ന്നപ്പോൾ, ഈ ക്ഷേത്രങ്ങൾ ദൃശ്യമായി. അതിനുശേഷം 6 വർഷമായിട്ടും ജലനിരപ്പ് കുറയാത്തതിനാൽ ക്ഷേത്രങ്ങൾ കാണാനില്ലായിരുന്നു. ഇപ്പോൾ ജലനിരപ്പ് 46 അടിയായി താഴ്ന്നപ്പോഴാണ് മാധവരായ പെരുമാൾ ക്ഷേത്രം പൂർണ്ണമായും ദൃശ്യമായത്.
ഭവാനിസാഗർ അണക്കെട്ട് സംരക്ഷിത പ്രദേശമായതിനാൽ അണക്കെട്ടിലേക്കും റിസർവോയർ ഏരിയയിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ജലനിരപ്പ് ഇനിയും താഴ്ന്നാൽ വേറെയും ക്ഷേത്രങ്ങൾ കാണാൻ സാധിക്കും. അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതോടെ ഇവിടെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയിലാണ് പലരും.
Story highlights- temple visible under Bavanisagar dam