ട്വന്റി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ച് കിരീടം ചൂടി ഇന്ത്യ. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം. കന്നി കിരീടം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് നിരാശ. ക്ലാസനും മില്ലറും ഭീഷണി ഉയർത്തിയെങ്കിലും ഒടുവിൽ ബാർബഡോസിൽ ഇന്ത്യൻ ചിരി. ഇങ്ങനെയൊരു ഫൈനലിന്റെ രാത്രി ഇന്ത്യ മറക്കുകയുമില്ല.
ടി20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമാണ്. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശർമ എന്ന പേരും ആലേഖനം ചെയ്യപ്പെടുന്ന് ചരിത്ര നിമിഷം കൂടിയാണ് ബാർബഡോസ് സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ കിടിലൻ ബൗണ്ടറി ലൈൻ ക്യാച്ചാണ് ഇന്ത്യൻ വിജയത്തിന് ജീവൻ പകർന്നത്.
ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കം തന്നെ പതറിയിരുന്നു. എന്നാൽ ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തിൽ ക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല. ക്ലാസനും മില്ലറും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. വെടിക്കെട്ടോടെ ഇരുവരും ചേർന്ന് 15 ഓവറിൽ ടീമിനെ 147 ലെത്തിച്ചു. പിന്നെ കാര്യമായ അത്ഭുതങ്ങളൊന്നും തന്നെ സംഭവിച്ചില്ല.
17-ാം ഓവറിൽ ക്ലാസനെ ഹാർദിക് മടക്കിയതോടെ ഇന്ത്യൻ പ്രതീക്ഷ മടങ്ങിയെത്തി. 27 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം മടങ്ങിയത്. അപ്പോഴും ഭീഷണിയായി മില്ലർ ക്രീസിൽ നിലയുറച്ചിരുന്നു. എന്നാൽ 18-ാം ഓവറിൽ മില്ലറിനെ സൂര്യ കുമാർ തകർപ്പൻ ക്യാച്ചിലൂടെ മടക്കിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. പിന്നാലെയെത്തിയവർക്ക് ടീം സ്കോറിൽ വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 176 റൺസെടുത്തു. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ഫൈനലിൽ ഇന്ത്യയുടെ സ്‌കോർ മികച്ചതാക്കിയത് വിരാട് കോലിയും അക്‌സർ പട്ടേലും ശിവം ദുബെയും ചേർന്നാണ്. തുടക്കത്തിൽ തന്നെ ബിഗ് വിക്കറ്റുകൾ വീഴ്ത്തിയ സൗത്ത് ആഫ്രിക്കൻ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നതായിരുന്നു വിരാട് കോലി, അക്‌സർ പട്ടേൽ, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങൾ. രണ്ട് സിക്‌സും, ആറ് ഫോറും അടക്കം 59 ബോളിൽ നിന്ന് 76 റൺസ് മുതൽക്കൂട്ടിയായിരുന്നു കോലിയുടെ മടക്കം. ഒരു സിക്‌സും നാല് ഫോറും അടക്കം 16 ബോളിൽ നിന്ന് 27 റൺസെടുത്ത് കോലിക്ക് മികച്ച പിന്തുണ നൽകാൻ ദുബെക്കായി. നാല് സിക്‌സും ഒരു ഫോറും ചേർത്ത് 31 ബോളിൽ നിന്ന് 47 റൺസെടുത്ത അക്‌സർ പട്ടേലും ഇന്ത്യൻ നിരയിൽ ബാറ്റിങ് മികവ് കാട്ടിയ താരമായി.
Story highlights- T20 World Cup 2024 Final