ധൈര്യപൂർവ്വം കീഴടക്കുക; ലോക വിറ്റിലിഗോ ദിനത്തിൽ കുറിപ്പുമായി മംമ്ത മോഹൻദാസ്

June 26, 2024

ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും പ്രതിസന്ധികളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി മംമ്ത മോഹൻദാസ്. ക്യാൻസറിനെതിരായ പോരാട്ടത്തിൽ വിദഗ്ദ്ധ ചികിത്സക്കായി ലോസ് ഏഞ്ചൽസിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചും താരം പങ്കുവെച്ചിരുന്നു. ക്യാൻസറിനെ അതിജീവിച്ച മംമ്ത, മറ്റൊരു രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണ്. ശരീരത്തിന്റെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ ആണ് മംമ്തയെ ബാധിച്ചിരിക്കുന്നത്. ലോക വിറ്റിലിഗോ ദിനത്തിൽ താരം പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധനേടുകയാണ്.

‘വാനില ആകാശത്തെ തൊടുവാൻ വളരുന്ന ചോക്ലേറ്റ്’ എന്നാണ് മംമ്ത കുറിച്ചിരിക്കുന്നത്. ഒപ്പം ശരീരത്തിന്റെ നിറം നഷ്‌ടമായ അവസ്ഥയിലും ദിവസേന ഷൂട്ടിംഗിന് മുടക്കം സംഭവിക്കാതെ സഹായിക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് നന്ദിയും പറയുന്നു.

ഏതാനും നാളുകൾക്ക് മുൻപാണ് മംമ്ത നിറംനഷ്ടമാകുന്നതായി കണ്ടെത്തിയത്. അത് ആരാധകരുമായി പങ്കുവെച്ചിരുന്നു. ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ‘പ്രിയ സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ ആശ്ലേഷിക്കുന്നു.ഒടുവിൽ അങ്ങനെ കണ്ടെത്തി, എനിക്ക് നിറം നഷ്ടപ്പെടുന്നു…മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ ഞാൻ എല്ലാ ദിവസവും രാവിലെ നിനക്ക് മുമ്പിൽ എഴുന്നേൽക്കുന്നു. നിനക്കുള്ളതെല്ലാം തരൂ..നിന്റെ കൃപയാൽ ഇവിടെയും എന്നേക്കും ഞാൻ കടപ്പെട്ടവനായിരിക്കും’- മംമ്ത കുറിക്കുന്നു.

Read also: ശരീരത്ത് പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണം; ജപ്പാനിൽ പടർന്ന് പിടിച്ച് മംസംതീനി ബാക്റ്റീരിയ

കാൻസർ അതിജീവനത്തെക്കുറിച്ച് മികച്ച ബോധവൽക്കരണങ്ങൾ മംമ്ത നൽകാറുണ്ട്. രണ്ടുതവണ കാൻസറിനെ അതിജീവിച്ച നടി, വൈദ്യശാസ്ത്രത്തേക്കാൾ കൂടുതൽ മാനസികാവസ്ഥയ്ക്കാണ് രോഗത്തിൽ സ്വാധീനം ചെലുത്താൻ കഴിയുക എന്നും നിങ്ങൾ എങ്ങനെ ജീവിക്കുന്നുവെന്നും ചിന്തിക്കുന്നുവെന്നും തിരഞ്ഞെടുക്കുന്നതിലൂടെ കാൻസറിനെ മറികടക്കാൻ കഴിയും എന്നും പറയുന്നു.

Story highlights- mamta mohandas about vitiligo