‘സാപ്പി മോനെ, ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’- വൈകാരിക കുറിപ്പുമായി മമ്മൂട്ടി

June 28, 2024

അപ്രതീക്ഷിതമായിരുന്നു നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റഷീൻ സിദ്ദിഖിന്റെ വേർപാട്. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലിരിക്കെ 37 വയസിലാണ് റഷീൻ സിദ്ദിഖ് വിടപറഞ്ഞത്. ഇന്നലെ വൈകിട്ടായിരുന്നു ഖബറടക്കം. സിദ്ദിഖിനെന്ന പോലെ പ്രിയങ്കരനായിരുന്നു സാപ്പി എന്ന വിളിപ്പേരുള്ള റഷീൻ സിദ്ദിഖ്, എല്ലാ സിനിമാപ്രവർത്തകർക്കും. ഒട്ടേറെ ആളുകളാണ് റഷീന്റെ ഓർമ്മകൾ പങ്കുവെച്ചത്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ വാക്കുകൾ നൊമ്പരപ്പെടുത്തുകയാണ്. ‘സാപ്പി മോനെ, ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..’ എന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്.

നിലവിൽ കുടുംബസമേതം ലണ്ടനിലായതിനാൽ മമ്മൂട്ടിക്ക് മരണാനാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചില്ല. റഷീൻ സിദ്ധിഖിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി കുറിപ്പ് പങ്കുവെച്ചത്. നടനും സംവിധായകനുമായ മധുപാലും സാപ്പിയുടെ ഓർമ്മകൾ പങ്കുവെച്ചിരുന്നു.

‘പ്രിയപ്പെട്ട സിദ്ധിക്കിക്ക അങ്ങയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ ഇരുന്നത്. അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തുന്നത് കണ്ടു. എത്രമാത്രം സ്നേഹത്തോടെ ആണ് അവനെ അടുത്തിരുത്തുന്നത്. ഒരച്ഛന്റെ സ്നേഹം കാണുകയും അനുഭവിക്കുകയുമായിരുന്നു. ആദരാഞ്ജലികൾ’- മധുപാൽ കുറിക്കുന്നു.

Read also: വീട്ടുജോലിക്കാരിയെ ഗംഭീര മേക്കോവറിൽ സൂപ്പർ മോഡലാക്കി മേക്കപ്പ് ആർട്ടിസ്റ്റ്!

എറണാകുളം മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. 37 വയസായിരുന്നു. മൂന്നുമക്കളാണ് നടൻ സിദ്ദിഖിന്. മൂത്ത മകനാണ് റഷീൻ.

Story highlights- mammootty about rashin siddique’s demise