വാർധക്യകാലത്ത് തുണയായ വളർത്തുനായ വിടപറഞ്ഞു; ഓർമ്മയ്ക്കായി മാർബിൾ പ്രതിമ നിർമിച്ച് കർഷകൻ
മിക്കപ്പോഴും, വളർത്തുമൃഗങ്ങളുള്ളവർ അവയെ മക്കളെന്ന പോലെയാണ് പരിപാലിക്കാറുള്ളത്. അവയുടെ സൗകര്യത്തിനും വിനോദത്തിനും മുൻതൂക്കം നൽകി സമയം ചിലവഴിക്കുന്ന ഒട്ടേറെ ആളുകൾ സമൂഹത്തിലുണ്ട്. വളർത്തുമൃഗങ്ങൾ നമുക്ക് സമ്മാനിക്കുന്ന സന്തോഷ നിമിഷങ്ങൾക്ക് വളരെയേറെ മൂല്യമുണ്ട്. അവയില്ലാത്ത ലോകം അപൂർണ്ണമായിരിക്കും. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തിന് സമ്മാനിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ അവ വിടവാങ്ങുമ്പോൾ മനസ്സിനേൽക്കുന്ന മുറിവും ചെറുതല്ല.
അത്തരത്തിൽ വളർത്തുനായയുമായി ഒരാൾ പുലർത്തിയ ആത്മബന്ധത്തിന്റെ കഥയാണ് ശ്രദ്ധനേടുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള 82 കാരനായ മുത്തു, ജീവൻ വെടിഞ്ഞ തന്റെ നായ ടോമിന്റെ സ്മരണയ്ക്കായി ഒരു മാർബിൾ പ്രതിമ നിർമ്മിച്ചിരിയ്ക്കുകയാണ്.ശിവഗംഗയിലെ മാനാമധുരയിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്ക്കായി 80,000 രൂപയാണ് വിരമിച്ച സർക്കാർ ജീവനക്കാരനായ മുത്തു ചെലവഴിച്ചത്.
ലാബ്രഡോർ ഇനത്തിൽപെട്ട നായയോട് തനിക്ക് വളരെയധികം വാത്സല്യമുണ്ടെന്നാണ് മുത്തു പറയുന്നത്. ജനുവരിയിലാണ് മുത്തു പ്രതിമ സ്ഥാപിച്ചത്. പതിനൊന്നുവർഷം മുൻപാണ് മുത്തുവിന് ടോമിനെ ലഭിച്ചത്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് ടോം മരണമടഞ്ഞത്. കാവലായവന് വേണ്ടി ഒരു ക്ഷേത്രമാണ് മാനാമധുരയ്ക്കടുത്തുള്ള ഒരു കൃഷിയിടത്തിൽ ഈ കർഷകൻ പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിൽ എല്ലാവർക്കും പ്രവേശനമുണ്ട്. ദിവസവും നായയുടെ പ്രതിമയ്ക്ക് വഴിപാടുകൾ അർപ്പിക്കുന്നുമുണ്ട്. വിശേഷാവസരങ്ങളിൽ നായയുടെ ഇഷ്ടഭക്ഷണവും വിളമ്പുന്നു.
Story highlights- man from Tamil Nadu builds marble statue in memory of his late dog